◼️തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതു നിരോധിക്കാന്‍ നീക്കം. ഇതേക്കുറിച്ചു പഠിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിക്കും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അമിതമായ വാഗ്ദാനങ്ങള്‍ വന്‍ സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പെടുന്ന സമിതിയാണ് രൂപീകരിക്കുകയെന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.
◼️നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
◼️മഴ തുടരും. കേരളത്തിനു മുകളില്‍ അന്തരീക്ഷ ചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാലും കേരളത്തില്‍ തിങ്കളാഴ്ചവരെ മഴ തുടരും.
◼️എഐസിസി ആസ്ഥാനവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികളും പൊലീസ് വളഞ്ഞു. വീട്ടുതടങ്കലിലാക്കിയതിനു സമാനമായ നടപടി. കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഡല്‍ഹിയിലെ ഓഫീസ് എന്‍ഫോഴ്സ്മെന്റ് പൂട്ടി സീല്‍ ചെയ്തതിനു പിറകേയാണ് പോലീസ് വളഞ്ഞത്. വിലക്കയറ്റത്തിനെതിരേ നാളെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ പൊളിക്കാന്‍കൂടിയാണ് നടപടി. പ്രതിഷേധ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു. സമരം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ്.
◼️മഴക്കെടുതികളില്‍ ഇന്നലെ ഏഴുപേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയി. തൃശൂര്‍ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) മരിച്ചു.
◼️ചേറ്റുവയില്‍ ശക്തമായ തിരമാലയില്‍ ബോട്ടു മറിഞ്ഞ് കടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി അവയുമായി വരികയായിരുന്ന വള്ളം വീണ്ടും തിരമാലകളില്‍ കുടുങ്ങി മൃതദേഹങ്ങള്‍ വീണ്ടും ഒഴുകിപോയി. തൃശൂര്‍ ചാവക്കാട് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങളാണ് വീണ്ടും ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഇവിടേക്ക് ബോട്ടിലെത്തിയവര്‍ക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ഇതോടെ കോസ്റ്റ് ഗാര്‍ഡ് സംഘം വീണ്ടും തിരച്ചില്‍ തുടങ്ങി.
◼️പ്ലസ് വണ്‍ പ്രവേശനം നാളെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളില്‍ പ്രവേശനം. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടത്തും. പ്ലസ് വണ്‍ ക്ലാസുകള്‍ 25 ന് ആരംഭിക്കും.
◼️സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പദ്ധതിക്ക് 142 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇനി പ്രിന്‍സിപ്പാളിന്റെ കീഴിലാകും. ഹെഡ്മാസ്റ്റര്‍മാര്‍ വൈസ് പ്രിന്‍സിപ്പാള്‍മാരാകും.
◼️സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് നടക്കും. ശാസ്ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടത്തും. സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബറില്‍ തിരുവനന്തപുരത്തായിരിക്കും.
◼️കിഫ്ബി ഇടപാടില്‍ സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 11 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. ആദ്യ നോട്ടീസനുസരിച്ചു ഹാജരാകാന്‍ തോമസ് ഐസക് തയാറായിരുന്നില്ല. കിഫ്ബി സിഇഒ ആയിരുന്ന കെ.എം എബ്രഹാമിനെ നേരെത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു.
◼️സമരങ്ങളില്‍ പങ്കെടുത്ത് കേസുകളില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് കെപിസിസി. ഈ മാസം 13 നു നടക്കുന്ന ലോക് അദാലത്തില്‍ പിഴയടച്ച് കേസുകള്‍ അവസാനിപ്പിക്കും. സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
◼️സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം പ്രമാണിച്ച് 33 തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷ്യ കിറ്റുകള്‍ വിതരണത്തിനു റേഷന്‍ വ്യാപാരികള്‍ക്കു കമ്മിഷന്‍ കുടിശിക നല്‍കും. കഴിഞ്ഞ വര്‍ഷം മെയ് മാസം റേഷന്‍ കടകള്‍ വഴി 85,29,179 കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കിറ്റിന് അഞ്ചു രൂപ നിരക്കില്‍ നാലേകാല്‍ കോടി രൂപ അനുവദിക്കും.
◼️മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശം. അപകടാവസ്ഥ ഇല്ലെങ്കില്‍ ടൂറിസ്റ്റു കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◼️വകുപ്പുമന്ത്രിയായ തന്നോട് ആലോചിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയില്‍ നിയമിച്ചതിനെതിരേ മന്ത്രിസഭാ യോഗത്തിലും പരാതിയുമായി മന്ത്രി ജി.ആര്‍ അനില്‍. മന്ത്രി പരാതിക്കത്ത് തനിക്കുതന്ന വിവരം മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കേണ്ടതുണ്ടായിരുന്നോയെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെ ആ വിഷയത്തിലെ ചര്‍ച്ച അവസാനിച്ചു.
