മീഡിയ16*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 8 | തിങ്കൾ |

◼️മലയാളി താരം എല്‍ദോസ് പോളിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. ട്രിപ്പിള്‍ ജംപിലാണ് സ്വര്‍ണം നേടിയത്. മലയാളി താരം അബ്ദുള്ള അബുബക്കര്‍ വെള്ളി നേടി. എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. അഭിമാനനേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

◼️വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

◼️നാലു വര്‍ഷത്തിനിടെ പത്തു ലക്ഷത്തോളം കോടി രൂപ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളി. ധനമന്ത്രാലയം പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. നാലു വര്‍ഷത്തിനിടെ 10,306 പേരാണ് വന്‍ തുക കടമെടുത്ത് തിരിച്ചടയ്ക്കാതിരുന്നത്. നാലു വര്‍ഷത്തിനിടെ 9,91,640 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. ഈ വര്‍ഷം 1,57,096 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. വായ്പാ തട്ടിപ്പുകാരില്‍ ഒന്നാമന്‍ മെഹുല്‍ ചോക്സിയും അദ്ദേഹത്തിന്റെ ഗീതാന്‍ജലി ജെംസുമാണ്. 7,110 കോടി രൂപയുടെ വായ്പാ തട്ടിപ്പ്. പത്തു കമ്പനികളാണ് 37,441 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയത്.

◼️സര്‍ക്കാര്‍ സമര്‍പ്പിച്ച 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കമുള്ളവയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ നീരസം പ്രകടിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ചീഫ് സെക്രട്ടറിയോടു സംസാരിച്ചത്.

◼️സ്വകാര്യ സംരംഭങ്ങളെ അനുവദിച്ചുകൊണ്ട് വൈദ്യുതി നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബില്ലിനെതിരെ വൈദ്യുതി ജീവനക്കാരുടെ ദേശവ്യാപക പണിമുടക്ക് ഇന്ന്. കേരളത്തിലെ കെഎസ്ഇബിയിലും പണിമുടക്കാണ്. ആവശ്യസേവനങ്ങള്‍ക്കു മാത്രമേ ജീവനക്കാര്‍ ഉണ്ടാകൂ. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകര്‍ക്കുകയാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിമര്‍ശനം.

◼️സ്വര്‍ണക്കടത്തു കേസില്‍ ദുരൂഹതകള്‍ തുടരവേ, കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനെ കൂടി കാണാതായി. കോഴിക്കോട് നാദാപുരം സ്വദേശിയായ അനസ് എന്ന യുവാവിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസിനു പരാതി നല്‍കി. ഖത്തറില്‍നിന്ന് കഴിഞ്ഞ മാസം 20 ന് കരിപ്പൂരില്‍ വിമാനമിറങ്ങിയതാണ്. എന്നാല്‍ ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല. അനസ് നാട്ടിലെത്തിയതിനു തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ ഭാര്യവീട്ടില്‍ തിരക്കി എത്തിയിരുന്നു. ഖത്തറില്‍ നിന്നു കൊണ്ടുവന്ന സാധനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

◼️കാണാതായ തൃശൂര്‍ സ്വദേശി ഹഫ്സല്‍ ഉള്‍പെടെ 14 പേര്‍ തലശേരിയില്‍ പിടിയില്‍. ഇവര്‍ സ്വര്‍ണക്കടത്തു സംഘാംഗങ്ങളാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹഫ്സലിനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയിരുന്നു. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നു ഹഫ്സല്‍ പറഞ്ഞു. ഹോട്ടലില്‍നിന്നാണ് ഇയാളടക്കം 14 പേരെ കസ്റ്റഡിയിലെടുത്തത്.

◼️ഇടമലയാര്‍ ഡാം നാളെ രാവിലെ 10 ന് തുറക്കും. ആദ്യം 50 ക്യുമെക്സും തുടര്‍ന്ന് 100 ക്യുമെക്സും വെള്ളം തുറന്നു വിടും. ഭൂതത്താന്‍കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്ത് എത്തും. ബാണാസുരസാഗര്‍, കക്കി ആനത്തോട് ഡാമുകളുടെ ഷട്ടറുകളും ഇന്നു രാവിലെ തുറക്കും. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു. ആറു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു.

