*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 30 | ചൊവ്വ |

◾ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണു തീരുമാനം. വിവര ശേഖരണത്തിന് ഉപഗ്രഹ സര്‍വേ നടത്തുന്നതിനു പുറമേയാണ് നേരിട്ടുള്ള പരിശോധന. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

◾സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകും. പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം തന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ സ്ഥിതി എന്താണെന്ന് കോടതി സര്‍ക്കാരിനോടു ചോദിച്ചിട്ടുണ്ട്.

◾ഇന്ന് അത്തം. മുറ്റത്തും ഓഫീസുകളിലും പൂക്കളങ്ങളൊരുങ്ങി. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാഘോഷത്തിനു തുടക്കം. കോവിഡ് വ്യാപനം തടയാനുള്ള അടച്ചിടലുകള്‍മൂലം രണ്ടു വര്‍ഷമായി മുടങ്ങിപ്പോയ ഓണാഘോഷമാണ് ഇന്നാരംഭിക്കുന്നത്. അത്തച്ചമയ ഘോഷയാത്രയും വള്ളംകളികളും തിരുവാതിരക്കളിയും പുലിക്കളിയും കലാസാംസ്‌കാരിക പരിപാടികളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഓണക്കോടി വാങ്ങിയും ഓണവിഭവങ്ങള്‍ സമ്മാനിച്ചും ഉല്‍സാഹത്തിമിര്‍പ്പിലാണ് മലയാളികള്‍.

◾കനത്ത മഴമൂലം പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

◾തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ ഉത്സവബത്ത നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 5.21 ലക്ഷം പേര്‍ക്ക് ഉത്സവബത്ത ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

◾'ആസാദി കാഷ്മീര്‍' പരാമര്‍ശത്തില്‍ കെ.ടി ജലീലില്‍ എംഎല്‍എയ്ക്കെതിരെയുള്ള പരാതിയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ചൊവ്വാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജലീലിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു.

◾വിഴിഞ്ഞം തുറമുഖത്ത്  സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡീഷ്യസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാര സമരം ജില്ലാകളക്ടറും കമ്മീഷണറുമായുള്ള അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. ഇന്നലെ ഗേറ്റിനു മുന്നിലിരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ക്കു കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയച്ചതോടെയാണ് നിരാഹാര സമരം തുടങ്ങിയത്. ഇതേസമയം, തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്നും തടസമുണ്ടാക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

◾നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ വാട്സ് ആപ്പ്  ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ഇന്നു ചോദ്യം ചെയ്യും. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണു നോട്ടീസ് നല്‍കിയിട്ടുള്ളത്. കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

◾മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കേരള പൊലീസിന് ആല്‍കോ സ്‌കാന്‍ വാന്‍. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് കേരള പോലീസ് അറിയിച്ചു.

◾കെ റെയിലിനുവേണ്ടി കെഎസ്ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തെന്നു പ്രതിപക്ഷം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ 12 മണിക്കൂര്‍ ജോലി ചെയ്യണമെന്നു പറയുന്നതു കമ്യൂണിസ്റ്റു സര്‍ക്കാര്‍ തന്നെയാണോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. കോവിഡിനു മുമ്പ് സര്‍വീസ് നടത്തിയിരുന്ന 12,500 സ്വകാര്യ ബസുകളില്‍ ഏഴായിരം മാത്രമെ ഇപ്പോള്‍ ഓടുന്നുള്ളൂ. ബസുകള്‍ സര്‍വീസ് നടത്താതിരുന്നാല്‍ സ്വന്തം വാഹനമില്ലാത്തവര്‍ എങ്ങനെ ജോലിക്കു പോകുമെന്നും അദ്ദേഹം ചോദിച്ചു.

◾പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ പുതിയ പദ്ധതി. സേഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പദ്ധതി മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയിലാണ് പ്രഖ്യാപിച്ചത്.

◾ഇടമലയാര്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നു. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അന്‍പതു സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

◾കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കോവളം മുതല്‍ കാരോട് വരെയുള്ള നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭാഗത്തെ ഒഴിവാക്കിയാണ് നിരക്ക് പുനര്‍നിര്‍ണയിക്കേണ്ടത്.

◾പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് വയോധിക ചികിത്സയ്ക്കെത്തിയത്. വാക്സിന്‍ എടുത്തിരുന്നില്ല. ഒരുമാസം മുമ്പ് നായയുടെ കടിയേറ്റ ഇവര്‍ മൂന്നു ദിവസം മുമ്പാണ് ചികിത്സയ്ക്കെത്തിയത്.

