ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും(WI vs IND 5th T20I) അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴരയ്‌ക്ക് മത്സരത്തിന് ടോസ് വീഴും. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് ഇതിനകം നേടിയതിനാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. എന്നാല്‍ മലയാളിതാരം സഞ്ജു സാംസണ്‍(Sanju Samson) ഇന്നും തുടരും. ഫ്ലോറിഡയില്‍ തന്നെ നടന്ന നാലാം ടി20യില്‍ 59 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ 3-1ന് സ്വന്തമാക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. അതേസമയം പരമ്പരയിലെ മികച്ച ഫോം തുടര്‍ന്നു അര്‍ഷ്‌ദീപ് സിംഗ്. അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ അര്‍ഷ്‌ദീപിനെ തഴയാന്‍ സെലക്‌ടര്‍മാര്‍ക്കാവില്ല. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്. മികച്ച തുടക്കത്തിന്‍റെയും അക്‌സര്‍ ഫിനിഷിംഗിന്‍റേയും കരുത്തിലാണ് ഇന്ത്യ ഗംഭീര സ്‌കോറിലെത്തിയത്. 31 പന്തില്‍ 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(33), മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30*, സൂര്യകുമാര്‍ യാദവ്(24), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20* എന്നിവരും തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തു. വിന്‍ഡീസിനായി അല്‍സാരി ജോസഫ്, ഒബെഡ് മക്കോയി എന്നിവര്‍ രണ്ട് വീതവും അക്കീല്‍ ഹൊസൈന്‍ ഒന്നും വിക്കറ്റ് നേടി. ആവേശ് ഖാനാണ് കളിയിലെ താരം.