◼️പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍നിന്ന് കേരളത്തിനു ലഭിക്കേണ്ട അധിക ജലം തമിഴ്നാട് മറ്റു പദ്ധതികളുടെ പേരില്‍ ചോര്‍ത്തുന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു.
◼️കുട്ടികളെ ഫേസ്ബുക്കിലൂടെ കൈയിലെടുത്ത് ആലപ്പുഴ കളക്ടറായി ചുമതലയേറ്റ വി.ആര്‍ കൃഷ്ണ തേജ. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. പ്രിയ കുട്ടികളെ എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കു വേണ്ടിയാണ്. അവധിയെന്നു കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ചനമ്മമാര്‍ ജോലിക്കു പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്കു പോകരുതെന്നും കുറിച്ചു. കുട്ടികളും രക്ഷിതാക്കളും നൂറുകണക്കിനു കമന്റുകളുമായാണ് പ്രതികരിച്ചത്.
◼️കോട്ടയത്ത് ഗുണ്ടാ മാഫിയ ബന്ധമുണ്ടെന്നു ദക്ഷിണ മേഖല ഐജി കണ്ടെത്തിയ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കാണ് മാറ്റിയത്. കുഴല്‍പ്പണ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്നാണു റിപ്പോര്‍ട്ട്.
◼️കോഴിക്കോട് കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ടുകള്‍ മാറ്റിപ്പണിയാന്‍ എട്ടു കോടി രൂപ അനുവദിച്ചു. അശാസ്ത്രീയമായി നിര്‍മിച്ചതുമൂലം മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ചെന്നൈ ഐഐടി യുടെ മേല്‍നോട്ടത്തോടെ പുലിമുട്ട് നിര്‍മ്മിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവനുസരിച്ചാണു നടപടി.
◼️വിശ്വഹിന്ദു പരിഷത് എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ സുഭാഷ് ചന്ദ് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനവും രാജിവച്ചു. സിപിഎമ്മിന്റെ ഭാഗമാകുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുളളതിനാലാണ് രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു.
◼️മൂവാറ്റുപുഴ പാലം അപ്രോച്ച് റോഡിലെ ഗര്‍ത്തത്തില്‍ മെറ്റലും കോണ്‍ക്രീറ്റുമിട്ട് മൂടി. ഇതുവഴിയുള്ള ഗതാഗതം രാത്രിയോടെ പുനസ്ഥാപിച്ചു.
◼️മഴയും കാറ്റും മൂലം കെഎസ്ഇബി ക്ക് 7.43 കോടി രൂപയുടെ നാശനഷ്ടം. 1,062 വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ കീഴില്‍ വൈദ്യുതി വിതരണം തടസ്സപെട്ടു. രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. 13 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുണ്ടായി. ഹൈ ടെന്‍ഷന്‍ ലൈനുകളില്‍ 124 പോസ്റ്റുകളും ലോ ടെന്‍ഷന്‍ ലൈനുകളില്‍ 682 പോസ്റ്റുകളും തകര്‍ന്നു. ഹൈ ടെന്‍ഷന്‍ വൈദ്യുതി കമ്പികള്‍ 115 സ്ഥലങ്ങളിലും ലോ ടെന്‍ഷന്‍ കമ്പികള്‍ 2820 സ്ഥലങ്ങളിലും പൊട്ടിവീണു.
◼️കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലടയിടത്തും റോഡ് തകര്‍ന്നതിനാലാണ് ഗതാഗത നിരോധനം.
◼️കോട്ടയം ജില്ലയില്‍ മലയോര മേഖലകളിലെ തടയണകള്‍ പൊളിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഉരുള്‍ പൊട്ടല്‍ ഭീഷണി ഒഴിവാക്കാനാണു തടയണകള്‍ പൊളിച്ചുമാറ്റുന്നതെന്ന് മന്ത്രി പറഞ്ഞു.
