വൃദ്ധനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മകനും മരുമകളും സഹോദരനും ചേർന്ന് അടിച്ചുകൊന്നു

ഭുവനേശ്വര്‍: സഹോദരനും മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ അടിച്ചുകൊന്നു. ഒഡീഷയില്‍ കൊരാപുത് ജില്ലയിലെ ആദിവാസി ഗ്രാമത്തിലാണ് സംഭവം.കുര്‍ഷ മാനിയാക എന്നയാളാണ് കൊല്ലപ്പെട്ടത്. ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം.

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കുര്‍ഷ മകന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് തകര്‍ത്തിരുന്നു. പിന്നാലെ കുര്‍ഷയും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് മകനും ഭാര്യയും കുര്‍ഷയുടെ സഹോദരനും ചേ‌ര്‍ന്ന് ഇയാളെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയും മരത്തടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മര്‍ദ്ദനം കണ്ട് ഗ്രാമത്തിലെ ചിലര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഒരാളെ അറസ്റ്റ് ചെയ്തു. ഒളിവില്‍പ്പോയ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.