*മന്ത്രി ജി.ആർ അനിൽ ഇടപെട്ട ഗാർഹിക പീഡന പരാതിയിൽ രണ്ടാം ഭർത്താവിനെ അറസ്റ്റ് ചെയ്തു.*

നാലാഞ്ചിറ സ്വദേശി ചെറി ചെറിയാൻ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശിനിയെയും ഇവരുടെ കുട്ടിയെയും ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് നിലവിൽ കേസ്. കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലെന്നും പൊലീസ് അറിയിച്ചു. 

പരാതി അന്വേഷിക്കാൻ വിളിച്ച മന്ത്രി ജി.ആർ അനിലിനോട് തട്ടിക്കയറിയതിന് വട്ടപ്പാറ സി.ഐക്കെതിരെ നടപടിയെടുത്തിരുന്നു. വ്ട്ടപ്പാറയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭർത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. തുടർന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നെടുമങ്ങാട് എംഎൽഎ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിക്കുന്നു. എന്നാൽ മൊഴി നൽകാനുൾപ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താൻ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ആളെ താൻ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാൽ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാൻ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയിൽ വ്യക്തമായി കേൾക്കാം. സി ഐ തന്നെയാണ് ശബ്ദരേഖ പുറത്ത് വിട്ടതെന്നാണ് അറിയുന്നത്.