ഇതെല്ലാം മനുഷ്യനിര്‍മിത ദുരന്തങ്ങളാണ്, ആളുകള്‍ മരിക്കുമ്പോൾ എന്തിന് ടോള്‍ നല്‍കണം, കളക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലെ കുഴികള്‍മൂലം അപകടമുണ്ടായാല്‍ ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.ഇതെല്ലാം മനുഷ്യനിര്‍മിത ദുരന്തങ്ങളാണ്. ഇതിന്റെ ഉത്തരവാദികള്‍ ആരാണെന്നും കോടതി ചോദിച്ചു.സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെ‌ഞ്ചാണ് ഇക്കാര്യം ചോദിച്ചത്.

ആളുകള്‍ മരിക്കുമ്പോൾ എന്തിന് ടോള്‍ നല്‍കണം. ആരാണ് ടോള്‍ പിരിവ് തടയേണ്ടത്. ഈ മാസം 31ന് വിജിലന്‍സ് ഡയറക്ടര്‍ ഓണ്‍ലൈനില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. കോടതിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍, എറണാകുളം കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണുത്തി -കറുകുറ്റി ദേശീയപാതയില്‍ വീഴ്ച സംഭവിച്ചതായി തൃശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡ് പണി നടക്കുമ്ബോള്‍ ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.