ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി കിളിമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള. സംസ്ഥാന തലത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകള്‍ സംഘടിപ്പിയ്ക്കുന്ന ആരോഗ്യമേളകളുടെ ഭാഗമായുള്ള മേളയുടെ ഉദ്ഘാടനം ഒ.എസ് അംബിക എംഎല്‍എ നിർവഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും കോവിഡ് പ്രതിരോധവും ലോകശ്രദ്ധ നേടിയെന്ന് എം.എൽ. എ പറഞ്ഞു. രക്തദാനം പോലെ അവയവദാനത്തെപ്പറ്റിയും നാം ബോധവാന്‍മാരാകേണ്ടതുണ്ടെന്നും അവയവദാനത്തിന് എല്ലാവരും മുന്നോട്ട് വരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
മേളയുടെ ഭാഗമായുള്ള സ്റ്റാളുകളുടെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംപി നിര്‍വഹിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളം ആരോഗ്യ രംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കിളിമാനൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസിൽ നടന്ന പരിപാടിയിൽ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി അധ്യക്ഷനായിരുന്നു.
പൊതുജനങ്ങളുടെ പങ്കാളിത്തമാണ് മേളയെ ശ്രദ്ധേയമാക്കിയത്. സ്റ്റാളുകളില്‍ രാവിലെ മുതല്‍ തിരക്ക് ആരംഭിച്ചിരുന്നു. പഴയകുന്നുമ്മേല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച വിളംബര ജാഥയില്‍ നൂറുകണക്കിന് പേർ പങ്കെടുത്തു. ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിളംബര ജാഥയില്‍ പങ്കെടുത്തു. ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി വിളംബര ജാഥ ബിപി മുരളി ഫ്‌ളാഗ് ഓഫ് ചെയ്തു.
വിപണന സ്റ്റാളുകള്‍ ഉള്‍പ്പടെ 33 സ്റ്റാളുകളാണ് സജ്ജമാക്കിയത്. അലോപ്പതി- ആയുഷ് വകുപ്പുകൾ, ഫയർഫോഴ്സ്, എക്സ്സൈസ്, ഐ സി ഡി എസ്, ഹരിതകര്‍മ്മ സേന, കുടുംബശ്രീ എന്നിവർ ഒരുക്കിയ സ്റ്റാളുകളും രക്തദാന രജിസ്‌ട്രേഷന്‍ ക്യാമ്പ്, പാലുൽപന്നങ്ങളുടെ വിപണനം , പോഷകാകാഹാര പ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. ജി ഗിരി കൃഷ്ണൻ, റ്റി ബേബി സുധ, പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു. ആരോഗ്യ പ്രവര്‍ത്തകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികളും മേളയില്‍ ശ്രദ്ധേയമായി.