ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികൻ ഗൗതം അദാനി

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികൻ ഇന്ത്യയിൽ നിന്നുള്ള ഗൗതം അദാനി. ബ്ലൂംബർഗ് ബില്യണയർ ഇൻഡെക്‌സ് പട്ടികയിൽ അദാനി മൂന്നാം സ്ഥാനത്ത് എത്തി. ലൂയി വിറ്റോൻ സ്ഥാപകനെ പിന്തള്ളി അദാനി ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്ലൂംബർഗിന്റെ ആദ്യ മൂന്ന് പട്ടികയിൽ ഇടം നേടുന്നത്. 137.4 ബില്യൺ ഡോളർ ആസ്ഥിയുള്ള ഗൗതം അദാനി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിനും തൊട്ട് പിന്നിലാണ്. 91.9 ബില്യൺ ഡോളറുമായി പതിനൊന്നാം സ്ഥാനത്ത് മുകേഷ് അംബാനിയുണ്ട്.

ജെഫ് ബെസോസിന്റെ ആസ്തി 251 ബല്യൺ ഡോളറാണ്. ഇലോൺ മസ്‌കിന്റെ ആസ്തി 153 ബില്യൺ ഡോളറാണ്.

അദാനി പോർട്ട്‌സ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിവയാണ് പ്രധാനമായും അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ. 1988ലാണ് കയറ്റുമതിക്കും ഇറക്കുമതിക്കുമായി അദാനി എന്റർപ്രൈസസ് തുടങ്ങിയത്. 1994ൽ മുന്ദ്ര പോർട്ടിൽ ഹാർബർ സൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനിക്ക് അനുമതി കിട്ടിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായി മാറി മുന്ദ്ര പോർട്ട്. 2009ൽ അദാനി ഊർജ മേഖലയിലേക്ക് കടന്നു. 2020ൽ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74% ഓഹരിയും അദാനി സ്വന്തമാക്കി.