◼️ഇടുക്കി അണക്കെട്ടില്‍ നിന്ന് ഇന്ന് കൂടുതല്‍ വെള്ളം തുറന്നു വിടും. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനുള്ള സാധ്യത പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റിയുടെ തീരുമാനം. നിലവില്‍ മൂന്നു ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.

◼️മഴയും മണ്ണിടിച്ചില്‍ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി, തൃശൂര്‍ ജില്ലകളിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര നിരോധിച്ചു. മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. ബീച്ചിലേക്കും പോകരുതെന്നാണ് നിര്‍ദേശം.

◼️സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഉടനേ അംഗീകാരം വേണമെന്ന് നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അവശ്യ ഭക്ഷ്യസാധനങ്ങള്‍ക്കു ജിഎസ്ടി ചുമത്തിയ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◼️ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ നെടുമ്പാശേരിയിലെ കുഴിയില്‍ വീണ് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ച സംഭവത്തില്‍ പോലീസ് ദേശീയപാത അധികൃതര്‍ക്കും കരാറുകാര്‍ക്കുമെതിരേ കേസെടുത്തു. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താന്‍ പരിശോധനകള്‍ തുടരുന്നു.

◼️എറണാകുളത്ത് കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ദേശീയ പാതയിലെ കുഴികളടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും പാലിയേക്കര ടോള്‍ പ്ലാസ ഉപരോധിച്ചു. പൊലീസ് എത്തി പാലിയേക്കര മുതല്‍ ഇടപ്പള്ളി വരെയുളള കുഴികള്‍ പെട്ടന്ന് അടയക്കുമെന്ന ഉറപ്പു നല്‍കിയതോടെ സമരം അവസാനിപ്പിച്ചു.

◼️ഏതു വകുപ്പിന്റെ റോഡാണെങ്കിലും കുഴികള്‍ ഉണ്ടാകരുതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എല്ലാക്കാലത്തും റോഡുകളില്‍ കുഴിയുണ്ടായിരുന്നു. ഡിഎല്‍പി ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളില്‍ നില മെച്ചപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

◼️സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന് ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്നതിലും തിരുവല്ല താലൂക്കാശുപത്രിയില്‍  ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ 'ജനക്കൂട്ട വിചാരണയിലും' പ്രതിഷേധിച്ച് കെജിഎംഒഎ. സംസ്ഥാനത്തെ  സര്‍ക്കാര്‍ ആശുപത്രികളിലെ ഗുരുതരമായ മരുന്ന് ക്ഷാമവും മറ്റും പലപ്പോഴായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും കെജിഎംഒഎ.

◼️കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന്  സിപിഎം തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ ആരോപണം. സിപിഎം മന്ത്രിമാരില്‍ ചിലര്‍ ബൂര്‍ഷാ മന്ത്രിമാരെ പോലെ പെരുമാറുന്നു. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായി എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

◼️ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന ചോദ്യത്തിന് സത്യത്തിനൊപ്പമെന്നു കുഞ്ചാക്കോ ബോബന്‍. എല്ലാക്കാലത്തും സത്യത്തിന് ഒപ്പം നില്‍ക്കുക എന്നതാണു താന്‍ സ്വീകരിച്ച നിലപാടെന്നും നടന്‍ പറഞ്ഞു. സത്യം ആത്യന്തികമായി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◼️എസ്എടി ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ കുട്ടിയുടെ അച്ഛനും സഹോദരനും അത്യാഹിത വിഭാഗത്തില്‍ ആംബുലന്‍സ് ജീവനക്കാരുടെ മര്‍ദ്ദനം. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. കൈയ്യിലെ എല്ല് മൂന്നായി ഒടിഞ്ഞ ഏഴ് വയസുകാരി ഫാത്തിമയെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആംബുലന്‍സിനു കടന്നുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ആശുപത്രിക്കു പുറത്തുനിന്ന് തുടങ്ങിയ തര്‍ക്കമാണ് അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ചു കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്.

