ലഹരിമരുന്ന് ഉപയോഗം; സ്കാൻ ബസിൽ കയറ്റി ഡ്രൈവറുടെ ഉമിനീർ പരിശോധിക്കും.

തിരുവനന്തപുരം∙ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നതു തടയാൻ കേരള പൊലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനം നിലവിൽവന്നു. ശാസ്ത്രീയ പരിശോധന നടത്തി ഇനി നിയമ നടപടി സ്വീകരിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റും ഉപയോഗിച്ചായിരിക്കും പരിശോധന.

സ്കാൻ ബസിൽ കയറ്റി ഡ്രൈവറുടെ ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ് കേരള പൊലീസിന് കൈമാറി. ബസിന്റെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റെയും പൊലീസിന്റെയും കൂട്ടായ്മയായ 'റോപ്' പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ലഹരി ഉപയോഗത്തിനെതിരായി വിപുലമായ ക്യാംപെയ്ൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും. ബസും പരിശോധനാ ഉപകരണവും കിറ്റും അടക്കം 50 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ പൊലീസിനു കൈമാറിയ റോട്ടറി ക്ലബ്ബിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മാർച്ച് 31നു മുൻപ് ഇത്തരം 15 ബസുകൾ കൂടി റോട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലഹരിമരുന്ന് ഉപയോഗിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താനുള്ള പരിശോധന ഇതുവരെ ലഭ്യമായിരുന്നില്ലെന്ന് വിജിലൻസ് ഡയറക്ടർ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. ചടങ്ങിൽ ഡിജിപി അനിൽകാന്ത് അധ്യക്ഷത വഹിച്ചു. എഡിജിപി കെ.പത്മകുമാർ, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോൻ, റോപ്പിന്റെ ചീഫ് കോ ഓർഡിനേറ്റർ സുരേഷ് മാത്യു, കെ.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.