◾പൂജപ്പുര പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജീയര്‍ ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. ഒരു അസിസ്റ്റന്റ് എന്‍ജിനീയറും മൂന്ന് ഓവര്‍സിയര്‍മാരുമുള്ള ഓഫിസില്‍ രണ്ട് ഓവര്‍സിയര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ അവധിയിലാണെന്നു വിശദീകരിച്ചെങ്കിലും അവധി അപേക്ഷ ഇല്ലായിരുന്നു.

◾നിപ മഹാമാരിക്കെതിരെ പോരാടിയ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനായി. വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ച് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചു. സജീഷിന്റെ മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ അടക്കം കുടുംബാംഗങ്ങള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. നാലു വര്‍ഷം മുമ്പാണ് ലിനി മരിച്ചത്.

◾ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ ഹാജരാകണമെന്ന വിചാരണക്കോടതി ഉത്തരവ് തടയില്ലെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ കോടതി തള്ളിയതിനെതിരെയാണ് നടന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.

◾ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചോര്‍ച്ച അടയ്ക്കാനുള്ള അറ്റകുറ്റപ്പണി ആരംഭിച്ചു. സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി തകരാറിലായ ആണികള്‍ മാറ്റി സ്ഥാപിക്കും. ഓണപ്പൂജകള്‍ക്കായി നട തുറക്കുന്ന സെപ്റ്റംബര്‍ ആറിനു മുന്‍പായി പണി പൂര്‍ത്തിയാക്കും.

◾സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചിതാവുമായ ജോണ്‍ പി വര്‍ക്കി തൃശൂര്‍ ഏങ്ങണ്ടിയൂരിലെ വീട്ടില്‍ അന്തരിച്ചു. 52 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ക്കു സംഗീതം ഒരുക്കിയിട്ടുണ്ട്.

◾കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിന് 37.68 കോടി രൂപ ലാഭം. 418.69 കോടി രൂപയാണ്  മൊത്തവരുമാനം. കോവിഡ് മൂലം 2020-21 ല്‍ 87.21  കോടി രൂപ നഷ്ടമായിരുന്നു.
മുഖ്യമന്ത്രി  പിണറായി വിജയന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം 2021-22 ലെ കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 26 ന് നടത്താന്‍ തീരുമാനിച്ചു.

◾മൊബൈല്‍ ഫോണില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സൂക്ഷിച്ചവരെ കുടുക്കി ഓപ്പറേഷന്‍ പി ഹണ്ട്. പരിശോധനയില്‍ ഒരാള്‍ പിടിയിലായി. 28 പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം മാറമ്പിള്ളി, മഞ്ഞപ്പെട്ടി, കുതിര പറമ്പ് ഭാഗത്ത് ആശാരിമാലില്‍ വീട്ടില്‍ അബ്ബാസ് (38) ആണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. 36 ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്.  

◾വയനാട് പുല്‍പ്പള്ളിയില്‍ 22 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കള്‍ പിടിയില്‍. താമരശ്ശേരി സ്വദേശി കെ.സി വിവേക്, വേലിയമ്പം സ്വദേശികളായ ലിബിന്‍ രാജന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

◾എംഡിഎംഎയുമായി എട്ട് യുവാക്കളെ വലിയതുറ- വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷിഹാസ്, അച്ചു, സൈദലി, അല്‍-അമീന്‍, അന്‍സല്‍ റഹ്‌മാന്‍, ഷാനു എന്നിവരെയാണ് പിടികൂടിയത്.

◾കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ മൂന്നു യുവാക്കളെ പിടികൂടി. കണ്ണൂര്‍ അമ്പായിത്തോട് സ്വദേശി അജിത് വര്‍ഗ്ഗീസ് (22), കുറ്റ്യാടി സ്വദേശി അല്‍ത്താഫ് (36 ) കാസര്‍ഗോഡ് പൈന സ്വദേശി മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോ കഞ്ചാവുമായി പിടിയിലായത്.

◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൈക്കിളിനുള്ളില്‍ മെര്‍ക്കുറി പൂശി ഒളിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നു കരിപ്പൂരില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബഷീറാണ് സൈക്കിളിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നത്.

