മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംഗീത സംവിധായകനായിരുന്ന ജോൺസൺൻ്റെ വേർപാടിന് പതിനൊന്നു സംവത്സരങ്ങൾ തികയുന്നു.ചലച്ചിത്ര ഗാനാസ്വാദകർക്ക് ഇത്രയും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ വേറെ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.ശ്രീ രവീന്ദ്രൻ്റെ അർദ്ധശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്ന ആസ്വാദകർ അതിനു സമാനമായോ ഉപരിയായോ ജോൺസൺൻ്റെ ലാളിത്യമാർന്ന സംഗീത രീതിയും വളരെ ഇഷ്ടപ്പെട്ടിരുന്നു. ഒരു വ്യാഴവട്ടത്തിലേക്കടുക്കുന്ന അദ്ദേഹത്തിൻ്റെ വേർപാട് മലയാള ചലച്ചിത്ര സംഗീതപ്രേമികൾക്ക് തീരാനഷ്ടം തന്നെയാണ്.
മലയാളത്തിലെ പ്രശസ്ത സംവിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതം നൽകിയത് അദ്ദേഹമാണ്.. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ജോൺസണു ലഭിച്ചു.1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി - മേരി ദമ്പതികളുടെ മകനായി ജനിച്ച ഈ മഹാപ്രതിഭ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. തൃശൂരിൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഭാവഗായകൻ പി. ജയചന്ദ്രനാണ് സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിക്കൊടുത്തത്.മൂന്നു ദശാബ്ദത്തോളം സംഗീത സംവിധാന രംഗത്തും പശ്ചാത്തല സംഗീതരംഗത്തും ശോഭിച്ചു.2011 ആഗസ്റ്റ് 18 ന് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ കാട്ടുപക്കത്തെ വീട്ടിൽ വച്ച് ഈ ലോകത്തോട് വിട വാങ്ങി.ഭാര്യ റാണി, മക്കൾ :ഷാൻ, റെൻ. സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന റെൻ ജോൺസൺ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തിൽ മരണപ്പെട്ടു.മകളും ഗായികയുമായിരുന്ന ഷാൻ ജോൺസൺ 2016 ഫെബ്രുവരി 5-ന് ഹൃദയാഘാതത്തെത്തുടർന്നും മരണപ്പെട്ടു.
ജോൺസൺൻ്റെ ഹൃദയഹാരിയായ ഗാനങ്ങളിലൂടെ:
അദ്ദേഹത്തിൻ്റെ സംഗീത രീതികൾ ഇഷ്ടപ്പെടാൻ കാരണങ്ങൾ ഒരുപാടുണ്ട്.
സംഗീതപ്രേമികളേവർക്കും ഏറ്റവും ഇഷ്ടമുള്ള സംഗീത സംവിധായകൻ ജോൺസൺ തന്നെയാണ്. പഴയകാലത്തെ ഗാനശേഖര
കാസററുകളിൽ ജോൺസൺ മാഷുടേയും രവീന്ദ്രൻ മാഷിൻ്റേയും ഗാനങ്ങളായിരുന്നു തൊണ്ണൂറു ശതമാനവും. സംഗീതത്തിന്റെ ബാലപാഠം പോലും അറിയാത്തവരെ ശാസ്ത്രീയ സംഗീതത്തിന്റെ ഉത്തുംഗശ്യംഗത്തിലേക്ക് കയറി വൈഭവം പ്രകടിപ്പിക്കാൻ ജോൺസൻ മാഷ് ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല. ഗോപികേ നിൻ വിരൽ: എത്ര ഹൃദ്യമായ ഗാനം.ശോകഭാവം ആസ്വാദകരിൽ നിറയുന്നു. താനേ പൂവിട്ട മോഹം എന്ന ഗാനം 'ആ ചിത്രത്തിന്റെ രംഗത്തിന് കഥാസന്ദർഭത്തിന് അനുയോജ്യമായതിനാൽ പ്രേക്ഷകഹൃദയം ദു:ഖസാന്ദ്രമാകുക യും ചെയ്യും. അനുരാഗിണി ഇതാ കരളിൽ വിരിഞ്ഞ പൂക്കൾ എന്ന അതിലളിതമായ ഗാനം ഒരു കുടക്കീഴിൽ എന്ന സിനിമ ഇറങ്ങിയ 84 കാലഘട്ടത്തിൽ അത്ര ശ്രദ്ധേയമായിരുന്നില്ല. ചാനലുകളിലെ സംഗീത പരിപാടികളിൽ കുട്ടികൾ പാടി ഹിറ്റ് ആക്കിയ ആ ഗാനം തരംഗിണിയുടെ ലളിതഗാനമാണെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത് .
