ഞായറാഴ്ച ഉച്ചയോടെയാണ് കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68)യെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി പത്തേമുക്കാലോടെയാണ് സമീപവീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. തുണി കൊണ്ട് കഴുത്തു മുറുക്കിയ നിലയിലും കാല്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവെച്ചിരുന്നു.
അയല്‍വീട്ടിലെ സ്ത്രീയുമായി വഴക്കുണ്ടായെന്നുംദേഷ്യം വന്ന് താന്‍ അവരെ തല്ലിയെന്നും ആദം അലി പറഞ്ഞതായി ഒപ്പം താമസിക്കുന്നയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ആദം അലി പറഞ്ഞതിന് പിന്നാലെ വിവരം കെട്ടിട ഉടമയെ അറിയിച്ചു. അതിനുശേഷമാണ് മനോരമയെ കാണാനില്ലെന്ന വിവരം അറിയുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. അതിഥിത്തൊഴിലാളികളില്‍ കുറച്ചു പേര്‍ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയില്‍ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അതിഥിത്തൊഴിലാളികള്‍ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്നത് മനോരമയുടെ വീട്ടിലാണ്. എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അതിഥിത്തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്നു. സംഭവ ദിവസം രാവിലെ മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. മനോരമയുടെ വീട്ടിലെ സ്ഥിതിഗതികള്‍ പ്രതി സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണത്തിനു പുറമേ മനോരമ അണിഞ്ഞിരുന്ന മാലയും വളകളും അക്രമി കവര്‍ന്നിട്ടുണ്ട്. ഭര്‍ത്താവ് ദിനരാജ് ശനിയാഴ്ച ബാങ്കില്‍ നിന്നും പിന്‍വലിച്ച 50,000 രൂപയാണ് കൊലപാതകി മോഷ്ടിച്ചത്. വീട്ടില്‍ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. ഇവിടെനിന്ന് മുങ്ങിയതിന് പിന്നാലെ ആദം ആലി ഒരു സിംകാര്‍ഡ് ആവശ്യപ്പെട്ട് വിളിച്ചതായി കസ്റ്റഡിയിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ആദം അലി പബ്ജി ഗെയിം പതിവായി കളിച്ചിരുന്ന ആളാണെന്നും പബ്ജിയില്‍ തോറ്റതിന്റെ പേരില്‍ അടുത്തിടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചതായും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഒരിക്കലും സ്ഥിരമായി ഒരു നമ്ബര്‍ ഉപയോഗിച്ചിരുന്നില്ല. അടിക്കടി സിം നമ്ബറുകളും ഫോണുകളും മാറ്റുന്നയാളാണ്.സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.
ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നു?
മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയും ഉയരമുള്ള മതില്‍ കടന്ന് ഇയാള്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നതിലും സംശയമുണ്ട്. കൃത്യത്തില്‍ മറ്റൊരുടെയെങ്കിലും സഹായമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിച്ചു വരികയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടില്‍നിന്നും നിലവിളി ശബ്ദവും ഞരക്കവും കേട്ടതായി അയല്‍വാസി പൊലീസിനോട് പറഞ്ഞു.