3 വർഷം കണ്ടക്ടറായി ജോലി ചെയ്ത് ആ ബസ് വാങ്ങി; കണ്ടോ, കണ്ടക്ടർ രേവതി ബസ് ഓണറായി

കൊച്ചി : ‘ആണുങ്ങൾ ചെയ്യുന്ന കണ്ടക്ടർ ജോലിയല്ലാതെ, വേറെ വല്ല ജോലിക്കും പോയ്ക്കൂടെ കൊച്ചേ..’ എന്നു ചോദിച്ചവർക്കെല്ലാം രേവതിയുടെ മറുപടി ആ ജോലി ചെയ്തു വാങ്ങിയ ബസാണ്. മൂന്നു വർഷം കണ്ടക്ടറായി ജോലി ചെയ്ത ബസിന്റെ മുതലാളിയാണ് ഇന്നു കോട്ടയം കടുത്തുരുത്തി സ്വദേശി പി.കെ.രേവതി. കഴിഞ്ഞമാസമാണു രേവതിയും ഏലൂർ സ്വദേശികളായ സെബിൻ സാറ്റുവും കെ.ആർ.രാജേഷും ചേർന്ന് ഏലൂർ– കൊച്ചുകടവന്ത്ര റൂട്ടിലോടുന്ന ബസ് സ്വന്തമാക്കിയത്. മകനെപ്പോലെ കൊണ്ടുനടക്കുന്ന ബസിന് ‘മൈ സൺ’ എന്ന പേരും നൽകി. മൂവരും തന്നെയാണു ബസിലെ ജീവനക്കാരും. രാജേഷാണു ഡ്രൈവർ. സെബിനും രേവതിയും കണ്ടക്ടർമാരും.
പണ്ടേ ബസിനോടും വാഹനങ്ങളോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന രേവതിക്കു ഡ്രൈവറാകാൻ ആയിരുന്നു ആഗ്രഹം. എന്നാൽ സാഹചര്യങ്ങൾ അനുവദിക്കാതെ വന്നപ്പോൾ രേവതി കണ്ടെക്ടറെങ്കിലും ആകാൻ ശ്രമിച്ചു. അങ്ങനെ കോട്ടയം– ഇലഞ്ഞി റൂട്ടിലോടുന്ന ബസിൽ കണ്ടക്ടറുടെ സഹായിയായി ജോലി തുടങ്ങി. പ്ലസ്ടു പഠനശേഷം വസ്ത്രശാലയിലെ സെയിൽസ് ഗേളായാണു രേവതി കൊച്ചിയിലെത്തുന്നത്. അപ്പോഴും കണ്ടക്ടർ ജോലിയോടുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നതിനാൽ 2013ൽ കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കി.കൊച്ചിയിലേക്കുള്ള ബസ് യാത്രകൾക്കിടെയാണു ബസ് ജീവനക്കാരായ രാജേഷിനെയും സെബിനെയും പരിചയപ്പെടുന്നത്. ബസുകളിൽ ടിക്കറ്റ് ചെക്കറായി സ്ത്രീകളെ ജോലിക്ക് എടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അപേക്ഷ നൽകി. ടിക്കറ്റ് ചെക്കറായി ജോലി ചെയ്തു വരുന്നതിനിടെയാണു കോവിഡ് നാട്ടിൽ പിടിമുറുക്കിയത്. അതോടെ ആ ജോലി ഇല്ലാതായി. പിന്നീടാണു കണ്ടക്ടറായി ബസിൽ ജോലി തുടങ്ങുന്നത്. ആദ്യമെല്ലാം പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും കട്ട സപ്പോർട്ടുമായി ഒപ്പം നിൽക്കുന്നുണ്ടെന്നു രേവതി പറഞ്ഞു.കലൂരിൽ താമസിക്കുന്ന രേവതി ദിവസവും രാവിലെ 5.30നു താമസസ്ഥലത്തു നിന്നു പുറപ്പെട്ട് ആറോടെ ഏലൂരിൽ എത്തും. രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെയാണു ബസിന്റെ ട്രിപ്. ഓട്ടത്തിനു ശേഷം ബസ് കഴുകി വൃത്തിയാക്കുന്നതും മൂവരും ചേർന്നാണ്. സ്വന്തമായി ബസ് ഉള്ളവർ പോലും അത് ഉപേക്ഷിച്ചു മറ്റു വരുമാനമാർഗ്ഗങ്ങൾ തേടുന്ന കാലത്തു ബസ് വാങ്ങി സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കുകയാണു മുപ്പതുകാരിയായ രേവതി. നഷ്ടമില്ലാതെ ഓടാൻ കഴിയുന്നുണ്ടെന്നും കൂടുതൽ ബസുകൾ വാങ്ങണമെന്നാണ് ആഗ്രഹമെന്നും രേവതി പറഞ്ഞു. അമ്മ രഞ്ജിനിയും സഹോദരൻ രതീഷും അടങ്ങുന്നതാണു രേവതിയുടെ കുടുംബം.