രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുൽത്താൻ അൽ നെയാദി. ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുൽത്താൻ അൽ നെയാദിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹം ആദ്യമായി സ്‌പേസ് സ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 2023 ൽ ബഹിരാകാശത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.ബഹിരാകാശ യാത്രയ്ക്കായുള്ള തയാറെടുപ്പിന്റെ ഭാഗമായി കലിഫോർണിയയിലെ സ്പേസ് എക്സ് ആസ്ഥാനത്ത് എത്തിയ സഹയാത്രികർക്കൊപ്പമുള്ള അൽ നെയാദിയുടെ ചിത്രങ്ങളാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 180 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കാണ് അൽ നെയാദി തയ്യാറെടുക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11–ാമത്തെ രാജ്യമാകും യുഎഇ.ബഹിരാകാശേത്തേക്ക് പോകാൻ യുഎഇയിൽ നിന്നും ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽനെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരിക്കൊപ്പം അൽനെയാദിയെയും തെരെഞ്ഞെടുത്തിരുന്നത്. 2019 ലായിരുന്നു ആദ്യ ബഹിരാകാശ ദൗത്യം യുഎഇ നടത്തിയത്. ആ ദൗത്യത്തിൽ ഹസാ അൽ മൻസൂരി അതിൽ ഉൾപ്പെട്ടിരുന്നു. 4,022 പേരിൽ നിന്നാണ് അൽനെയാദിയും അൽമൻസൂരിയും തിരഞ്ഞെടുക്കപ്പെട്ടത്.