◼️ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ നേടിയത് 182 വോട്ടാണ്. 346 വോട്ടിന്റെ ഭൂരിപക്ഷം. എംപിമാരും എംഎല്‍എമാരും അടക്കം 788 പേരടങ്ങുന്ന വോട്ടര്‍പട്ടികയില്‍ 725 പേരാണു വോട്ടു ചെയ്തത്. 15 വോട്ട് അസാധുവായി.
◼️സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനരഹിത അവധി കാലാവധി 20 വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമാക്കി ചുരക്കി. ഇതുസബന്ധിച്ച ഉത്തരവ് 2020 ല്‍ പുറത്തിറക്കിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
◼️ഇന്നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിതി ആയോഗ് യോഗം ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കും. ബിജെപിയുമായി ഭിന്നത പ്രകടമാക്കിക്കൊണ്ടാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണം. യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
◼️ദേശീയപാതകളിലെ കുഴികള്‍ അടയ്ക്കണമെന്ന് ദേശീയ പാത അതോറിറ്റിക്കു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയത്. നെടുമ്പാശേരി ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തെത്തുടര്‍ന്നാണു നടപടി.
◼️വടകരയില്‍ കസ്റ്റഡിയില്‍ സജീവന്‍ മരിച്ചതു പോലീസിന്റെ മര്‍ദനംമൂലമാണെന്ന് ക്രൈംബ്രാഞ്ച്. ഹൃദയാഘാതം ഉണ്ടാകുന്നതിലേക്കു നയിച്ചത് പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനമാണ്. ശരീരത്തില്‍ 11 ഇടത്ത് പരിക്കുകളുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസെടുത്തു. സസ്പെന്‍ഷനിലുള്ള എസ്ഐ എം. നിജേഷ്, എഎസ്ഐ അരുണ്‍ കുമാര്‍, സിപിഒ ഗിരീഷ് എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു റിപ്പോര്‍ട്ട്.
◼️ഇടുക്കി അണക്കെട്ട് ഇന്നു തുറക്കും. അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളില്‍ ഒന്ന് 70 സെമീ ഉയര്‍ത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങളെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കും.
◼️വീണ്ടും മഴ ഭീഷണി. ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ ശക്തമായി തുടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.
◼️മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി. പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ട വിരുദ്ധമാണെന്ന് ആരോപിച്ചുള്ള പരാതിയിലാണു നടപടി.
◼️ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിക്കുന്നതു നിരോധിച്ചു. ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 1000 രൂപ പിഴ ഈടാക്കാനും മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
◼️പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന '916 നാസറി'ന്റെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയായ സ്വാലിഹ് കുടുംബസമേതം വിദേശത്തേക്കു കടന്നിരുന്നു. സ്വാലിഹിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.
◼️സംസ്ഥാനത്തെ കുട്ടികളുടെ അനാഥശാലകളില്‍ 9893 കുട്ടികള്‍. ബാലനീതി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര വിഭാഗങ്ങളിലുള്ള 627 സംരക്ഷണ സ്ഥാപനങ്ങളിലാണ് ഇത്രയും കുട്ടികള്‍ കഴിയുന്നത്. ഇതില്‍ 168 കുട്ടികള്‍ നിയമപരപമായ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കി ദത്ത് കാത്തിരിക്കുന്നവരാണ്.
◼️നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് സിനിമയില്‍ അഭിനയിപ്പിക്കാമെങ്കില്‍ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായി ജോലി ചെയ്യാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിലും ജോലി ചെയ്യിക്കരുതെന്ന സിപിഐ നിലപാട് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
◼️കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കാണാന്‍ മോഹന്‍ലാല്‍ എത്തി. നടനും സംവിധായകനുമായ മേജര്‍ രവിയും ഒപ്പമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിക്രാന്ത് നാവികസനേയുടെ ഭാഗമാകും. കപ്പലില്‍ നാവിക സേനാംഗങ്ങള്‍ക്ക് ഒപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
◼️നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസായിരുന്നു. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. അസുഖ ബാധിതനായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
◼️ട്രെയിന്‍ വരുന്നതുകണ്ട് വശത്തേക്ക് ഒതുങ്ങിനിന്ന യുവതി തോട്ടില്‍ വീണു മരിച്ചു. ചാലക്കുടി വി.ആര്‍.പുരം സ്വദേശിയായ ദേവി കൃഷ്ണയാണ് മരിച്ചത്.