◼️തിരുവനന്തപുരം കേശവദാസപുരത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍. കേശവദാസപുരം ദേവസ്വം ലെയിനില്‍ താമസിക്കുന്ന 60 വയസുള്ള മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകള്‍ കെട്ടിയിട്ട നിലയില്‍ സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

◼️കണ്ണൂര്‍ കണ്ണപുരം യോഗശാലക്കു സമീപത്ത് അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് 90 കുപ്പി മദ്യം പിടികൂടി. മാഹിയില്‍നിന്ന് കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്. പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

◼️കനത്ത മഴമൂലം കോട്ടയം വൈക്കത്ത് മത്സ്യകൃഷി ഫാമുകളിലേക്കു കായല്‍വെള്ളം കലര്‍ന്ന് കരിമീന്‍ അടക്കമുള്ള മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മല്‍സ്യകര്‍ഷകര്‍ക്കു ഭീമമായ നഷ്ടമാണുണ്ടായത്.

◼️സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകയായി സിപിഎമ്മിന്റെ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. ബാലഗോകുലം മാതൃസമ്മേളനത്തില്‍ മേയര്‍ നടത്തിയ പ്രസംഗവും ഭക്തിനിര്‍ഭരമായിരുന്നു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്.

◼️ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും  കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വിശ്വാസ സംരക്ഷണ മഹാ സംഗമം നടത്തി. എന്നാല്‍ മാര്‍പാപ്പായുടെ നിര്‍ദേശമനുസരിച്ചാണ് കുര്‍ബാന ഏകീകരിക്കാന്‍ സിനഡ് തീരുമാനിച്ചതെന്നും കത്തോലിക്കാ സഭയുടെ അച്ചടക്കവും ഭരണ സംവിധാനവും ലംഘിക്കുന്നതു തെറ്റാണെന്നുമാണ്  സിറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ വിശദീകരണം.

◼️ബിഹാര്‍ മുഖ്യമന്ത്രിയുടെ ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ എന്‍ഡിഎ വിടാനൊരുങ്ങുന്നു. പ്രതിപക്ഷ നേതാക്കളുമായും സോണിയാ ഗാന്ധിയുമായും സംസാരിച്ചെന്നാണ് വിവരം. പാറ്റനയില്‍ എംപിമാരുടെ യോഗവും നിതീഷ് കുമാര്‍ വിളിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ ഇനി ചേരില്ലെന്നാണു തീരുമാനം. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി വിളിച്ച നീതി ആയോഗ് യോഗത്തിലും നിതീഷ്‌കുമാര്‍ പങ്കെടുത്തിരുന്നില്ല.

◼️ചെന്നൈയിലെ കപ്പല്‍ശാലയില്‍ അമേരിക്കന്‍ നാവികസേനാ കപ്പല്‍ അറ്റകുറ്റപ്പണിക്കായി എത്തി. ചാള്‍സ് ഡ്രൂ എന്ന കപ്പലാണ് പതിനൊന്നു ദിവസത്തെ പണികള്‍ക്കായി ഇവിടെ എത്തിയത്.

◼️ജാര്‍ക്കണ്ഡിലെ ധന്‍ബാദ് അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും സിബിഐ കോടതി മരണംവരെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 28 നാണ് ഓട്ടോ ഇടിച്ചു കൊലപ്പെടുത്തിയത്.

◼️ഭാര്യയെ വന്‍തുകയ്ക്ക് ഇന്‍ഷ്വര്‍ ചെയ്ത് വെടിവച്ചുകൊണ്ട് ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. മധ്യപ്രദേശിലെ രാജ്ഗര്‍ഹ് ജില്ലയിലെ ഭദ്രിപ്രസാദ് മീണയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

◼️സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു. സൗദിയില്‍ അസീര്‍ മേഖലയിലെ അല്‍ ഹരീദയിലാണ് ഏവിയേഷന്‍ ക്ലബ്ബിന്റെ എച്ച് ഇസെഡ്-എസ്എഎല്‍ എന്ന ചെറുവിമാനം തകര്‍ന്നുവീണത്.

