കൊല്ലം: കൊല്ലത്ത് അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച മേരീ ടീച്ചര്‍ക്ക് സ്ലോ പോയിസണ്‍ നല്‍കിയതായി സംശയം.
ഓവര്‍ഡോസ് മരുന്നും കുത്തിവെച്ചതായി പൊലീസില്‍ പരാതി. ഫോറന്‍സിക്ക് പരിശോധനയും പൊലീസ് സര്‍ജന്റെ മേല്‍നോട്ടവും ഉണ്ടാകണം എന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ ദൂരുഹതകള്‍ ഏറി വരികയാണ്. കൊല്ലം കടപ്പാക്കട എന്‍ടിവി നഗര്‍ 71 ബിയില്‍ റിട്ട. അദ്ധ്യാപിക മേരിക്കുട്ടിയെയാണ് കൊല്ലം നഗരസഭയിലെ കൗണ്‍സിലര്‍ ഗീരിഷിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, സാമൂഹിക നീതി വകുപ്പ് ഓഫിസര്‍ പ്രസന്ന കുമാരി, വില്ലേജ് ഓഫിസര്‍ ആര്‍. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റ് പൊലീസ് ആശുപത്രിയിലേക്കു മാറ്റിയത്. ഒറ്റയ്ക്ക് കഴിയുക ആയിരുന്ന ടീച്ചറിനെ കാണാന്‍ എത്തിയ കൗണ്‍സിലര്‍ ടി.ജി.ഗിരീഷിന് അവിടെ കണ്ട അപരിചിതരായ ആളുകളില്‍ തോന്നിയ സംശയമാണ് പരാതി നല്‍കുന്നതിനും ടീച്ചറിനെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനും ഇടയാക്കിയത്.
75 കോടി രൂപയുടെ ആസ്തിയുള്ള ടീച്ചറിന്റെ അന്തരിച്ച മകന്റെ ഭാര്യയാണ് എന്നവകാശപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവതി കൊല്ലം മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. കടപ്പാക്കട കര്‍ണ്ണാടക ബാങ്കിലെ ഉദ്യോഗസ്ഥനായ മേരി ടീച്ചറിന്റെ മകന്‍ ദീപക്ക് ജോണ്‍, ഹൃദയാഘാതത്തെ തുടര്‍ന്ന് ഒന്നര കൊല്ലം മുന്‍പാണ് മരിച്ചത്. ഇയാള്‍ ആദ്യവിവാഹബന്ധം നിയമപരമായി ഒഴിഞ്ഞിരുന്നു. മകന്‍ മരിക്കുന്നത് വരെ ദീപക്ക് തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചിരുന്ന വിവരം ടീച്ചറിനെ അറിയിച്ചിരുന്നില്ല.
ദീപക്കിന്റെ മരണത്തിനോ അനുബന്ധ ചടങ്ങുകള്‍ക്കോ ഈ യുവതി എത്തിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ ഈ യുവതിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായും അവര്‍ക്ക് മുന്‍ബന്ധത്തില്‍ ഒരു കുട്ടി ഉണ്ടായിരുന്നു എന്നും വ്യത്യസ്ത മതമായതിനാല്‍ വീട്ടുകാര്‍ ഈ ബന്ധം സമ്മതിക്കില്ല എന്നും ദീപക്ക് തന്നോട് പറഞ്ഞിരുന്നതായി കൗണ്‍സിലര്‍ ഗിരീഷ് പറയുന്നു. യുവതി കേസു കൊടുത്തതോടെ മകന്റെ മരണത്തിന് നഷ്ടപരിഹാരമായി കിട്ടിയ തുക ടീച്ചറിന് എടുക്കാന്‍ സാധിച്ചിരുന്നില്ല. കോടതി തല്‍ക്കാലത്തെക്ക് ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ എറണാകുളത്ത് നിന്നും ദീപക്ക് ജോണിന്റെ സുഹൃത്ത് ആണ് എന്നും ദീപക്ക് തന്നെ വില്‍പത്രം എഴുതി ഏല്‍പ്പിച്ചിരുന്നു എന്നും പറഞ്ഞ് മറ്റൊരു യുവതി എത്തി.