◾സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിക്കുന്നരുടെ വിവരങ്ങള്‍ പൊതുവിടങ്ങളില്‍  പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മലയാളിയായ ആതിര ആര്‍. മേനോനാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

◾കര്‍ണാടകയിലെ എസ്ഐ നിയമന പരീക്ഷ ക്രമക്കേട് കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍. വിജയപുര സ്വദേശി രചനയാണ് അറസ്റ്റിലായത്.  എഡിജിപി അമൃത് പോള്‍ അടക്കം 65 പേര്‍ കേസില്‍ അറസ്റ്റിലായി. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പത്തു ലക്ഷം രൂപ വരെ കോഴവാങ്ങിയെന്നാണ് കേസ്.

◾മഥുര റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ ഏഴുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്  ബിജെപി വനിതാ നേതാവും ഭര്‍ത്താവും പിടിയില്‍. കുട്ടികളെ മോഷ്ടിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് ഇതോടെ പിടിയിലായി. ബിജെപിയുടെ വിനീത അഗര്‍വാളും ഭര്‍ത്താവുമാണു അറസ്റ്റിലായത്. ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് കുട്ടിയെ വില്‍ക്കാന്‍ പദ്ധതിയിട്ടിരിക്കേയാണ് അറസ്റ്റ്.

◾കര്‍ണാടകത്തില്‍ ശക്തമായ മഴമൂലം നദികള്‍ കവിഞ്ഞൊഴുകുന്നു. പുഴയോരങ്ങളില്‍ പ്രളയം. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മരം വീണ് നിരവധി സ്ഥലങ്ങളില്‍ നാശനഷ്ടം.

◾റിലയന്‍സ് ജിയോ ദീപാവലിയോടെ മെട്രോ നഗരങ്ങളില്‍  5 ജി സേവനങ്ങള്‍ നല്‍കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. കൂടതെ 5 ജിക്ക് വേണ്ടി ജിയോ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിലയന്‍സ് ഓഹരിയുടമകളുടെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പ് ഇനി മുകേഷ് അംബാനിയുടെ ഇളയ മകള്‍ ഇഷ നയിക്കുമെന്നും അംബാനി പ്രഖ്യാപിച്ചു.  

◾നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് റോക്കറ്റിന്റെ ഒരു എന്‍ജിന് സാങ്കേതിക തകരാര്‍. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചു. നാല് എന്‍ജിനുകളില്‍ ഒന്നിനാണു പ്രശ്നം. പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി നാസ അറിയിച്ചു.

◾ബിനീഷ് കോടിയേരി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തേക്ക്. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷിന്റെ പാനലിന് വിജയം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി വി.പി അനസ് സെക്രട്ടറിയായി തുടരും. ഫിജാസ് അഹമ്മദ് ആണ് പ്രസിഡന്റ്. ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികള്‍ രംഗത്തുണ്ടായിരുന്നു.

◾കോവിഡ് മഹാമാരി വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാല്‍) ശക്തമായ തിരിച്ചു വരവിലേക്ക് . 2021 -22  സാമ്പത്തിക വര്‍ഷത്തില്‍  സിയാല്‍ 37.68 കോടി രൂപ (നികുതിയ്ക്ക് മുമ്പുള്ള) ലാഭം നേടി.  418.69 കോടി രൂപയാണ്  മൊത്തവരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. 252.71  കോടി രൂപയായിരുന്നു 2020-21 ലെ  മൊത്തവരുമാനം. യാത്രക്കാരുടെ എണ്ണം 24 .7 ലക്ഷത്തില്‍നിന്നും 47.59  ലക്ഷത്തിലേക്ക് ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് 675 കോടി രൂപയുടെ മൊത്തവുമാനമാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്.

◾നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകര്‍. ഈമാസം ഒന്നുമുതല്‍ 26വരെ തീയതികളിലായി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) 49,254 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. ജൂലായിലെ ആകെ നിക്ഷേപം 5,000 കോടി രൂപയായിരുന്നു. അതിനുമുമ്പ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജൂണ്‍വരെ 2.46 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചശേഷമാണ് എഫ്.പി.ഐ ജൂലായ് മുതല്‍ വീണ്ടും ഓഹരികള്‍ വാങ്ങിത്തുടങ്ങിയത്. അതേസമയം, വരുംമാസങ്ങളില്‍ ഇതേ ട്രെന്‍ഡ് നിലനിറുത്തുക വെല്ലുവിളിയാണെന്ന് കരുതപ്പെടുന്നു. പലിശനിരക്ക് ഇനിയും ഉയര്‍ത്തുമെന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിട്ടുണ്ട്.

