'കടലില്ലാതെ ജീവിതമാർഗ്ഗമില്ല': വിഴിഞ്ഞം തുറമുഖ കവാടത്തിൽ കരിങ്കൊടിയുമായി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരം. തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചാണ് പ്രതിഷേധം. അതിരൂപതയുടെ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ തുറമുഖ കവാടത്തിലേക്ക് കരിങ്കൊടിയേന്തി ബൈക്ക് റാലി സംഘടിപ്പിച്ചാണ് എത്തിയത്. നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികളാണ് ഇവർ ഉന്നയിക്കുന്നത്.
തുറമുഖ നിർമ്മാണം നിർത്തിവെച്ച് ശാസ്ത്രീയപഠനം നടത്തണം. പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. മുൻപ് പല തവണ സമരം നടത്തിയിട്ടും ആവശ്യങ്ങൾ പരിഗണിക്കാത്തതിനാലാണ് നാലാം ഘട്ടത്തിൽ സമരം ശക്തിപ്പെടുത്തുന്നത്. വീടെല്ലാം പൊയ്ക്കൊണ്ടിരിക്കുന്നു, മണ്ണെണ്ണ വില കുറച്ച് നൽകണം, തീരദേശം സംരക്ഷിക്കപ്പെടണം അർഹിക്കുന്ന പുനരധിവാസം ഉറപ്പുവരുത്തണം, ഉപജീവന മാർഗ്ഗം വികസനത്തിന്റെ പേരിൽ നഷ്ടപ്പെടുന്നു. വാഗ്ദാനം ചെയ്ത പാക്കേജ് കിട്ടണം എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങൾ.
തുടക്കത്തിൽ പറഞ്ഞതൊന്നും നിർവഹിക്കുന്നില്ലെന്നും എല്ലാത്തിൽ നിന്നും പിൻമാറുകയാണ് സർക്കാർ. അതിന് പരിഹാരം കാണാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സമരക്കാർ പറയുന്നു. കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വള്ളവും ജോലി സാധനങ്ങളും കൊണ്ടുള്ള മാർച്ച് നടത്തിയിട്ടും സർക്കാർ അനുകൂല നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പള്ളകളിൽ കറുത്ത കൊടി ഉയർത്തിയാണ് ഈ മാസം 31 വരെയുള്ള സമരത്തിന് ഇന്ന് തുടക്കമായിരിക്കുന്നത്.മുൻപ് സമരങ്ങൾ നടത്തിയെങ്കിലും അതൊന്നും തുറമുഖ കവാടത്തിലേക്കോ പദ്ധതി പ്രദേശത്തേക്കോ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തുറമുഖത്തിന്റെ നിർമ്മാണപ്രവർത്തനം ആരംഭിച്ച ശേഷം തീരശോഷണം ഉണ്ടായി. ഇതേത്തുടർന്ന് വീടും ജോലിയും ഇല്ലാതായി എന്നാണ് തൊഴിലാളികൾ പറയുന്നത് .മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമരമാണ് മത്സ്യത്തൊഴിലാളികൾ നടത്തുന്നത്. ശംഖുമുഖം മുതൽ പൊഴിയൂർ മേഖല വരെയുള്ള ഓരോ ഇടവകയിൽ നിന്ന് ഓരോ ദിവസവും സമരക്കാർ എത്തും. ഈ രീതി ഈ മാസം 31 വരെ തുടരും. അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ  സമരത്തിൽ അണിനിരന്നു. കടൽ തീരത്ത് നിന്ന് മാറിപ്പോയാൽ തങ്ങൾ എങ്ങനെ ജീവിക്കുമെന്നാണ് സമരക്കാർ ചോദിക്കുന്നത്.
കടലല്ലാതെ മറ്റൊരു ജീവിതമാർഗ്ഗമില്ല. ഇവിടെ നിന്ന് മാറി താമസിക്കാനാണ് പറയുന്നത്. എന്നാൽ ദൂരേക്ക് പോയാൽ എങ്ങനെ ജോലി ചെയ്യുമെന്നാണ് സമരക്കാർ ചോദിക്കുന്നത്. കടലിനേയും കരയേയും വിറ്റഴിച്ചുള്ള വികസനമാണ് നടപ്പിലാക്കുന്നത്. കടലിന്റെ മക്കളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും മരണം വരെ അനുവദിക്കില്ലെന്നാണ് സമരക്കാർ ആവർത്തിച്ച് പറയുന്നത്.