പൊതു ഇടങ്ങളിൽ ഉച്ചത്തിൽ സംസാരിച്ചാൽ പിഴ; പുതിയ നിയമവുമായി സൗദി

പൊതു ഇടങ്ങളിൽ ബഹളം വെച്ച് മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ ഉറക്കെ സംസാരിച്ചാൽ പിഴ ഏർപ്പെടുത്തി സൗദി. പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദമര്യാദയും പ്രധാനമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംസാരിച്ചാൽ പിഴയാണ് ശിക്ഷ. രാജ്യത്ത് താമസിക്കുന്നവരെയോ സന്ദർശനത്തിന് എത്തുന്നവരെയോ ഭീഷണിപ്പെടുത്തുകയോ അപകടത്തിൽ പെടുത്തുന്ന തരത്തിൽ പെരുമാറുകയോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്താൽ 100 റിയാൽ അതായത് ഏകദേശം 2100 രൂപയാണ് പിഴ. (fines will fall in saudi if speech is disturbed others)പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യരുത്. സ്ത്രീയും പുരുഷനും മാന്യമായ വസ്ത്രം ധരിക്കണം, അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല, അനുവാദം കൂടാതെ ആരുടെയോ ഫോട്ടോയോ വീഡിയോയോ പകർത്താൻ പാടില്ല, പ്രാർഥനാ സമയത്ത് ഉച്ചത്തിൽ പാട്ടുവയ്ക്കരുത് തുടങ്ങിയവയെല്ലാം സൗദിയിലെ പൊതു മര്യാദാ ചട്ടങ്ങളുടെ ഭാഗമാണ്. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്.നിയമം പാലിക്കാത്തവർക്ക് ശിക്ഷ നടപടികൾ നേരിടേണ്ടി വരും. ഏത് തരത്തിലുള്ള നിയമലംഘനമാണോ നടത്തിയത് അതനുസരിച്ചാണ് ശിക്ഷ. 750 രൂപ മുതൽ 1.26 ലക്ഷം വരെയാണു പിഴ. ഉപദ്രവിക്കുക, ശല്യപ്പെടുത്തുക, അസൗകര്യം ഉണ്ടാക്കുക തുടങ്ങിയവയ്ക്ക് കടുത്ത ശിക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.