◼️കൊല്ലത്ത് സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദനമേറ്റത്. യുവാവിനെ വിളിച്ചുവരുത്തി കാലു പിടിപ്പിച്ചശേഷമായിരുന്നു മര്‍ദനം. കേസില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
◼️കാലവര്‍ഷക്കെടുതിയില്‍ ക്ഷീര മേഖലയില്‍ 42.85 ലക്ഷം രൂപയുടെ നാശനഷ്ടം. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിച്ച ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
◼️ഹരിപ്പാട് മണ്ണാര്‍ശാലയില്‍ 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തില്‍ വീട്ടില്‍ ശ്യാമകുമാറിന്റെ മകള്‍ ദൃശ്യയാണ് മരിച്ചത്. കുളിപ്പിക്കവേ കിണറ്റില്‍ വീണതെന്നാണ് കുട്ടിയുടെ മാനസിക പ്രശ്നങ്ങളുള്ള അമ്മ ദീപ്തി മൊഴി നല്‍കിയത്.
◼️കേന്ദ്ര സര്‍വകലശാലകളിലെ ബിരുദ പ്രവേശനപരീക്ഷയായ സിയുഇടിയില്‍ ആശയക്കുഴപ്പം. തുടര്‍ച്ചയായ മൂന്നാം ദിവസവും പല സെന്ററുകളിലേയും പരീക്ഷ മാറ്റി.
◼️സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ എക്സാം, ഹെഡ് കോണ്‍സ്റ്റബിള്‍, മള്‍ട്ടി ടാസ്‌കിംഗ്സ്റ്റാഫ് എന്നീ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. കമ്പൈന്‍ഡ് ഹയര്‍സെക്കണ്ടറി ലെവല്‍ പരീക്ഷ സെപ്റ്റംബര്‍ 18 നു നടക്കും. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ഹവല്‍ദാര്‍ പരീക്ഷ നവംബര്‍ ആറിനു നടക്കും.
◼️റേഷന്‍ കാര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ പൊതു രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഭവനരഹിതര്‍, നിരാലംബര്‍, കുടിയേറ്റക്കാര്‍, മറ്റ് അര്‍ഹരായ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനായാണ് വെബ് അധിഷ്ഠിത രജിസ്ട്രേഷന്‍ ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രജിസ്ട്രേഷന്‍. തത്കാലം കേരളത്തില്‍ നടപ്പാക്കുന്നില്ല.
◼️ജെഡിയുവിന്റെ മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാമചന്ദ്ര പ്രസാദ് സിങ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഇദ്ദേഹത്തിന്റെയും മക്കളുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെ വിശദവിവരങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകേയാണ് രാജിവച്ചത്.
◼️ഓണ്‍ലൈനില്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കാമെന്നു പറഞ്ഞ് വനിതാ ഐഎഎസ് ഉദ്യോഗസ്ഥയില്‍നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു. ഡല്‍ഹിയില്‍ സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റര്‍ജിയാണ് പരാതിക്കാരി. ക്രെഡിറ്റ് കാര്‍ഡ് നമ്പറും ഒടിപിയും കൈക്കലാക്കിയാണ് തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തത്.
◼️ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ടാറ്റൂ കുത്തിയ രണ്ടു പേര്‍ എച്ച്‌ഐവി ബാധിതരായി. നിരക്കു കുറഞ്ഞ ടാറ്റൂ പാര്‍ലറുകളില്‍ ടാറ്റൂ ചെയ്തവര്‍ക്കാണ് രോഗബാധയുണ്ടായത്. ടാറ്റൂ കേന്ദ്രങ്ങളില്‍ പോകന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
◼️ഉത്തര്‍പ്രദേശില്‍ വൃദ്ധനായ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബിജ്‌നോറിലെ ഷെര്‍ക്കോട്ട് പ്രദേശത്തെ ബെഗറാം എന്ന എഴുപതുകാരനാണ് കൊല്ലപ്പെട്ടത്.