◼️പട്ടാമ്പി ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. ക്വാറിക്ക് സമീപത്തുനിന്ന് എണ്ണായിരം ജലാറ്റീന്‍ സ്റ്റിക്കുകളാണു കണ്ടെത്തിയത്. നാല്‍പതോളം പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
◼️മലപ്പുറത്ത് വില്ലേജ് ഓഫീസര്‍ ജീവനൊടുക്കി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ ആലപ്പുഴ സ്വദേശി വിപിന്‍ ദാസിനാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് കൊച്ചുചിറ വീട്ടില്‍ പരേതനായ വാസുവിന്റേയും പത്മാവതിയുടെയും മകനാണ്. ആലപ്പുഴ കളക്ടറേറ്റില്‍ സീനിയര്‍ ക്ലാര്‍ക്കായിരുന്ന വിപിന്‍ദാസിന് നാലു മാസം മുമ്പാണ് വില്ലേജ് ഓഫീസറായി ഉദ്യോഗക്കയറ്റം ലഭിച്ചത്.
◼️മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച തൃശൂരില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്ധ സംഘം പരിശോധന നടത്തി. മരിച്ച ഇരുപത്തിരണ്ടുകാരന്റെ വീട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും പരിശോധിച്ചു.
◼️ആളിയാര്‍ ഡാമില്‍നിന്നു വെള്ളം കൊണ്ടുപോകുന്നതിനുള്ള തമിഴ്നാടിന്റെ ഒട്ടന്‍ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചിറ്റൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ചിറ്റൂര്‍ നിയമസഭ മണ്ഡലത്തിലും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂര്‍, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.
◼️മലപ്പുറം അങ്ങാടിപ്പുറം സ്വദേശിക്കു നഷ്ടപ്പെട്ട പണം വീണ്ടെടുത്തുകൊടുത്ത് പോലീസ്. അങ്ങാടിപ്പുറത്ത് മംഗലത്ത് മനയില്‍ ശ്രീകുമാരന്‍ തമ്പി പെരിന്തല്‍മണ്ണ ട്രഷറിയില്‍നിന്ന് പണമെടുത്ത് തന്റെ സ്‌കൂട്ടറിനു പകരം അതേപോലുള്ള മറ്റൊരു സ്‌കൂട്ടറില്‍ പണം വച്ചു. പിന്നീട് ട്രഷറിയിലേക്ക പോയി തിരിച്ചുവന്ന് തന്റെ സ്വന്തം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോയി. വീട്ടിലെത്തിയപ്പോഴാണ് പണമടങ്ങിയ ബാഗ കാണുന്നില്ലെന്നു മനസിലായത്. തിരികെ ട്രഷറി പ്രദേശത്ത് തപ്പിപ്പരതി നടക്കുന്നതുകണ്ട് പോലീസുകാരന്‍ ഉല്ലാസ് വിവരം തിരക്കി. എസ്ഐ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മറ്റേ സ്‌കൂട്ടര്‍കാരനെ വിളിച്ചുവരുത്തി. നഷ്ടപ്പെട്ട ബാഗും പണവും ശ്രീകുമാരന്‍ തമ്പിക്കു കൈമാറി.
◼️കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 85.64 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാപ്സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍നിന്ന് എത്തിയ പാലക്കാട് സ്വദേശി ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
◼️വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നയാള്‍ പിടിയില്‍. മുളന്തുരുത്തി പെരുമ്പിള്ളി കരയില്‍ രാജ്ഭവന്‍ വെട്ടിക്കാട്ട് വീട്ടില്‍ രഞ്ജിത്ത് രാജന്‍ (37) നെയാണ് അറസ്റ്റു ചെയ്തത്.
◼️മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സുഹൃത്തിനെ കുത്തിയ യുവാവിനെ പൊലീസ് പിടികൂടി. സംഭവത്തില്‍ മുട്ടം ദിലീപ് ഭവനത്തില്‍ ദിലീപ് (39) നെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയല്‍വാസിയും സുഹൃത്തുമായ മുട്ടം കൃഷ്ണാലയം വീട്ടില്‍ ജയനെ (48) ആണ് കുത്തിയത്.
◼️കൊല്ലം പരവൂരില്‍ കടയില്‍ മദ്യപിച്ചെത്തുന്നതു വിലക്കിയ കടയുടമയായ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. കലയ്ക്കോട് സ്വദേശി അനിയാണ് പൊലീസ് പിടിയിലായത്.
◼️യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തിയതിന് ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ കേസ്. തൃശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശിനിയുടെ പരാതിക്കാരിയില്‍ ഇരിങ്ങാലക്കുടയിലെ ബിജെപി, യുവമോര്‍ച്ച നേതാക്കളായ ശ്യാംജി മഠത്തില്‍, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
◼️എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ 29.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് തുറന്ന കത്തുമായി പുറത്താക്കപ്പെട്ട ആര്‍ച്ച്ബിഷപ് ആന്റണി കരിയില്‍. ഏകീകൃത കുര്‍ബാന നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്നം ഉണ്ടാകാതിരിക്കാനാണ് സഭാസിനഡിന്റെ തീരുമാനങ്ങള്‍ ധിക്കരിച്ചതെന്നും ബിഷപ്പ് പറയുന്നു.