◾ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. 'പൂവേ നിന്‍ മിഴിയിതള്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നാരായണന്‍ ടി കെ, ഹരിത ഹരിബാബു എന്നിവര്‍ ചേര്‍ന്നാണ്. ഭൂമിയുടേതാണ് സംഗീത സംവിധാനം. സിതാര കൃഷ്ണകുമാറും ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

◾ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് 'വെന്ത് തനിന്തത് കാട്'. ഗൗതം വാസുദേവ മേനോന്‍  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇത്. 'വെന്ത് തനിന്തത് കാടി' ന് രണ്ടാം ഭാഗമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. രണ്ടാം ഭാഗത്തിന്റെ ജോലികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധായകന്‍. 'മറക്കുമാ നെഞ്ചം' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ചിത്രത്തിലേതായി നേരത്തെ പുറത്തുവിട്ടിരുന്നു. ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

◾ഉത്സവകാല വിപണി ലക്ഷ്യമിട്ട് ഹോണ്ടയുടെ പുതിയ ഷൈന്‍ സെലബ്രേഷന്‍ എഡിഷന്‍ വില്പനയ്ക്കെത്തി. നഗര, ഗ്രാമീണ ദൈനംദിന യാത്രയ്ക്ക് ഒരുപോലെ അനുയോജ്യമായ ഷൈനിന്റെ പുതിയ പതിപ്പിന് ഡ്രം, ഡിസ്‌ക് വേരിയന്റുകളുണ്ട്. മാറ്റ് സ്റ്റീല്‍ ബ്ളാക്ക് മെറ്റാലിക്, മാറ്റ് സാന്‍ഗ്രിയ റെഡ് മെറ്റാലിക് നിറങ്ങളില്‍ ലഭിക്കും. ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില 78,878 രൂപ. ആകര്‍ഷകമായ ഗോള്‍ഡന്‍ തീമാണ് സെലബ്രേഷന്‍ എഡിഷന്റെ സവിശേഷത. ടാങ്കിന് മുകളിലെ സെലബ്രേഷന്‍ എഡിഷന്‍ ലോഗോ ബൈക്കിന് പ്രീമിയംലുക്ക് സമ്മാനിക്കുന്നുണ്ട്. 123.94 സി.സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എന്‍ജിനാണുള്ളത്. 10.5 ബി.എച്ച്.പിയാണ് കരുത്ത്. ഗിയറുകള്‍ അഞ്ച്.

◾ജഗതി ശ്രീകുമാര്‍. മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എല്ലാവര്‍ക്കും പറയാന്‍ ഓരോ അനുഭവങ്ങളുണ്ട്. അധികമാരും അറിയാത്ത നന്മയുടെ പാഠങ്ങള്‍. ഓരോന്നും ഓരോ കഥ പോലെ വായിച്ചറിയാം. തിരിച്ചറിയാം, ശ്രീകുമാറെന്ന പച്ചമനുഷ്യനെ. 'ജഗതി ഒരു അഭിനയ വിസ്മയം'. രമേഷ് പുതിയമഠം. ഗ്രീന്‍ ബുക്സ്. വില 218 രൂപ.