◼️ബംഗ്ലാദേശില്‍ ഇന്ധന വില 52 ശതമാനം വര്‍ധിപ്പിച്ചു. ശ്രീലങ്കയിലേതിനു സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു പതിക്കുന്ന ബംഗ്ലാദേശില്‍ വിദേശനാണ്യശേഖരം തകര്‍ന്നിരിക്കുകയാണ്. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി.

◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്നലെ 5 സ്വര്‍ണമടക്കം 14 മെഡലുകള്‍. ടേബിള്‍ ടെന്നിസ് മിക്സഡ് ഡബിള്‍സില്‍ ശരത് കമാലും ശ്രീജാ അകുളയും സ്വര്‍ണ നേടിയപ്പോള്‍ ബോക്സിംഗില്‍ നിഖാത് നസ്രീനും അമിത് പാംഗലും നിതു ഗംഗാസും സ്വര്‍ണം നേടി. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ മലയാളിതാരം എല്‍ദോസ് പോള്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചിലെത്തിച്ചു. ഇതോടെ 18 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവും നേടി ഇന്ത്യ മെഡല്‍ നേട്ടം 55-ല്‍ എത്തിച്ചു

◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഹോക്കിയില്‍ ന്യൂസിലാണ്ടിനെ തോല്‍പിച്ച ഇന്ത്യക്ക് വെങ്കലം. അതേസമയം വനിതകളുടെ ക്രിക്കറ്റില്‍ ഓസ്ട്രേലിയയോട് ഫൈനലില്‍ തോറ്റ ഇന്ത്യ വെള്ളി നേടി.

◼️വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 88 റണ്‍സിന്റെ ആധികാരിക വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ അര്‍ദ്ധസെഞ്ച്വറിയുടെ കരുത്തില്‍ 20 ഓവറില്‍ 188 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.

◼️ഇന്ധനവില കൂട്ടാത്തതിനെ തുടര്‍ന്ന് റെക്കോര്‍ഡ് നഷ്ടം നേരിട്ട് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. 10,196.94 കോടിയുടെ നഷ്ടമാണ് എച്ച്.പി.സി.എല്ലിനുണ്ടായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് കമ്പനി കനത്ത നഷ്ടം നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ 1,795 കോടി ലാഭമുണ്ടായ സ്ഥാനത്താണിത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എച്ച്.പി.സി.എല്ലിന് പുറമേ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികളെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. ഇന്ധനവില കൂടി കൂട്ടിയാല്‍ പണപ്പെരുപ്പം വന്‍തോതില്‍ ഉയരുമായിരുന്നു. ഇത് തടയുന്നതിനായിരുന്നു കമ്പനികളുടെ നടപടി.  നേരത്തെ ഐ.ഒ.സിക്ക് നഷ്ടം നേരിട്ടിരുന്നു 1,992.53 കോടിയുടെ നഷ്ടമാണ് ഐ.ഒ.സിക്ക് ഉണ്ടായത്.

◼️ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം അടുത്ത മൂന്ന് വര്‍ഷത്തിനകം മൂന്ന് ഇരട്ടിയായി ഉയര്‍ത്താനുള്ള ഒരുക്കത്തില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. മലയാളിയായ എം.എ. യൂസഫലിയുടെ കീഴിലുള്ള യുഎഇ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനി രാജ്യത്ത് റീറ്റൈയ്ല്‍ മേഖലയില്‍ വന്‍ നിക്ഷേപത്തിനാണ് പദ്ധതിയിടുന്നത്. 19,000 കോടി രൂപയാണ് രാജ്യത്ത് വിവിധയിടങ്ങളിലായി കമ്പനി നിക്ഷേപിക്കുക. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായിരിക്കും നിക്ഷേപം. ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 12 വലിയ മാളുകള്‍ കൂടി തുറക്കും.
കേരളത്തിലും ബംഗളുരുവിലുമായി 0.5 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലുള്ള ചെറിയ മാളുകളാണ് പദ്ധതിയിട്ടിരിക്കുന്നത്.