◼️തനിക്കെതിരായ പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും പിറകില്‍ കേരള സര്‍ക്കാരില്‍ ഉന്നത സ്വാധീനമുള്ള വിഐപി വനിതയാണെന്നും മോന്‍സന്‍ മാവുങ്കല്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ഈ ആരോപണം.
◼️കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിയെ മര്‍ദിച്ചു കാഴ്ചശേഷി തകര്‍ത്ത ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി നാഫിയയുടെ പരാതിയില്‍ ഭര്‍ത്താവ് കൈതൊടി ഫിറോസ്ഖാനെയാണ് അറസ്റ്റു ചെയ്തത്.
◼️ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലു ലക്ഷത്തിലേറെ കേസുകള്‍. കേരളത്തില്‍ കേസുകളില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഫണ്ട് വകമാറ്റം, വേതനം നല്‍കാതിരിക്കല്‍ എന്നിങ്ങനെയാണു തട്ടിപ്പ്.
◼️ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സീല്‍ ചെയ്തു. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് അടച്ചുപൂട്ടിയപ്പോള്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ പണം സംഘടിപ്പിച്ചതിനിടെ കള്ളപ്പണം വെളുപ്പിച്ചെന്നും ക്രമക്കേടുണ്ടെന്നും ആരോപിച്ച് എഐസിസി അധ്യക്ഷ സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും എന്‍ഫോഴ്സ്മെന്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
◼️ഡല്‍ഹിയില്‍ ഒരാള്‍ക്കു കൂടി മങ്കി പോക്‌സ്. നൈജീരിയന്‍ സ്വദേശിക്കാണ് രോഗം. തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒന്‍പത് മങ്കിപോക്സ് കേസുകളാണ്.
◼️ഡിജിറ്റല്‍ പണമിടപാടു വഴി 600 കോടി രൂപയുടെ ഇടപാടുകള്‍. ജൂലൈ മാസത്തിലെ മാത്രം കണക്കാണിത്. 2016 ന് ശേഷം ഇത്രയും ഇടപാടുകള്‍ നടക്കുന്നത് ഇതാദ്യമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടികാട്ടി.
◼️ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടി ഇല്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. എടിഎമ്മുകളില്‍ ഒരു മാസത്തില്‍ പത്ത് ഇടപാടുകള്‍ സൗജന്യമാണ്. ചെക്ക്ബുക്കിനു മാത്രമാണ് ജിഎസ്ടി നികുതി. ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ 18 ശതമാനം ജിഎസ്ടി ചുമത്തിയിട്ടുണ്ട്.
◼️റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ കാമുകിക്കെതിരേയും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഒളിംപിക്‌സ് മെഡല്‍ നേടിയ പ്രമുഖ ജിംനാസ്റ്റിക്‌സ് താരവും റഷ്യന്‍ പാര്‍ലമെന്റ് അംഗവുമായ അലിന മാരതോവ്‌ന കബായെവയ്ക്ക് എതിരെയാണ് യു എസ് ഉപരോധം. അലിനയുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിച്ചു.
◼️കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആറാം ദിവസമായ ഇന്നലെ ഇന്ത്യക്ക് ഒരു വെള്ളിയും നാല് വെങ്കലവും. ജൂഡോയില്‍ വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തില്‍ തുലിക്കാ മാന്‍ വെള്ളി നേടി. സൗരവ് ഗോസാലിന് സ്‌കാഷില്‍ വെങ്കലം. സ്‌ക്വാഷ് സിംഗിള്‍സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ ഇന്ത്യന്‍ മെഡലാണ് 35 വയസ്സുകാരന്‍ സൗരവ് ഗോസാല്‍ സ്വന്തമാക്കിയത്. ഹൈജമ്പില്‍ തേജസ്വിന്‍ ശങ്കര്‍ വെങ്കലം നേടി ചരിത്രം കുറിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍നേടുന്ന ആദ്യ ഇന്ത്യന്‍ ഹൈജംപ് താരമായി തേജസ്വിന്‍ ശങ്കര്‍ മാറി. കൂടാതെ ഭാരോദ്വഹനത്തില്‍ ഗുരുദീപ് സിംഗും ലവ്പ്രീത് സിംഗും വെങ്കലം നേടി ഇന്ത്യയുടെ ഇന്നലത്തെ മെഡല്‍ വേട്ട അഞ്ചിലെത്തിച്ചു. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും ഏഴ് വെങ്കലവും ഇതുവരെ നേടിയ ഇന്ത്യ മൊത്തം പതിനെട്ട് മെഡല്‍ നേടി.
