സെപ്റ്റംബര്‍ 4 മുതല്‍ശിവഗിരിയില്‍ ഗുരുജയന്തിവാരാഘോഷം

ശിവഗിരി :  ശ്രീനാരായണ ഗുരുദേവന്‍റെ 168-ാമത്  ജയന്തി ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 4 മുതല്‍ 10  വരെ ജയന്തി വാരമായി ആഘോഷിക്കുന്നു. നാലിന് രാവിലെ 9 മണിയ്ക്ക് സംന്യാസി വര്യന്‍മാരുടെ നേതൃത്വത്തില്‍  മഹാസമാധി  സന്നിധിയില്‍ സമൂഹാര്‍ച്ചനയും വിശേഷാല്‍  ഗുരുപൂജയും നടക്കും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഗുരുജയന്തി  വാരാഘോഷ  സന്ദേശം നല്‍കും. ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ  കോളേജ് ഓഫ്  നഴ്സിംഗ് ഹാളില്‍ ജയന്തി വാരാഘോഷ സമ്മേളനം തുടര്‍ന്ന് നടക്കും. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍  ചേരുന്ന സമ്മേളനം ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം                        നടത്തും.

ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണസന്ദേശവും മെഡിക്കല്‍ മിഷന്‍ സെക്രട്ടറി വിശാലാനന്ദ സ്വാമി നിര്‍വ്വഹിക്കും.  ശിവഗിരി ആയൂഷിന്‍റെ നേതൃത്വത്തില്‍ ആയൂര്‍വ്വേദം,  ഹോമിയോ, യോഗ & നാച്ചുറോപതി വിഭാഗങ്ങളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 4 മുതല്‍ 10  വരെ ഉണ്ടായിരിക്കും.  അലോപ്പതി വിഭാഗത്തില്‍ 4-ന് വ്യാപാരി വ്യവസായികള്‍ക്കും 5-ന് ടാക്സി ജീവനക്കാര്‍ക്കും 6-ന് തീയതി ചുമട്ടു തൊഴിലാളികള്‍ക്കും 7 മുതല്‍ 8  വരെ  പൊതുജനങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതാണ്.  ജയന്തിദിനമായ 10-ന്  ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗത്തിലും സൗജന്യ കണ്‍സള്‍ട്ടേഷനും സൗജന്യ ഡയാലിസിസും ലഭ്യമാണ്. ജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി  ആശുപത്രിയും പരിസരവും വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുന്നതാണ്.

സ്കൂള്‍, കോളേജുകളില്‍ ജയന്തി വാരാഘോഷ ഭാഗമായി വിവിധ കലാപരിപാടികളും  സംഘടിപ്പിക്കും.