കൊല്ലം ആലപ്പുഴ ജില്ലകളിലെ വാഹന മോഷണം: പ്രതികൾ പിടിയിൽ

കരുനാഗപ്പള്ളി: കൊല്ലം ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയ നാലു പേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. കൊല്ലം വെസ്റ്റ് തൃക്കടവൂർ കുരീപ്പുഴ വിളയിൽ കിഴക്കതിൽ ജിത്തു എന്ന് വിളിക്കുന്ന സിജു (19), കൊല്ലം വെസ്റ്റ് തൃക്കടവൂർ കുരീപ്പുഴ ജിജി ഭവനത്തിൽ ആദർശ് (19), പ്രായ പൂർത്തിയാകാത്ത മറ്റ് രണ്ട് പേരെയുമാണ് പോലീസ് പിടികൂടിയത്.

കൊല്ലം സിറ്റി പരിധിയിൽ നിന്ന് മാത്രം ഇരുപതിലധികം ഇരുചക്ര വാഹനങ്ങൾ ഇവർ മോഷ്ടിച്ചെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ന്യൂജൻ ഇനത്തിൽപ്പെട്ട ആഢംബര ബൈക്കുകൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് മോഷണം നടത്തി വന്നത്. വളരെ വിദഗ്ദ്ധമായി മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്കൂട്ടറുകളും കുറച്ചു നാൾ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് പൊളിച്ച് അഞ്ചാലുമൂട് ഭാഗത്തുള്ള ആക്രിക്കടയിൽ വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. രണ്ടാഴ്ച മുൻപ് കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറ്റോറിയത്തിന് സമീപത്തുള്ള വീട്ടിൽ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മതിൽ ചാടിക്കടന്ന ശേഷം പൂട്ടു പൊട്ടിച്ച് മോഷണം ചെയ്തെടുക്കുന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും നൂറിലധികം സി.സി.ടി.വി കൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. അന്വേഷണത്തിൽ പ്രതികൾ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയുടെ പലയിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷണം ചെയ്തുകൊണ്ട് പോയതായി അറിവായിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും ഒരാഴ്ച്ച മുൻപ് കാണാതായ പൾസർ ബൈക്കും ഇവരിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം സിറ്റി പോലീസ് മേധാവി മൊറിൻ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പനി അസിസ്റ്റന്റ് കമ്മിഷണർ പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എ.എസ്.ഐ മാരായ നൗഷാദ്, നിസ്സാമുദ്ദീൻ, സിപി മാരായ ഹാഷിം, സിദ്ദിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.