◾ഭക്ഷണക്രമം നിയന്ത്രിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്താല്‍ വൃക്ക രോഗം ആരംഭത്തില്‍ തന്നെ കണ്ടെത്തുകയും ഡയാലിസിസിലേയ്ക്ക് എത്തുന്നതിന് മുമ്പ് തടയാനും സാധിക്കുന്നു. നീര് വരാന്‍ സാദ്ധ്യതയുള്ള രോഗികള്‍ വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തേണ്ടതാണ്. മൂത്രത്തിന്റെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിജപ്പെടുത്തണം. മൂത്രം ധാരാളമായി പോവുകയും നീര് ഇല്ലാതെയും ഉള്ള വൃക്ക രോഗികള്‍ക്ക് വെള്ളം ദാഹത്തിനനുസരിച്ചും ആവശ്യാനുസരണവും കുടിക്കാവുന്നതാണ്. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് ചോറിലും കറികളിലും ടേബിള്‍ സാള്‍ട്ട് ചേര്‍ക്കുന്നത് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, പ്രോസസ്ഡ് ഫുഡ് എന്നിവയില്‍ ഉപ്പ് വളരെ കൂടുതല്‍ ആയതിനാല്‍ അവ കഴിവതും ഒഴിവാക്കുക. പേശികളെ വളര്‍ത്തുന്നതിനും രോഗപ്രതിരോധശേഷിക്കും പ്രോട്ടീന്‍ വളരെ പ്രധാനമാണ്. എന്നാല്‍ അത് വൃക്കയുടെ അവസ്ഥ, പോഷകശേഷി എന്നിവയെ കൂടി ആശ്രയിച്ചിരിക്കുന്നു. നല്ല പ്രോട്ടീനുകളായ മുട്ടയുടെ വെള്ള, പയര്‍ വര്‍ഗങ്ങള്‍, ചിക്കന്‍, പാല്‍ എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ മൂത്രം വഴി പൊട്ടാസ്യം പുറന്തള്ളാന്‍ കഴിയാതെ വരും. അങ്ങനെ രക്തത്തില്‍ പൊട്ടാസ്യം കൂടുതല്‍ ഉള്ളവര്‍ തേങ്ങാവെള്ളം, ജ്യൂസ്, ഇലക്കറികള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. വൃക്ക രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രക്തത്തില്‍ ഫോസ്ഫറസ് അധികമാവുകയും എല്ലുകള്‍ക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ഉള്ളപ്പോള്‍ പാല്‍, തൈര് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അതൊരു ഉള്‍ഗ്രാമമായിരുന്നു.  യാതൊരു പുരോഗമനവും കടന്നുചെല്ലാത്തയിടം.  ഒരു ദിവസം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഒരാള്‍ ഒരു വസ്തു വഴിയില്‍ കിടക്കുന്നതു കണ്ടു. എടുത്തുനോക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു.  തന്റെ മരിച്ചുപോയ അച്ഛന്റെ മുഖം അതില്‍ കാണാമായിരുന്നു.  വീട്ടില്‍ കൊണ്ടുപോയി അയാള്‍ ആ വസ്തുവിനെ രഹസ്യമാക്കിവെച്ചു.  ഇടയ്ക്കിടെ അതില്‍ നോക്കി അച്ഛനോട് സംസാരിക്കാനും തുടങ്ങി. ഇതയാളുടെ ഭാര്യയുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ ഇല്ലാത്ത സമയത്ത് അവര്‍ ആ വസ്തു നോക്കിയപ്പോള്‍ ഒരു സുന്ദരിയായ സ്ത്രീയുടെ മുഖം കണ്ടു.  പരിഭവിച്ചും കരഞ്ഞും അവര്‍ അത് തന്റെ അമ്മായി അമ്മയുടെ അടുത്തെത്തിച്ചു. മരുമകളെ സമാധാനിപ്പിച്ച് അവര്‍ അതില്‍ നോക്കിയപ്പോള്‍ അതിലൊരു പടുകിളവിയുടെ മുഖമായിരുന്നു കണ്ടത്.  ഇത്രയൊക്കെയായിട്ടും തങ്ങള്‍ നോക്കുന്നത് ഒരു കണ്ണാടിയിലാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല!  കണ്ണിന് കാഴ്ചമാത്രമേയുളളൂ.  കാഴ്ചപ്പാടോ നിരൂപണമോ ഇല്ല.  എല്ലാം കണ്ട് തിരിച്ചറിഞ്ഞുപോകുന്നു എന്നല്ലാതെ, നിരീക്ഷണമോ ദര്‍ശനമോ കണ്ണിന്റെ ഉത്തരവാദിത്വമല്ല.  കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെന്തും കാണുക എന്നത് മാത്രമാണ് കണ്ണിന്റെ ഉത്തരവാദിത്വം.  സത്യത്തില്‍ കണ്ണിനേക്കാള്‍ പ്രാധാന്യം അകക്കണ്ണാണ്.  കാഴ്ചയേക്കാള്‍ പ്രധാനം ഉള്‍ക്കാഴ്ചയാണ്.  കണ്ണുകൊണ്ട് കണ്ടതെല്ലാം ശരിയാവണമെന്നില്ല. അതുപോലെ കാണാത്തതെല്ലാം തെറ്റാണെന്നും പറയാനാകില്ല.  എല്ലാ കാഴ്ചകള്‍ക്കും മുന്‍പും പിന്‍പും ചില കാഴ്ചകളുണ്ട്.  കണ്ടകാര്യങ്ങളെ വിലയിരുത്തി കാണാത്തകാര്യങ്ങളെക്കുറിച്ച് നിഗമനത്തിലെത്തുന്നതാണ് തിരുത്തപ്പെടേണ്ട വസ്തുത.  കാഴ്ചമാത്രമല്ല, ഉള്‍കാഴ്ചകൂടി നമുക്ക് നേടാനാകട്ടെ - ശുഭദിനം  മീഡിയ 16