മലയാളിയായ 8 വയസ്സുകാരി ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ചുമരിച്ചു; തളിച്ചത് വീട്ടുടമ

ബെംഗളൂരു • കണ്ണൂർ സ്വദേശിനിയായ 8 വയസ്സുകാരി കീടനാശിനി ശ്വസിച്ചു മരിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോമ്പിൻ രായരോത്ത് വിനോദിന്റെ മകൾ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വസന്തനഗർ മാരിയമ്മ‍ൻ ക്ഷേത്രത്തിനു സമീപം ഇവർ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നാണു വിഷബാധയേറ്റത്.വിനോദും കുടുംബവും കഴിഞ്ഞയാഴ്ച നാട്ടിൽ പോയ സമയത്താണ് വീട്ടുടമ മുറിക്കുള്ളിൽ കീടനാശിനി തളിച്ചത്. നാട്ടിൽനിന്ന് വിനോദും കുടുംബവും തിങ്കളാഴ്ച പുലർച്ചെ തിരിച്ചെത്തി. ഇവർ കുറച്ചുനേരം കിടന്നുറങ്ങി. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം തോന്നിയിരുന്നു. നേരത്തേ സൂക്ഷിച്ചിരുന്ന ജാറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചു.കുറച്ചുകഴിഞ്ഞപ്പോൾ 3 പേരും തളർന്നുവീണു. ആംബുലൻസിൽ വസന്തനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഹാന രാത്രി മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൈഗ്രൗണ്ട് പൊലീസ് കേസ് അന്വേഷിക്കുന്നത്.