◼️നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. ഗുജറാത്തിലെ സബര്‍കന്തയിലെ ഗംഭോയ് ഗ്രാമത്തില്‍ കുഞ്ഞിന്റെ അച്ഛനായ ഷൈലേഷ് ബജാനിയയെയും അമ്മ മഞ്ജുളയെയുമാണു പോലീസ് പിടികൂടിയത്. പാടത്ത് ജോലിക്കെത്തിയവരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ജനിക്കുമ്പോള്‍ ആരോഗ്യം കുറവായതിനാല്‍ ചികിത്സാചെലവ് താങ്ങാന്‍ കഴിയില്ലെന്നു ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു മാതാപിതാക്കള്‍ മൊഴി നല്‍കി.
◼️ഡല്‍ഹിയില്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനു മര്‍ദ്ദനം. പന്ത്രണ്ടംഗ സംഘം പൊലീസുകാരനെ വളഞ്ഞുനിന്ന് മുഖത്തടിക്കുകയും തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റേഷനിലെ പൊലീസുകാര്‍ പ്രതികരിച്ചില്ലെന്നു വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍.
◼️ചൈനീസ് 'ഗവേഷണ' കപ്പലിനോട് നങ്കൂരമിടാന്‍ വരരുതെന്ന് ശ്രീലങ്ക. യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്ത് എത്തുന്നത് മാറ്റിവക്കണമെന്ന് ചൈനയോട് ശ്രീലങ്ക ആവശ്യപ്പെട്ടു. ഗവേഷണക്കപ്പലെന്ന പേരില്‍ ലങ്കയിലേക്കു വരുന്ന ചൈനയുടെ ചാരക്കപ്പലിന് ഇടം നല്‍കരുതെന്ന ഇന്ത്യയുടെ നിലപാട് മാനിച്ചാണ് ശ്രീലങ്ക തീരുമാനം അറിയിച്ചത്.
◼️പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് നിയമസഭാംഗങ്ങള്‍ രാജിവച്ച ഒമ്പത് നിയമസഭാ സീറ്റുകളിലും താന്‍ തന്നെ മത്സരിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാനെ അവിശ്വാസ വോട്ടിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് പിടിഐയുടെ 123 സഭാംഗങ്ങള്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചിരുന്നു. ഇവരില്‍ 11 പേരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചു. ഇതില്‍ ഒമ്പതിടത്താണ് സെപ്റ്റംബര്‍ 25 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
◼️പാകിസ്ഥാനിലെ വിവിധ കമ്പനികളില്‍ നൂറു കോടി ഡോളര്‍ നിക്ഷേപത്തിന് യുഎഇ. വിവിധ മേഖലകളിലെ പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് യുഎഇയുടെ നീക്കം.
◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്നലെ നാല് സ്വര്‍ണമടക്കം 14 മെഡലുകള്‍. വിനേഷ് ഫോഗട്ടും രവികുമാര്‍ ദഹിയയും നവീനും ഗുസ്തിയില്‍ സ്വര്‍ണം നേടിയപ്പോള്‍ പാരാ ടേബിള്‍ ടെന്നിസില്‍ ഭവിനാ പട്ടേല്‍ ഇന്ത്യക്കായി ഇന്നലെ നാലാമത്തെ സ്വര്‍ണം നേടി. 10 കിലോമീറ്റര്‍ റേസ് വോക്കില്‍ പ്രിയങ്ക ഗോസ്വാമിയും പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബിളും പുരുഷന്‍മാരുടെ ലോണ്‍സ് ബൗള്‍ ടീമും ഇന്നലെ വെള്ളി മെഡല്‍ സ്വന്തമാക്കി. ഗുസ്തിയില്‍ പൂജ ഗെലോട്ടും ദീപക് നെഹ്റയും പൂജ സിങ്ങും ബോക്സിംഗില്‍ ജെയ്സ്മൈന്‍ ലംബോറിയയും മൊഹമ്മദ് ഹുസമുദ്ദീനും രോഹിത് ടോക്കാസും പാരാ ടേബിള്‍ ടെന്നിസില്‍ സോനാള്‍ബെന്‍ പട്ടേല്‍ വെങ്കലവും നേടി. ഇതോടെ 13 സ്വര്‍ണവും 11 വെള്ളിയും 16 വെങ്കലവും നേടിയ ഇന്ത്യയുടെ മെഡല്‍ നേട്ടം 40 ആയി.
