സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ( yellow alert in 8 districts kerala )കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വടക്കൻ കേരളത്തിൽ മഴ കനക്കും.തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദപാത്തിയും മധ്യ കിഴക്കൻ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.കിഴക്കൻ മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് നിർദേശം. അതേസമയം കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് തടസമില്ല. കർണാടകതീരത്ത് വിലക്ക് തുടരുമെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് 372 ക്യാമ്പുകളിലായി ഇതുവരെ 14,482 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ദുരന്തനിവാര പ്രവർത്തനങ്ങൾക്കായി 11 എൻഡിആർഎഫ് സംഘങ്ങൾ വിവിധ ജില്ലകളിൽ തുടരുകയാണ്.