തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം.സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നല്‍കിയ നിവേദനം പതിവു നടപടിക്രമങ്ങള്‍ അനുസരിച്ച് എക്‌സൈസ് കമ്മിഷണര്‍ക്ക് കൈമാറി.ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്ക് നാണക്കേടാണെന്ന് പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാന്‍ഡായതിനാല്‍ പരാതി തള്ളാനാണ് സാധ്യത. തിരുവല്ലയിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ 4 ലൈനുകളിലായി 7500 കെയ്‌സ് ജവാന്‍ മദ്യമാണ് ഒരു ദിവസം ഉല്‍പാദിപ്പിക്കുന്നത്. 6 ഉല്‍പാദന ലൈനുകള്‍ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. 6 ലൈന്‍ കൂടി വന്നാല്‍ പ്രതിദിനം 10,000 കെയ്‌സ് അധികം ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ജവാന്റെ 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വില്‍ക്കുന്നത്.