◼️വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 59 റണ്‍സിന്റെ ആധികാരിക ജയം, ഒപ്പം പരമ്പര വിജയവും. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. പരമ്പരയിലെ അഞ്ചാമത്തെ മത്സരം ഇന്ന് നടക്കും.
◼️ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ആരംഭിച്ചു. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുന്‍നിര ഇ കൊമേഴ്സ് കമ്പനികളായ ആമസോണും, ഫ്ലിപ്കാര്‍ട്ടും വന്‍ ഓഫര്‍ വില്‍പനയാണ് നടത്തുന്നത്. ഫോണുകള്‍, ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, ഫാഷന്‍, സൗന്ദര്യ വസ്തുക്കള്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍, ദൈനംദിന ആവശ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ മികച്ച ഓഫര്‍ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 1,500 വീണ്ടും കുറയും. സെലക്ട് ചെയ്യുന്ന ഉല്പന്നങ്ങളില്‍ ചില ഓഫറുകളും സെയില്‍ ഇവന്റില്‍ രാത്രി എട്ടു മണി മുതല്‍ അര്‍ധരാത്രി വരെ ലഭിക്കുന്ന പരിമിതകാല ഡീലുകളും ഉണ്ടാകും.
◼️യൂട്യൂബിലെ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സൂം ചെയ്യാന്‍ പറ്റുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ് യൂട്യൂബ്. പിഞ്ച് ടു സൂം എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാനാകും. ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് പരീക്ഷണാര്‍ത്ഥം ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. സെപ്തംബര്‍ ഒന്നു വരെ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. ഒന്നിനു ശേഷം ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കുക. വരും ആഴ്ചകളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ കൂടുതല്‍ യൂട്യൂബ് വിഡിയോകളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.
◼️ബിജു മേനോന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. നടന്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിമിഷയും റോഷനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് ഈണം നല്‍കിയ 'എന്തര്' ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഹിമ്ന ഹിലരിയും ജസ്റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ഈ മനോഹര പ്രണയഗാനം ആലപിച്ചിരിക്കുന്നത്. വേറിട്ട വേഷപ്പകര്‍ച്ചയില്‍ ബിജു മേനോന്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
◼️ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍'എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. ആതിര സുജിത്തും റീന മുരളിയും ചേര്‍ന്നാണ് 'പഞ്ചാരക്കോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ നായിക നായകന്മാരെ വച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും 'സോളമന്റെ തേനീച്ചകള്‍'ക്ക് ഉണ്ട്. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം ഓഗസ്റ്റ് 18ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
◼️പുതിയ ഹ്യൂണ്ടായ് ട്യൂസണ്‍ എസ്യുവി 2022 ഓഗസ്റ്റ് 10-ന് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും. വാഹനത്തിനുള്ള പ്രീ-ബുക്കിംഗ് ജൂലൈ 18 നാണ് ആരംഭിച്ചത്. ബുക്കിംഗ് തുടങ്ങി 15 ദിവസത്തിനുള്ളില്‍ 3,000 ബുക്കിംഗുകള്‍ എസ്യുവിക്ക് ലഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ തുകയായ 50,000 രൂപ അടച്ച് പുതിയ ട്യൂസണ്‍ ഓണ്‍ലൈനിലോ അംഗീകൃത ഹ്യുണ്ടായിയുടെ സിഗ്നേച്ചര്‍ ഡീലര്‍ഷിപ്പിലോ ബുക്ക് ചെയ്യാം. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 2.0 ലിറ്റര്‍ വിജിടി ടര്‍ബോ-ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ ഹ്യുണ്ടായ് ട്യൂസണിന്റെ വരവ്.
