അൻപതു ദിവസം നീണ്ട കാത്തിരിപ്പ്, 2850 കിലോമീറ്റർ ദൂരം,വീടുവിട്ട് ആലപ്പുഴയിൽ; പതിനാറുകാരി സുരക്ഷിതകരങ്ങളിലേക്ക്

ആലപ്പുഴ : അൻപതു ദിവസം നീണ്ട കാത്തിരിപ്പ്... 2850 കിലോമീറ്റർ ദൂരം... വീടുവിട്ട് ആലപ്പുഴയിൽ എത്തിയ ഉത്തർപ്രദേശ് മുസഫർനഗർ സ്വദേശിയായ പതിനാറുകാരി ഒടുവിൽ മാതാപിതാക്കളുടെ സുരക്ഷിതകരങ്ങളിലേക്ക്. ജില്ലാ ശിശുസംരക്ഷണ ഓഫിസാണ് ആശ്വാസ മുഹൂർത്തങ്ങൾക്കു വേദിയായത്. ഒരു മാസമാണ് പെൺകുട്ടി തനിച്ച് ആലപ്പുഴയിൽ കഴിഞ്ഞത്. ജൂലൈ 19നാണ് സംശയാസ്പദ രീതിയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പതിനാറുകാരിയെ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പൊലീസ് പിങ്ക് പൊലീസിനും അവിടെ നിന്ന് വനിതാ പൊലീസിനും കൈമാറി.തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുസംരക്ഷണ ഓഫിസും ഇടപെട്ട് പെൺകുട്ടിയെ വനിതാ – ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ് സെന്ററിലേക്കു മാറ്റി. ഇവിടെനിന്ന് മായിത്തറയിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇതിനിടെ ജില്ലാ ശിശുസംരക്ഷണ ഓഫിസിലെ കെയർ പ്രൊട്ടക്‌ഷൻ ഓഫിസർ ലിനു ലോറൻസ് കൗൺസലിങ് നൽകി കുട്ടിയിൽനിന്ന് വിലാസവും മറ്റു വിവരങ്ങളും ശേഖരിച്ചു. വീടുവിട്ടിറങ്ങിയ താൻ ആലപ്പുഴയിൽ എത്തിയതാണെന്നാണ് കുട്ടി പറഞ്ഞത്.തുടർന്ന് മുസഫർനഗർ ശിശുസംരക്ഷണ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും അവിടെനിന്നു മറുപടിയൊന്നും ലഭിച്ചില്ല. കുട്ടിയെ വീട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ്, മായിത്തറ ശിശുസംരക്ഷണ കേന്ദ്രത്തിലെ കെയർടേക്കർ സുജ കുട്ടിയുടെ വിവരങ്ങൾ മിസിങ് ചൈൽഡ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ ഇൻ‍സ്പെക്ടർ അഷറഫ് ഓൾ ഇന്ത്യ മിസിങ് ചൈൽഡ് ഗ്രൂപ്പിൽ വിവരം പങ്കുവച്ചതാണ് വഴിത്തിരിവായത്. ഗ്രൂപ്പിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയത്.
വിഡിയോ കോൾ വഴി കുട്ടിയുമായി സംസാരിച്ച മാതാപിതാക്കൾ ഇന്നലെ ട്രെയിൻ മാർഗ്ഗം ആലപ്പുഴയിലെത്തി ശിശുസംരക്ഷണ സമിതി ഭാരവാഹികളിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങി. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സൻ ജി.വസന്തകുമാരിയമ്മ, ജില്ലാ ശിശുസംരക്ഷണ ഓഫിസർ ടി.വി.മിനിമോൾ, കെ.നാസർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ മാതാപിതാക്കൾക്കു കൈമാറിയത്. ജൂൺ 28നാണ് നേരിയ മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ വീട്ടിൽനിന്നു കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.