ഓൺലൈനായി 17,000 രൂപയുടെ ഫോൺ ബുക്ക് ചെയ്തു, കിട്ടിയത് പഴകിയ പൗഡർ, പിന്നിലാരെന്ന് കണ്ടെത്തി

ഇടുക്കി: ഓൺലൈൻ വ്യാപാരസൈറ്റുകളിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് മൊബൈലുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഓഫറുകൾ നൽകിയിരുന്നു. ഇത്തരത്തിലുള്ള ഒരു ഓൺലൈൻ വെബ്സൈറ്റിൽ നിന്ന്  മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നു ടിൻ പൗഡർ. പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പിനുപിന്നിൽ കൊറിയർ കമ്പനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തൽ. ഒടുവിൽ, നഷ്ടപ്പെട്ട ഫോണുകളുടെ വില കൊറിയർ കമ്പനിക്ക് നൽകി ഡെലിവറി ബോയി കേസിൽനിന്ന് തടിതപ്പി.

ഏതാനും ദിവസം മുമ്പാണ്, ഓൺലൈനായി ഓർഡർചെയ്ത ഫോണിനുപകരം മുണ്ടിയെരുമ സ്വദേശിനി അഞ്ജന കൃഷ്ണന് പൗഡർ ലഭിച്ചത്. കാഷ് ഓൺ ഡെലിവറിയായി 16,999 രൂപയുടെ ഫോണിനാണ് ബുക്കുചെയ്തത്.

ഒരാഴ്ചമുമ്പ് ഡെലിവറി ബോയി വിളിച്ച് ഫോൺ എത്തിയെന്ന വിവരമറിയിച്ചു. ഭർത്താവ് ഫോൺ വാങ്ങാനായി ടൗണിലെത്തി പാഴ്‌സൽ കൈപ്പറ്റി. പ്രോസസിങ് ചാർജുകളടക്കം 17,028 രൂപ കൈമാറുകയും ചെയ്തു. ഫോൺ കവർ പൊട്ടിച്ചുനോക്കാൻ ശ്രമിച്ചെങ്കിലും, ഡെലിവറി ബോയി അതിനുമുമ്പ് സ്ഥലംവിട്ടു. വീട്ടിലെത്തിച്ച് കവർ തുറന്നപ്പോഴാണ് പൗഡർ ടിന്നുകൾ കണ്ടത്.