ആറ്റിങ്ങൽ: രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭ പരിധിയിലെ എല്ലാ വീടുകളിലും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിന്റെ ഭാഗമായി നഗരസഭ കൗൺസിലർമാർക്ക് ദേശീയ പതാക കൈമാറി കൊണ്ട് സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് നഗരസഭ.തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നഗരസഭയിലെ കൗൺസിലർമാർക്ക് പതാക കൈമാറി. ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീക്ക് കീഴിലെ നൻമ , വിഗ്നേശ്വര തുടങ്ങിയ 2 അയൽക്കൂട്ടം യൂണിറ്റുകളാണ് ദേശീയ പതാകയുടെ നിർമ്മാണ ചുമതലയേറ്റെടുത്തത്. ഏകദേശം 13 വനിതകൾ തുന്നിച്ചേർത്ത ത്രിവർണ്ണ പതാക ഇതിനോടകം വിവിധ സ്കൂളുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്തു. കൂടാതെ തിരുവനന്തപുരം എൻ.സി.സി ഓർഡർ നൽകിയിരുന്ന ആയിരം പതാകയും ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്ക് കൈമാറി. നഗരസഭ വൈസ്ചെയർമാൻ തുളസീധരൻ പിള്ള , നഗരസഭ കുടുംബശ്രീ എ.ഡി എസ് ചെയർപേഴ്സൺ റീജ നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.