എറണാകുളത്തെ എടിഎം തട്ടിപ്പ്: ഉപഭോക്താക്കൾക്ക് പണം തിരിച്ചു നൽകിയെന്ന് ബാങ്ക്

കൊച്ചി: എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലും നടന്ന എടിഎം തട്ടിപ്പില്‍ പണം നഷ്ടമായവര്‍ക്കു തുക തിരിച്ചുനല്‍കിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.പരാതിപ്പെട്ട ഇടപാടുകാര്‍ക്കും പരാതിപ്പെടാത്തതും തുക നഷ്ടപ്പെട്ടതുമായ മറ്റ് ഇടപാടുകാര്‍ക്കും കൃത്യമായ പരിശോധനയ്ക്കു ശേഷം തുക പൂര്‍ണമായി തിരിച്ചു നല്‍കിയെന്ന് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

തട്ടിപ്പു നടന്ന വിവരം അറിഞ്ഞ ഉടന്‍ ബാങ്കിന്റെ ഭാഗത്തു നിന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും കളമശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിജിപി, എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതികള്‍ സമര്‍പ്പിച്ചിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാനും മറ്റു ബാങ്കുകളുടെ എടിഎമ്മിലും തട്ടിപ്പു നടത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനും പൊലീസ് നടത്തിയ സമയോചിത ഇടപെടലിനെ ബാങ്ക് അഭിനന്ദിച്ചു.

മെഷീനില്‍ നിന്ന് കറന്‍സി പുറത്തു വരുന്ന ഭാഗത്ത് കൃത്രിമ തടസ്സമുണ്ടാക്കിയാണ് തട്ടിപ്പുകാര്‍ പണം കവരാന്‍ ശ്രമിച്ചത്. പണം പുറത്തു വരാതാകുന്നതോടെ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടുവെന്ന് കരുതി ഉപഭോക്താവ് മടങ്ങിയ ശേഷം ഈ കൃത്രിമ തടസ്സം നീക്കി പണം തട്ടുകയായിരുന്നു ഇവരുടെ രീതി. സമാന തട്ടിപ്പുകള്‍ വിവിധ സംസ്ഥാനങ്ങളിലെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടന്നതായാണ് വിവരമെന്ന് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.