മകന് നേരെ ബസ് ജീവനക്കാർ കത്തിവീശി, പിതാവ് കുഴഞ്ഞുവീണു മരിച്ചു

ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ പിതാവ് കുഴഞ്ഞുവീണു മരിച്ചു.ഫോര്‍ട്ട്കൊച്ചി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്താണ് സംഭവം.

സൈഡ് കൊടുക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. കോഴിക്കോട്- വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി. അമിത വേഗത്തിലായിരുന്നു ബസ്.

ഫര്‍ഹാന്‍ ബസിനു മുന്‍പില്‍ കാര്‍ കൊണ്ടുവന്നിട്ടു. ഇതിനിടയില്‍ ബസ് ജീവനക്കാരന്‍ കത്തിയെടുത്ത് കുത്താന്‍ വന്നു. ഇത് തടഞ്ഞപ്പോഴാണ് ഫര്‍ഹാന്റെ കൈ മുറിഞ്ഞത്. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സമയം ബസ് ജീവനക്കാര്‍ വാഹനമെടുത്തു കടന്നുകളഞ്ഞു