ഒഴുക്കിനോടു മല്ലിട്ടത് 5 മണിക്കൂറോളം; കണ്ടെത്തി, മലവെള്ളത്തെ ജയിച്ച കാട്ടുകൊമ്പൻ സുരക്ഷിതനാണ്

അതിരപ്പിള്ളി : ചാലക്കുടിപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കാട്ടുകൊമ്പനെ കണ്ടെത്തി. പിള്ളപ്പാറ ജനവാസ മേഖലയ്ക്കു സമീപം ബുധൻ രാവിലെ ആറു മണിയോടെയാണ് പുഴയ്ക്കു നടുവിൽ കാട്ടാനയെ കണ്ടത്. ഒഴുക്കിനോടു മല്ലിട്ട് 5 മണിക്കൂറോളം കൊമ്പൻ പുഴമധ്യത്തിൽ നിന്നു. പിന്നീട് പല വട്ടം ഒഴുക്കിൽപ്പെട്ടാണ് മറുകര പറ്റിയത്. ഇതേത്തുടർന്ന് വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ആന.ഇന്നലെ വൈകിട്ട് 4 മണിയോടെ എറണാകുളം ജില്ലയിലെ റബർ പ്ലാന്റേഷനു സമീപമുള്ള തേക്കുതോട്ടത്തിലാണ് അതിരപ്പിള്ളി റേഞ്ചിലെ വനപാലകർ ആനയെ കണ്ടെത്തിയത്. തീറ്റയെടുത്തു നിന്ന കൊമ്പൻ  ആരോഗ്യവാനാണെന്നു റേഞ്ച് ഓഫിസർ പി.എസ്.നിധിൻ അറിയിച്ചു. അതിരപ്പള്ളിയിൽ രക്ഷപ്പെട്ട ആനയുടെ കാര്യത്തിൽ വനം വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ആവശ്യമെങ്കിൽ ചികിത്സ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.