ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കി: ക്ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ആര്‍ടിഎ

ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കി റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടെ നൂതന പദ്ധതികള്‍. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കുകയാണ്. ഒപ്പം ഓരോ ഉപഭോക്താവിന്റെയും അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനത്തിനും തുടക്കമായിട്ടുണ്ട്.ദുബൈയിലെ ഡൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ ഡിജിറ്റല്‍, സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറ‍‍ഞ്ഞു.ക്ലിക്ക് ആന്റ് ഡ്രൈവ്‍ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികളുടെ 92 ശതമാനം ഡിജിറ്റല്‍വത്കരണം നടപ്പാക്കുന്ന പദ്ധതിയാണിത്. സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവ് വരും. നിലവിലുള്ള 20 മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റിലേക്ക് സേവനങ്ങളുടെ സമയ പരിധി എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ 12 സ്റ്റെപ്പുകളിലൂടെ പൂര്‍ത്തിയായിരുന്ന നടപടിക്രമങ്ങള്‍ ഏഴ് സ്റ്റെപ്പുകളിലേക്ക് ചുരുങ്ങും. ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ഉപഭോക്താക്കളുടെ സന്ദര്‍ശനങ്ങളില്‍ 53 ശതമാനം കുറവ് വരും. ഒപ്പം ഉപഭോക്താക്കളുടെ സംതൃപ്തി 93 ശതമാനത്തില്‍ നിന്ന് 97 ശതമാനത്തിലേക്ക് ഉയരും. സേവന വിതരണ സമയം 87 ശതമാനത്തില്‍ നിന്ന് 97 ശതമാനമായി മെച്ചപ്പെടും. സേവനങ്ങള്‍ ഉപയോഗിക്കാനുള്ള എളുപ്പം 88 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി ഉയരുമെന്നും മത്തര്‍ അല്‍ തായര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.വാഹന ലൈസന്‍സുകളുടെ ഡിജിറ്റൈസേഷനിലൂടെ ഇപ്പോഴുള്ള ലൈസന്‍സിങ് സേവനങ്ങള്‍ പൂര്‍ണമായും പുതിയ രീതികളിലേക്ക് മാറും. ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ പ്രായോഗികവത്കരിക്കുന്നതിലൂടെ സ്‍മാര്‍ട്ട് ചാനലുകളിലൂടെയുള്ള പേപ്പര്‍ രഹിത സേവനങ്ങള്‍ക്ക് നിലവിലുള്ള രീതികള്‍ വഴിമാറും. നിലവിലുള്ള വാഹന ലൈസന്‍സിങ് സംവിധാനങ്ങളുടെ 50 ശതമാനത്തിലും മാറ്റം വരുത്താനാണ് ആര്‍ടിഎയുടെ പദ്ധതി. ഈ വര്‍ഷത്തെ അവസാന പാദത്തില്‍ ഇത് പൂര്‍ണമായി പ്രായോഗികമാവും. സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെ ഇതിന്റെ ആദ്യഘട്ടം ഇപ്പോള്‍ തന്നെ പ്രായോഗികമായിട്ടുണ്ട്. ഇതിലൂടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കാലതാമസവും കുറയ്ക്കാനാവും.കണ്ണ് പരിശോധന ഇനി എവിടെയുംമേഖലയിലെ ആദ്യത്തെ മൊബൈല്‍ ഐ ടെസ്റ്റിങ് കേന്ദ്രവും പ്രവര്‍ത്തനം തുടങ്ങി. അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍സാണ് ഇത് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. മറ്റ് സേവന ദാതാക്കളുമായി ചേര്‍ന്ന് ഇത് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഓരോ ഉപഭോക്താവും തെരഞ്ഞെടുക്കുന്ന സമയത്ത് അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തുവെച്ച് കാഴ്ച പരിശോധന നടത്താനാവും. ഇതിനായി പ്രത്യേക അധിക ഫീസ് നല്‍കണം. കാഴ്ച പരിശോധന പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനും സാധിക്കും.അല്‍ ജാബിര്‍ സപ്പോര്‍ട്ട് സെന്ററുമായി ബന്ധപ്പെട്ടാണ് മൊബൈല്‍ ഐ ടെസ്റ്റിങ് ബുക്ക് ചെയ്യേണ്ടത്. ഫീസ് അടയ്ക്കാനും പരിശോധനാ സമയം തെരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. പരിശോധന പൂര്‍ത്തിയായ ഉടന്‍ പരിശോധനാ ഫലം ഡൗണ്‍ലോ‍ഡ് ചെയ്യാം. പുതിയ ലൈസന്‍സിന്റെ ഇലക്ട്രോണിക് കോപ്പിയോ പ്രിന്റോ ഉപഭോക്താവിന് അപ്പോള്‍ തന്നെ ലഭ്യമാവുകയും ചെയ്യും.