◼️സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. വിവിധ ഭാവങ്ങളിലുള്ള അപര്‍ണ ബാലമുരളിയാണ് പോസ്റ്ററില്‍. മന്ദാഹാസത്തില്‍ നിന്ന് വശങ്ങളിലേക്ക് നോക്കിയാല്‍ രൗദ്ര ഭാവവും ദീന ഭാവവും കാണാം. അപര്‍ണ്ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രത്തില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, സജിന്‍ ഗോപു, ഭാഗ്യരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവും എഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു.

◼️ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സീതാ രാമം കഴിഞ്ഞ ദിവസമാണ് റീലിസിനെത്തിയത്. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ആദ്യ ദിനം ആഗോള ഗ്രോസ്സായി അഞ്ചു കോടിയിലേറെയാണ് ഈ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. അതില്‍ ഒന്നരകോടിയിലേറെ നേടിയത് യു എസ് മാര്‍ക്കറ്റില്‍ നിന്നാണ്. യു എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ആദ്യ മലയാള താരം എന്ന റെക്കോര്‍ഡ് ഇതിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയെടുത്തു. യു എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ അഥവാ 1.67 കോടിയോളം ഗ്രോസ്സാണ് ആദ്യദിനം സീതാ രാമം നേടിയത്.

◼️ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഫ്രീഡം കാര്‍ണിവല്‍ ഓഫറിന് കീഴില്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 60,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബര്‍ എംപിവി, കിഗര്‍ കോംപാക്ട് എസ്യുവി എന്നിവയാണ് മോഡലുകള്‍. ഓഫറിന് കീഴില്‍, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയ്ക്ക് പുറമേ 5,000 രൂപയുടെ സൗജന്യ ആക്‌സസറികളും റെനോ വാഗ്ദാനം ചെയ്യുന്നു. കൃത്യമായ കിഴിവ് തുകയുടെ അടിസ്ഥാനത്തില്‍ റെനോ ട്രൈബര്‍ എംപിവിക്ക് ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റെനോ കിഗറിന് ഏറ്റവും കുറവ് ലഭിക്കുന്നു. ഫ്രീഡം കാര്‍ണിവല്‍ ഓഫര്‍ ഓഗസ്റ്റ് 16 വരെ നീണ്ടുനില്‍ക്കും.

◼️അദ്ധ്യാപകനും എഴുത്തുകാരനും സര്‍വ്വോപരി ചിന്തകനുമായ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അനുഭവിച്ച അര്‍ബ്ബുദം എന്ന രോഗത്തിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നര്‍മ്മത്തിന്റെ മേമ്പൊടിയും ഉള്‍ക്കാഴ്ചയുള്ള ഭാഷയുംകൊണ്ട് സമ്പന്നമായ കൃതി. 'അര്‍ബ്ബുദം എന്നൊരാശങ്ക'. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍. ഗ്രീന്‍ ബുക്സ്. വില 214 രൂപ.

