തിരുവനന്തപുരം: സംസ്ഥാനത്തുടനീളം 1600 ഓണ ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്നത്. ഈ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ജനങ്ങള്‍ക്ക് ലഭ്യമാക്കും
ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങള്‍ സപ്ലൈകോ സബ്‌സിഡി നിരക്കില്‍ കൺസ്യൂമർ ഫെഡ് ലഭ്യമാക്കും. പൊതു വിപണിയേക്കാള്‍ 30 ശതമാനം മുതല്‍ 100 ശതമാനം വരെ വിലക്കുറവിലാണ് സബ്‌സിഡി ഇനങ്ങള്‍ ലഭ്യമാക്കുന്നതെങ്കില്‍, 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് മറ്റ് നിത്യോപയോഗ സാധനങ്ങള്‍ വില്‍പനയ്‌ക്കെത്തിക്കുക.
സബ്‌സിഡി ഇനങ്ങളുടെ വില ഇങ്ങനെയാണ്
ജയ അരി- 25 ( 5 കിലോഗ്രാം)
കുറുവ അരി - 25 ( 5 കിലോഗ്രാം)
കുത്തരി - 24 ( 5 കിലോഗ്രാം)
പച്ചരി - 23 ( 2 കിലോഗ്രാം)
പഞ്ചസാര - 22 ( 1 കിലോഗ്രാം)
വെളിച്ചെണ്ണ - 46 ( 500 എം.എല്‍)
ചെറുപയര്‍ - 74 (500 ഗ്രാം )
വന്‍കടല - 43 (500 ഗ്രാം )
ഉഴുന്ന് - 66 (500 ഗ്രാം )
വന്‍പയര്‍ - 45 (500 ഗ്രാം )
തുവരപരിപ്പ് - 65 (500 ഗ്രാം )
മുളക് ഗുണ്ടൂര്‍ - 75 (500 ഗ്രാം )
മല്ലി - 79 (500 ഗ്രാം )
ഇക്കുറി മില്‍മ കിറ്റും:- മില്‍മയുമായി സഹകരിച്ച് ഓണസദ്യയ്ക്ക് ആവശ്യമായ 6 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ കിറ്റും ഓണ ചന്തകളില്‍ ലഭ്യമാകും. ആകെ 356 രൂപ എം.ആര്‍.പിയുള്ള കിറ്റ് 297 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് വാങ്ങാം. മൊത്തമായി കിറ്റുവാങ്ങുന്ന സഹകരണ സംഘങ്ങള്‍ക്ക് 281 രൂപയ്ക്ക് കിറ്റ് നല്‍കും. പാലട മിക്‌സ്, നെയ്യ്, പാല്‍, വെജിറ്റബിള്‍ ബിരിയാണി മിക്‌സ്, ഗുലാബ് ജാമുൻ എന്നിവയാണ് മില്‍മ കിറ്റില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.
കശുവണ്ടി പരിപ്പുകളും വിലക്കുറവില്‍ വാങ്ങാം:- കാഷ്യൂ ഡവലപ് മെന്റ് കോര്‍പ്പറേഷന്റെ ഉന്നത നിലവാരത്തിലുള്ള വിവിധ ഇനം കശുവണ്ടി പരിപ്പ് പായ്ക്കറ്റുകള്‍ പൊതുമാര്‍ക്കറ്റിനേക്കാള്‍ 15 ശതമാനം വിലക്കുറവില്‍ ഓണം വിപണിയില്‍ ഇക്കുറി ലഭ്യാക്കും. ഹോര്‍ട്ടി കോര്‍പ്പുമായി സഹകരിച്ച് പച്ചക്കറികള്‍ പ്രാദേശികമായി സംഭരിച്ചായിരിക്കും ഓണം വിപണിയില്‍ വില്‍പന നടത്തുക. ഇത്തവണ കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രമാണ് ഗുണനിലവാരം ഉറപ്പാക്കി ഓണച്ചന്തകളില്‍ വില്‍പനയ്‌ക്കെത്തിക്കുന്നത്.