ദീപക്കിന്റെ സ്വത്ത് വകകള്‍ അയാള്‍ മരിച്ചാല്‍ മേരി ടീച്ചറിന് ആണ് എന്നും ബാങ്കില്‍ നിന്നും ലഭിച്ച തുകയും പെന്‍ഷനും ഭാര്യയെന്ന് അവകാശപ്പെട്ടെത്തിയ യുവതിക്കാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് ഈ യുവതി ടീച്ചറിനോട് പറഞ്ഞു. കേസില്‍ ടീച്ചറിന്റെ വക്കാലത്ത് താന്‍ ഏറ്റെടുത്ത് നടത്താം എന്ന് പറഞ്ഞ യുവതി തല്‍ക്കാലം സ്വത്ത് എല്ലാം തന്റെ പേരില്‍ എഴുതി വെയ്ക്കണം അത് കേസിന് സഹായകമാകും എന്ന് ടീച്ചറിനോട് പറഞ്ഞു. എന്നാല്‍ കൗണ്‍സിലര്‍ ഗിരീഷ് ഇടപെട്ടതോടെ യുവതി സ്ഥലം വിടുകയായിരുന്നു.
മകന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ ദീപക്കിന്റെ സുഹൃത്തുകള്‍ എന്ന് അവകാശപ്പെട്ട് എത്തിയ ഒരു സംഘം ദീപക്കിന്റെ പേരിലുണ്ടായിരുന്ന വാഹനങ്ങളും വീട്ടിലെ ഓട്ടുപാത്രങ്ങളും കുറഞ്ഞ വിലയ്ക്കു കടത്തിക്കൊണ്ടു പോയി. മരങ്ങളും മുറിച്ചു കടത്തി. ജീവനു ഭീഷണിയുള്ളതായി മേരിക്കുട്ടി പറഞ്ഞതിനെത്തുടര്‍ന്നു ഗിരീഷ് പരാതി നല്‍കിയതോടെ പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടി. ഇതോടെ ഈ സംഘവും ഇവിടെക്ക് വരാതെയായി. ഈസ്റ്റ് പൊലീസിന്റെ പട്രോളിങ് സംഘം ടീച്ചറിന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്നു.
ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. മിക്കവാറും തന്നെ ഫോണില്‍ വിളിക്കുന്ന ടീച്ചറിന്റെ കോള്‍ വരാത്തതിനേ തുടര്‍ന്ന് കൗണ്‍സിലര്‍ ഗീരിഷ് വീട്ടിലെത്തിയപ്പോഴാണ് അവശനിലയില്‍ ടീച്ചറിനെ കണ്ടെത്തിയത്. ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു ടീച്ചര്‍. ടീച്ചറിനെ പരിപാലിക്കുവാന്‍ ഹോം നേഴ്‌സിനെയും ഇവിടെ നിയോഗിച്ചിരുന്നു. സംഭവങ്ങളുടെ ഗുരുതാവസ്ഥ മനസിലാക്കിയ ഗിരീഷ് കളക്ടര്‍ അഫ്‌സാനാ പര്‍വീണയെയും കൊല്ലം സിറ്റി പൊലീസ് കമ്മീഷണറേയും കണ്ട് പരാതി നല്‍കുകയായിരുന്നു.
കളക്ടര്‍ അഫ്‌സാനാ പര്‍വീണയുടെ അടിയന്തര ഇടപെടലാണ് മേരി ടീച്ചറിന വേഗം ഹോസ്പിറ്റലില്‍ എത്തിക്കാന്‍ സാധിച്ചത്. കളക്ടറുടെ ഉത്തരവ് പ്രകാരം തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, സാമൂഹിക നീതി വകുപ്പ് ഓഫിസര്‍ പ്രസന്ന കുമാരി, വില്ലേജ് ഓഫിസര്‍ ആര്‍. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈസ്റ്റ് പൊലീസ് ടീച്ചറിനേ ആശുപത്രിയിലേക്കു മാറ്റിയത്.
ടീച്ചറിനെ ഇടയ്ക്ക് സന്ദര്‍ശിച്ച പാലിയേറ്റിവ് കെയറിലെ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകയും ടീച്ചറിന് അമിതഡോസില്‍ മരുന്ന് നല്‍കുന്നത് കണ്ടു എന്ന് പറയുന്നുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് നല്‍കുന്നത് എന്ന് അന്ന് നിന്നിരുന്ന ഹോംനഴ്‌സ് പറഞ്ഞിരുന്നതിനാല്‍ ഇവര്‍ സംശയിച്ചില്ല. ഇപ്പോള്‍ മേരിടീച്ചറിനെ ചികിത്സിക്കുന്ന ജില്ലാആശുപത്രിയിലെ ഡോക്ടറുടെ സംശയപ്രകാരമാണ് ഫോറന്‍സിക്ക് പരിശോധനയും പൊലീസ് സര്‍ജന്റെ മേല്‍നോട്ടവും ഉണ്ടാകണം എന്നാവശ്യപ്പെട്ട് ഗീരീഷ് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. മേരിക്കുട്ടിയുടെ ആസ്തികള്‍ വ്യാജമായി കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ബാങ്ക് നിക്ഷേപം, സ്വര്‍ണാഭരണം എന്നിവ സംബന്ധിച്ചും അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.