◼️കഴുത്തുവേദന തന്നെ പല വിധത്തിലുണ്ട്. ഇതിന് പല കാരണങ്ങളും വരാറുണ്ട്. ഓസിപിറ്റല്‍ ന്യൂറാള്‍ജിയ: കഴുത്തിന്റെ മുകള്‍ഭാഗം, തലയുടെ പിന്‍ഭാഗം എന്നിവിടങ്ങളിലായി വേദന അനുഭവപ്പെടുന്നത് ഇതാകാം. അതുപോലെ തന്നെ ചെവികള്‍ക്ക് പിന്നിലും വേദനയുണ്ടാകാം. ഓസിപിറ്റല്‍ നാഡികള്‍ക്ക് സംഭവിക്കുന്ന പരുക്കോ അണുബാധയോ ആകാം ഇതിന് കാരണമാകുന്നത്. സെര്‍വിക്കല്‍ റഡിക്കുലോതി: കഴുത്തിലെ ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന കഴുത്ത് വേദനയാണിത്. ഇത് കഴുത്തില്‍ അസഹനീയമായ വേദനയുണ്ടാക്കാം. കഴുത്തില്‍ മാത്രമല്ല, തോള്‍ഭാഗം, കൈകള്‍, വിരലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം വേദന വ്യാപിച്ചുവരാം. ഫേസറ്റ് ആര്‍ത്രോപതി : കഴുത്തില്‍ നട്ടെല്ലിന്റെ ചെറിയ സന്ധികളിലായി വാതം ബാധിക്കുന്നതോടെ അനുഭവപ്പെടുന്ന കഴുത്ത് വേദനയാണിത്. അധികവും പ്രായമായവരിലും വാതമുള്ളവരിലുമാണ് ഈ പ്രശ്നം കാണപ്പെടുന്നത്. മയോഫേഷ്യല്‍ പെയിന്‍ സിന്‍ഡ്രോം: കഴുത്തിലെ പേശികള്‍ ബാധിക്കപ്പെടുന്നതിന്റെ ഭാഗമായുണ്ടാകുന്ന വേദനയാണിത്. കഴുത്തിന് പുറമെ മുതുക്, തോള്‍, നെഞ്ച് എന്നിവിടങ്ങളിലും ഇതിന്റെ വേദന വരാം. ഇത് ആവര്‍ത്തിച്ചുള്ള ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍, അതുവഴി പേശികള്‍ക്ക് വരുന്ന സമ്മര്‍ദ്ദം, പേശികളിലെ പരുക്ക്, ഇരിപ്പോ നടപ്പോ കൃത്യമായ ഘടനയില്‍ ആകാതെ പതിവാകുന്നത്  തുടങ്ങി പല പ്രശ്നങ്ങള്‍ മൂലവും വരാം. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് : സെര്‍വിക്കല്‍ സ്പൈനില്‍ പ്രായാധിക്യം മൂലമുണ്ടാകുന്ന ശോഷണത്തെ തുടര്‍ന്നുണ്ടാകുന്ന വേദനയാണിത്. കഴുത്തില്‍ മുറുക്കം വേദന എന്നിവയാണിതില്‍ അനുഭപ്പെടുക. വിപ്ലാഷ് നെക്ക്പെയിന്‍: കഴുത്തിന് പെട്ടെന്നുള്ള ആഘാതങ്ങള്‍ മൂലമേല്‍ക്കുന്ന പരുക്ക്, ഉളുക്ക് എന്നിവ മൂലമുണ്ടാകുന്ന വേദനയാണിത്. അധികവും അപകടങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. പ്രത്യേകിച്ച് വാഹനാപകടങ്ങളില്‍. ഫൈബ്രോമയാള്‍ജിയ : ഉറക്കപ്രശ്നം, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന കഴുത്തുവേദനയാണിത്. മാനസികപ്രശ്നങ്ങള്‍ മൂലവും കഴുത്തുവേദനയുണ്ടാകാം. ഉത്കണ്ഠ, വിഷാദരോഗം എന്നിവയെല്ലാം ഉദാഹരണമാണ്.