ഇനിയൊന്നുപാടൂ ഹൃദയമേ എന്ന ലാളിത്യമാർന്ന ഗാനം എത്രകേട്ടാലും മതിവരില്ല. പാതിരാ പുള്ളുണർന്നു എന്ന ഗാനം പല്ലവിയിലും അനുപല്ലവിയിലും ചരണത്തിലും വ്യത്യസ്ത രാഗഭാവങ്ങൾ കൊണ്ട് നിറച്ച് സംഗീതം നിർവ്വഹിച്ചതാണ്..ആസ്വാദക ഹൃദയങ്ങൾ ഇപ്പോഴും പാടി നടക്കുന്നു. യേശുദാസിന്റെ സംഗീത മാധുര്യം മുഴവൻ പ്രകടിപ്പിക്കാൻ കഴിഞ്ഞ ഗാനം .. ജോൺസൺ മാഷുടെ പാട്ടിന്റെ
B G M അല്ലെങ്കിൽ ഒരു ബിറ്റ് കേട്ടാൽ ഏവർക്കും തിരിച്ചറിയാൻ കഴിയും അദ്ദേഹത്തിന്റെ കൈയൊപ്പ് എല്ലാ ഗാനത്തിലും ഉണ്ട്.
തൂവാനത്തുമ്പികൾ എന്ന സിനിമയിലെ പ്രണയ രംഗങ്ങൾക്കും അതിതീവ്രമായ മറ്റു രംഗങ്ങൾക്കും പ്രത്യേക സന്ദർഭങ്ങളിൽ അകമ്പടിയായി വരുന്ന മഴയുടെ താളത്തിന് ആരവത്തിന് ആരോഹണാവരോഹണത്തിന് തികച്ചും യോജിക്കുന്ന ഹൃദയത്തിൽ തട്ടുന്ന പശ്ചാത്തലസംഗീതം നിർവ്വഹിച്ച ജോൺസൺൻ്റെ സംഗീതവൈഭവം എടുത്തു പറയാതിരിക്കാൻ കഴിയില്ല. വന്ദനത്തിലും ഇദ്ദേഹം തന്നെയാണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചത്.
.ഗാനത്തിനിടയിലെ മണിയടി ശബ്ദം ജോൺസന്റെ മാത്രം ഹൈലൈറ്റ് ആണ്. ഓരോ ഗാനങ്ങൾക്കും ഏറ്റവും മനോഹരമായ ഹമ്മിങ് കൊടുക്കുന്ന അപൂർവ്വം സംഗീത സംവിധായകരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത് ജോൺസൺ മാഷ് തന്നെയാണ്. ആധാരം എന്ന സിനിമയിലെ മഞ്ചാടിമണികൊണ്ട് എന്ന ഗാനത്തിൽ മനോഹരമായ എത്രആസ്വാദ്യകരമായ ഹമ്മിങ്ങ് ആണ് നൽകിയത്. സമൂഹത്തിലെ തൂമഞ്ഞിൻ എന്ന ഗാനത്തിലും ഇമ്പമാർന്ന ഹമ്മിങ്ങ് ഉണ്ട്.പാർവ്വതി എന്ന സിനിമയിലെ നന്ദസുതാവര എന്ന ഗാനത്തിലൂടെയാണ് ജോൺസൺ ഏറെ ശ്രദ്ധിക്കപ്പെട്ടത്: കുറുനിരയോ എന്ന ഗാനവും അക്കാലത്ത് വലിയ ഹിറ്റ് ആയിരുന്നു' .ഇതു ഞങ്ങളുടെ കഥയിലെ സ്വർണ്ണമുകിലേ എന്ന ഗാനത്തോടെയാണ്കൂടുതൽ അവസരങ്ങൾ തേടിയെത്തിയത്.ഏതോ ജന്മകല്പനയിൽ, പൊന്നുരുകും പൂക്കാലം ആടിവാകാറ്റേ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലെന്നോ ,മോഹം കൊണ്ടു ഞാൻ ദൂരെയേതോ എന്നീ ഗാനങ്ങൾ കൂടുതൽ ശ്രദ്ധേയമായി. എന്റെ മൺ വീണയിൽ കൂടു കൂടണയാനൊരു, പൂ വേണം പൂപ്പട വേണം പൂമകൾ വേണം, മെല്ലെ മെല്ലെ മുഖപടം, കുന്നിമണി ചെപ്പു തുറന്നെന്നെ, മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ?'