സിംബാബ്‌വെക്കെതിരായ വമ്പന്‍ ജയം, ഇന്ത്യക്ക് റെക്കോര്‍ഡ്, ധവാനും ഗില്ലിനും അഭിമാന നേട്ടം

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ പത്തു വിക്കറ്റ് ജയത്തോടെ ടീം ഇന്ത്യ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. സിംബാബ്‌വെക്കെതിരെ ഏകദിനങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യ നേടുന്ന പതിമൂന്നാം ജയമാണ് ഇന്ന് ഹരാരെയില്‍ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ എതിര്‍ ടീമിനെതിരെ ഇന്ത്യ തുടര്‍ച്ചായായി 13 ജയങ്ങള്‍ നേടുന്നത് ഇതാദ്യമാണ്.

2013-2022വരെയുള്ള കാലയളവിലാണ് സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ 13 തുടര്‍ ജയങ്ങള്‍. 1988-2004 കാലയളവില്‍ ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായി 12 ഏകദിനങ്ങളില്‍ തോല്‍പ്പിച്ചതിന്‍റെ റെക്കോര്‍ഡാണ് ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരെ പുതുക്കി എഴുതിയത്. 1986-88 കാലയളവില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ തുടര്‍ച്ചയായി 11 മത്സരങ്ങളിലും 2002 മുതല്‍ 2005വരെയുള്ള കാലയളവില്‍ സിംബാബ്‌വെക്കെതിരെ തന്നെ ഇന്ത്യ തുടര്‍ച്ചയായി 10 ഏകദിനങ്ങളിലും ജയിച്ചിട്ടുണ്ട്


ധവാനും ഗില്ലിനും അഭിമാനനേട്ടം

പത്ത് വിക്കറ്റ് ജയത്തോടെ മറ്റൊരു അഭിമാന നേട്ടം കൂടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും സ്വന്തം പേരിലാക്കി. ഏകദിനങ്ങളില്‍ ഇന്ത്യ ഇതുവരെ നേടിയ പത്ത് വിക്കറ്റ് വിജയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ന് ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നേടിയ 190 റണ്‍സ്. ധവാന്‍ 113 പന്തില്‍ 81 റണ്‍സടിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍ 72 പന്തിലാണ് 81 റണ്‍സെടുത്തത്.

1998ല്‍ ഷാര്‍ജയില്‍ സിംബാബ്‌വെക്കെതിരെ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് 198 റണ്‍സടിച്ച് ജയിപ്പിച്ചതാണ് 10 വിക്കറ്റ് വിജയങ്ങളിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്. 2016ല്‍ സിംബാബ്‌വെക്കെതിരെ തന്നെ ഓപ്പണിംഗ് വിക്കറ്റില്‍ 126 റണ്‍സടിച്ച് ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയിട്ടുണ്ട്.