*ശുഭദിനം*

ആറാമത്തെ വയസ്സില്‍ ആ പെണ്‍കുട്ടിയ്ക്ക് തന്റെ അമ്മയെ നഷ്ടമായി.  അവിടുന്നങ്ങോട്ട് അച്ഛനും അവളും മാത്രമായി.  തന്റെ മകള്‍ നന്നായി പഠിക്കണമെന്നും വലിയ വിജയങ്ങള്‍ നേടണമെന്നും അദ്ദേഹം ആഗ്രഹിച്ചു.  അച്ഛന്റെ ആഗ്രഹത്തിനൊത്ത് പഠിക്കാന്‍ ശ്രമിച്ചെങ്കിലും പലയിടത്തും വിജയിക്കാനായില്ല.  നല്ല പ്രതീക്ഷയോടെ എഴുതിയ മെഡിക്കല്‍ എന്‍ട്രന്‍സും പരാജയമായി മാറി.  പിന്നീട് വെറ്ററിനറി ഡോക്ടറാകാനുള്ള പരീക്ഷക്ക് ശ്രമിച്ചു അതില്‍ പാസ്സായി.  ആ കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ മൂന്നാം റാങ്കോടെ അവള്‍ തന്റെ പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് എഴുതി ചേര്‍ത്തു.  പെണ്‍കുട്ടികള്‍ അധികാരമുള്ള തൊഴിലിടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാത്രമേ സമൂഹം അവരെ ശരിയായ വിധത്തില്‍ പരിഗണിക്കൂ എന്ന് അച്ഛന്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു.  അങ്ങനെയാണ് ഐഎഎസ് എന്ന സ്വപ്നം മനസ്സില്‍ മുളപൊട്ടിയത്.  പക്ഷേ, അതിനുള്ള കോച്ചിങ്ങിനുള്ള പൈസയ്ക്ക് അച്ഛനെ ബുദ്ധിമുട്ടിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല.  മൂന്ന ്മാസത്തോളം റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്തു നേടിയ പണം കൊണ്ട് ചെന്നൈയിലെ പരിശീലന സ്ഥാനത്തില്‍ കോച്ചിങ്ങിന് ചേര്‍ന്നു.  ചെന്നെയില്‍ ഒരു കോളേജില്‍ പിജിക്ക് അഡ്മിഷന്‍ കിട്ടിയെന്നാണ് അച്ഛനോട് പറഞ്ഞത്. ഫീസടച്ചപ്പോള്‍ തന്നെ നിത്യജീവിത്തിന് പോലും പണമില്ലാതായി. പുസ്തകം വാങ്ങാന്‍ കാശില്ലാതെയായപ്പോള്‍ സുഹൃത്തുക്കള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പങ്കുവെച്ചു.  8 മാസത്തോളം ചെന്നൈയില്‍ തങ്ങി. 2015 ലെ ഐഎഎസ് പ്രിലിമിനറി പരീക്ഷയില്‍ വന്‍ പരാജയം ഏറ്റുവാങ്ങി. ആ സമയത്താണ് ഹരിയാനയിലെ ബറോലിയിലെ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജിക്ക് അഡ്മിഷന്‍ കിട്ടിയത്.  ആദ്യത്തെ സെമസ്റ്റര്‍ ബ്രേക്കില്‍ നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ വീണ്ടും ഒരിക്കല്‍ കൂടി ചെന്നൈയിലെ എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററില്‍ കയറി.  വീണ്ടും ഒരിക്കല്‍ കൂടി പഠിക്കാനും ഒപ്പം പിജി കൊണ്ടുപോകാനും തീരുമാനിച്ചു.  2016 ലെ പ്രിലിമിനറി റിസള്‍ട്ട് അവര്‍ക്ക് ആശ്വസിക്കാനുള്ള വക നല്‍കി.  898 മാര്‍ക്കോടെ മെയിന്‍ പാസ്സായി.  പിന്നെ ഡല്‍ഹിയിലെ ഇന്റര്‍വ്യൂ.  അവസാനം പിറന്നാള്‍ ദിവസം റിസള്‍ട്ട് വന്നു.  42-ാം റാങ്ക്.  ഇത് കൊല്ലം പോരുവഴി മുരളീധരന്റെ മകള്‍ അനുവിന്റെ കഥ.. ഇപ്പോള്‍ തമിഴ്‌നാട് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഡോ.അനു മുരളി.  ജീവിതമാണ് പരീക്ഷക്കപ്പെടും, തോല്‍വികള്‍ കടന്നുവരും, തോല്‍വി ഒന്നിന്റെയും അവസാനവാക്കല്ല, വിജയമുറപ്പിക്കുന്നതിനുള്ള ആദ്യ പടിയാണ്.  ഓരോ തോല്‍വികളേയും നമുക്ക് ചവിട്ടുപടികളാക്കാം.. വിജയത്തിലേക്കുളള ചവിട്ടുപടികള്‍ - *ശുഭദിനം.* 
മീഡിയ16