◼️ശ്വസിക്കാന്‍ പ്രാണവായുവും കുടിക്കാന്‍ പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോള്‍, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകെ ഒന്നായി വന്ന് വിപല്‍സന്ദേശങ്ങള്‍ തുടരുമ്പോള്‍ എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും?. 'പ്രാണവായു'. അംബികാസുതന്‍ മാങ്ങാട്. ഡിസി ബുക്സ്. വില 170 രൂപ.
◼️തലവേദന പിടിപെടുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. മാനസിക സമ്മര്‍ദ്ദമാണോ, അതോ മറ്റെന്തെങ്കിലും അസുഖമാണോ തലവേദനയ്ക്ക് കാരണമാകുന്നത് എന്നെല്ലാം ഇങ്ങനെ ഒരു പരിധി വരെ മനസിലാക്കാം. കണ്ണിനുള്ളിലോ കണ്ണിന് ചുറ്റുമായോ വേദന അനുഭവപ്പെടുന്ന തരം തലവേദനായണെങ്കില്‍ അത് അധികവും 'ക്ലസ്റ്റര്‍' തലവേദനയാകാനാണ് സാധ്യത. ഇടവിട്ട് തീവ്രമായ വേദന വന്നുകൊണ്ടേയിരിക്കുന്നതിനാലാണ് ഇതിനെ 'ക്ലസ്റ്റര്‍ ഹെഡേക്ക്' എന്ന് വിളിക്കുന്നത്. വന്നുകഴിഞ്ഞാല്‍ മണിക്കൂറുകളോളം വേദന നീണ്ടുനില്‍ക്കാം. ആഴ്ചകളോളമോ മാസങ്ങളോളമോ ഇതിന്റെ ആക്രമണം തുടരുകയും ചെയ്യാം. മുഖം മുഴുവനും പടര്‍ന്നുപിടിക്കുന്ന തരത്തില്‍ നെറ്റി, മുക്കിന്റെ മുകള്‍ഭാഗം, കണ്ണിന് പിറകുവശം, കവിളുകള്‍, പല്ല് എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്ന വേദന. ഇത് സൈനസിനെ ബാധിക്കുന്ന പ്രശ്നമാകാം. മൂക്കടഞ്ഞതായി തോന്നുക, തളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഉറപ്പിക്കാം, അത് സൈനസിന്റെ വേദന തന്നെ. തലയാകെ വേദന അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാം ചിലപ്പോള്‍. തല വെട്ടിപ്പൊളിച്ചത് പോലെ എന്നെല്ലാം പരാതിപ്പെടുന്നവരെ കണ്ടിട്ടില്ലേ? ഇങ്ങനെ തലയാകെ പടര്‍ന്നുകിടക്കുന്ന വേദനയാണെങ്കില്‍ അത് ടെന്‍ഷന്‍ മൂലമുള്ളതാണെന്ന് മനസിലാക്കാം. ഏറ്റവുമധികം പേരില്‍ കാണപ്പെടുന്ന തലവേദനയാണിത്. നേരിയ രീതിയില്‍ തുടങ്ങി ഇടത്തരം തീവ്രതയിലേക്ക് വരെയെ ഇതെത്തൂ. നെറ്റിയിലും തലയ്ക്ക് പിന്നിലുമെല്ലാം സമ്മര്‍ദ്ദം തോന്നുന്നതും ടെന്‍ഷന്‍ തലവേദനയുടെ പ്രത്യേകതയാണ്. കഴുത്തില്‍ നിന്ന് തുടങ്ങുന്ന വേദന പിന്നീട് മുതുകിലേക്കും തലയ്ക്ക് പിന്നിലേക്കുമെല്ലാം നീളുന്ന അവസ്ഥയുണ്ടെങ്കില്‍ അത് മറ്റേതെങ്കിലും രോഗങ്ങളുടെ ഭാഗമായി വരുന്ന തലവേദനയാകാന്‍ സാധ്യതയുണ്ട്. ഇത് സമയം വൈകുംതോറും കൂടിവരും. കഴുത്ത് അനക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ വരെയുണ്ടാകാം. ടെന്‍ഷന്‍ തലവേദന ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മാനസിക സമ്മര്‍ദ്ദങ്ങള്‍ അഥവാ സ്ട്രെസ് നമ്മെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളെടുക്കുക, സമയത്തിന് ഭക്ഷണം, സുഖകരമായ ഉറക്കം എന്നിവ ഉറപ്പാക്കുക.
