22കാരനായ കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കി 36കാരി

ലക്നൗ: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കിയ യുവതി ബാഗ് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയില്‍.കഴിഞ്ഞ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം നടന്നത്. ബാര്‍ബറായ ഫിറോസ് (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രീത് ശര്‍മ്മ (36) ഇന്നലെ അറസ്റ്റിലായി.

നാല് വര്‍ഷമായി പ്രീതും ഫിറോസും ഒരുമിച്ച്‌ കഴിയുകയായിരുന്നു. വിവാഹിതയായ പ്രീത് കുഞ്ഞ് മരിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. പിന്നാലെയാണ് ഫിറോസുമായി ജീവിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ വിവാഹിതരാകണമെന്ന് പ്രീത് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഫിറോസ് നിരസിച്ചിരുന്നു. ഇതില്‍ പ്രകോപിതയായാണ് യുവതി കൊലപാതകം നടത്തിയത്. ഫിറോസിന്റെ കൈവശം ഉണ്ടായിരുന്ന ബ്ളേഡ് ഉപയോഗിച്ച്‌ കഴുത്തറുക്കുകയായിരുന്നു. ശേഷം മൃതദേഹം പ്ളാസ്റ്റിക്കില്‍ പൊതിഞ്ഞ് വലിയൊരു ട്രോളി ബാഗിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.

മൃതദേഹം ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഒരു ദിവസം സൂക്ഷിച്ചതിന് ശേഷമായിരുന്നു ട്രോളി ബാഗിലാക്കിത്. തിരക്കേറിയ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു ശ്രമം. എന്നാല്‍ പൊലീസിനെ കണ്ടതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതും ബാഗിന്റെ വലുപ്പവുമാണ് പൊലീസിന് സംശയത്തിനിടയാക്കിയത്. പിന്നാലെ ബാഗ് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം, കൊലപാതകം കയ്യബദ്ധമാണെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ കഴുത്തില്‍ മുറിവേറ്റതിന് ശേഷം യുവതി ഫിറോസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാത്തതിനാല്‍ കൊലപാതകം തന്നെയെന്നാണ് പൊലീസിന്റെ നിഗമനം.