കണ്ണീർപൂവിന്റെ കവിളിൽ തലോടി, പളളിത്തേരുണ്ടോ, തങ്കത്തോണി (മഴവിൽക്കാവടി)ദൂരെ ദൂരെ സാഗരം തേടി (വരവേൽപ്പ്) പൂത്താലം വലം കയ്യിലേന്തി (കളിക്കളം) കണ്ണാടിക്കയ്യിൽ കല്യാണം കണ്ടോ പാതിമെയ് മറഞ്ഞതെന്തേ
(പാവം പാവം രാജകുമാരൻ,) മിഴിയിലെന്തേ നാണം ( ശുഭയാത്ര)നീല രാവിലിന്നു നിന്റെ താരഹാരമിളകീ, ഊഞ്ഞാലുറങ്ങി (കുടംബ സമേതം )എന്നീ ഗാനങ്ങൾ 90 കാലഘട്ടത്തിൽ ഗാനാസ്വാദകരുടെ മനം കവർന്നവയാണ്.
രാജഹംസമേ (ചമയം)മധുരം ജീവാമൃതബിന്ദു, പാതിരാ പാൽക്കടവിൽ (ചെങ്കോൽ) ഇനിയൊന്നുപാടു ഹൃദയമേ (ഗോളാന്തരവാർത്ത ) വെണ്ണിലാവോ ചന്ദനമോ (പിൻഗാമി)വെള്ളിത്തിങ്കൾ പൂങ്കിണ്ണം(മേലേപ്പറമ്പിൽ ആൺവീട് ) തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മൂന്നാഴിക്കനവ് ( സമൂഹം ) സൂര്യാംശു ഏതോ വയൽ പൂവിലും ,മൂവന്തിയായ് (പക്ഷേ )കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ, ദേവകന്യക സൂര്യതംബുരു മീട്ടുന്നു(ഈ പുഴയും കടന്ന്) ചന്ദനച്ചോലയിൽ, പഞ്ചവർണ്ണപ്പെങ്കിളിപ്പെണ്ണേ ( സല്ലാപം) ആദ്യമായ് കണ്ട നാൾ ,പാർവ്വതീ മനോഹരീ, സിന്ദൂരം പെയ്തിറങ്ങി
(തൂവൽ കൊട്ടാരം)എത്ര നേരമായ് (ഇരട്ട കുട്ടികളുടെ അച്ഛൻ ) അണിവൈരക്കല്ലുമാല (കുടമാറ്റം) ചൈത്രനിലാവിന്റെ (ഒരാൾ മാത്രം) കവിളിലൊരോമൽ (സ്വയംവരപന്തൽ) തുടങ്ങി ഏറ്റവും നല്ല ഗാനങ്ങൾ സൃഷ്ടിച്ചത് 2000 വരെയുള്ള കാലഘട്ടത്തിലാണ്.
എന്തേ കണ്ണനിത്ര കറുപ്പു നിറം ഫോട്ടോഗ്രാഫറിലെ ഗാനം ഏറെ നാളത്തെ ഇടവേളക്ക് ശേഷം സംഗീതം കൊടുത്തതാണ്.പൊന്നിൽ കുളിച്ചു നിന്ന ആ ' ചന്ദ്രികാ വസന്തം മലയാളികൾക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. മഞ്ചാടിമണി കൊണ്ട് മലയാളി സംഗീതാസ്വാദകരുടെ മാണിക്യച്ചെപ്പ് നിറച്ച് കണ്ണീർപൂവിന്റെ കവിളിൽ തലോടി പാലപ്പൂവിന്റെ ഗന്ധർവ്വ ലോകത്തേക്ക് പോയ ആ സംഗീത ചക്രവർത്തിക്ക് പ്രണാമം.