*ശുഭദിനം*
അയാള്‍ വളരെ ധനികനായിരുന്നു. അയാളുടെ മകന്‍ വളരെ അലസനും മടിയനുമായിരുന്നു. അവനെ കഠിനാധ്വാനിയാക്കാനും പണത്തിന്റെ മൂല്യം മനസ്സിലാക്കാനും അയാള്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, അതിലെല്ലാം അയാള്‍ പരാജയപ്പെട്ടു. അവസാനം അയാള്‍ ദൂരെയുള്ള ഒരു കര്‍ഷകന്റെ കൂടെ അവനെ അയച്ചു. ഒരു മാസത്തിനുള്ളില്‍ പണം സമ്പാദിച്ചു തിരിച്ചുവരണം എന്നായിരുന്നു വ്യവസ്ഥ. ഒരു മാസത്തിന് ശേഷം ഒരു വലിയ കിഴി നിറയെ നാണയങ്ങളുമായി മകന്‍ തിരിച്ചെത്തി. അച്ഛന്‍ മകനുമായി കടല്‍ത്തീരെത്തി. സഞ്ചിയിലെ നാണയങ്ങളൊന്നായി കടലിലേക്കെറിയാന്‍ തുടങ്ങി. അവന്‍ ഒന്നും പ്രതികരിച്ചില്ല. മറ്റൊരു കര്‍ഷകന്റെ കൂടെ വീണ്ടും അവനെ അയാള്‍ അയച്ചു. പണവുമായി വന്നപ്പോള്‍ വീണ്ടും കടല്‍ത്തീരത്തെത്തി പണം എറിഞ്ഞുകളഞ്ഞെങ്കിലും അവനൊന്നും മിണ്ടിയില്ല. മൂന്നാമത്തെ കൃഷിക്കാരന്റെ കൂടെ മകനെ വിട്ടപ്പോള്‍ തന്റെ മകനാണെന്നുള്ള കാര്യം അദ്ദേഹം മറച്ചുവെച്ചു. അത്തവണ തിരിച്ചുവരുമ്പോള്‍ ഒരു ചെറിയ സഞ്ചി നാണയം മാത്രമേ അവന്റെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. അതിലുള്ളവ എറിഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തടഞ്ഞുകൊണ്ട് പറഞ്ഞു: ഇതു ഞാന്‍ പണിയെടുത്ത് ഉണ്ടാക്കിയവയാണ് വെറുതേ എറിഞ്ഞുകളായന്‍ പറ്റില്ല. സമ്പാദ്യം പലവിധത്തില്‍ വന്നു ചേരും. പ്രയ്തനംകൊണ്ട്, പൂര്‍വ്വിക സ്വത്ത് കൊണ്ട്, ഭാഗ്യക്കുറികൊണ്ട്.. എങ്ങിനെ ലഭിച്ചു എന്നതാണ് എങ്ങിനെ വിനിയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനം. സമ്പാദ്യവഴികളില്‍ വിയര്‍പ്പിന്റെ കണികയില്ലെങ്കില്‍ അവ വിനിയോഗിക്കുമ്പോള്‍ വിവേകമുണ്ടാകില്ല. അധ്വാനത്തിലൂടെ നേടുന്ന സമ്പാദ്യം വിനിയാന്വിതരെ സൃഷ്ടിക്കും. വിയര്‍ത്താലേ വിലയറിയൂ.. നമുക്ക് വിയര്‍പ്പിന്റെ വില മനസ്സിലാക്കി മുന്നോട്ട് പോകാം - *ശുഭദിനം.*
മീഡിയ16