◼️ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലഘട്ടത്തിലും അതിന് മുന്‍പും സമര്‍പ്പിച്ച റിട്ടേണുകളെ അപേക്ഷിച്ച് 2022- 23 അസസ്‌മെന്റ് വര്‍ഷത്തില്‍ കുറവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 5.8 കോടി നികുതിദായകരാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. കോവിഡ് രൂക്ഷമായിരുന്ന മുന്‍വര്‍ഷം ഇത് 7.1 കോടിയായിരുന്നു. മുന്‍പത്തെ മൂന്ന് വര്‍ഷങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കോവിഡിന് മുന്‍പുള്ള വര്‍ഷവും ഇത്തവണത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചു. 2019 അസസ്‌മെന്റ് വര്‍ഷത്തില്‍ റിട്ടേണുകളുടെ എണ്ണം 6.5 കോടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം സമയപരിധി തീരുന്ന ജൂലൈ 31ന് റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഒറ്റദിവസം റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ എണ്ണത്തിലാണ് റെക്കോര്‍ഡ്. ഒറ്റയടിക്ക് 72.42 ലക്ഷം നികുതിദായകര്‍ ജൂലൈ 31ന് മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിക്കുന്നു.
◼️രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.80 ശതമാനമായി കുറഞ്ഞുവെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി കണക്കുകള്‍. മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ പേര്‍ കൃഷിയിലേയ്ക്ക് തിരിഞ്ഞതോടെയാണ് ആറുമാസത്തെ കുറഞ്ഞ നിരക്കിലേയ്ക്ക് തൊഴിലില്ലായ്മ നിരക്ക് എത്തിയത്. ജൂണ്‍ മാസത്തെ നിരക്ക് 7.8 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 6.14 ആയി കുറഞ്ഞപ്പോള്‍ 272.1 മില്യണ്‍ ആളുകളാണ് തൊഴി?ല്‍ രഹിതരെന്ന് സി. എം. ഐ. ഇ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തെ ഈ കണക്കുകള്‍ യഥാക്രമം 8.03 ശതമാനവും 265.2 മില്യണുമായിരുന്നു. അതേസമയം നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 8.21 ശതമാനമായി ഉയര്‍ന്നു. സര്‍ക്കാര്‍, വ്യവസായ മേഖലകളിലെ തൊഴിലവസരങ്ങളില്‍ വലിയ ഇടിവുവന്നതോടെയാണിത്. ജൂണിലെ ഈ നിരക്ക് 7.80 ശതമാനമായിരുന്നു.
◼️അമല പോള്‍ നായികയാകുന്ന ചിത്രമാണ് 'കാടവെര്‍'. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്‍. 'ഉന്‍ പാര്‍വൈ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അമലാ പോള്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 12ന് ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. അമല പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പൊലീസ് സര്‍ജന്‍ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്.
◼️വിജയ് സേതുപതി, നിത്യ മേനന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 19 1 എയിലെ ഗാനമെത്തി. ബദറിലെ മുനീറായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വീത്രാഗ് ആണ്. നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തിയത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇന്ദ്രജിത്ത് സുകുമാരനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, അതുല്യ ആഷാഠം, ഭഗത് മാനുവല്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
◼️ഹീറോ മോട്ടോകോര്‍പ്പിന്റെ സൂപ്പര്‍ സ്പ്ളെന്‍ഡര്‍ കാന്‍വാസ് ബ്ളാക്ക് എഡിഷന്‍ വിപണിയിലെത്തി. പ്രീമിയം ഡിസൈനും പുതിയ ടെക്‌നോളജിയും ഫീച്ചറുകളും ആവനാഴിയിലുള്ള കാന്‍വാസ് ബ്ളാക്ക് ലിറ്ററിന് 60 മുതല്‍ 68 വരെ കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റല്‍-അനലോഗ് ക്ളസ്റ്റര്‍, ഇന്റഗ്രേറ്റഡ് യു.എസ്.ബി ചാര്‍ജര്‍, സൈഡ്-സ്റ്റാന്‍ഡ് കട്ട്-ഓഫ് തുടങ്ങി നിരവധി ഉപഭോക്തൃസൗഹൃദ ഫീച്ചറുകളുണ്ട്. ഡ്രം സെല്‍ഫ് കാസ്റ്റ് വേരിയന്റിന് 77,430 രൂപയും ഡിസ്‌ക് വേരിയന്റിന് 81,330 രൂപയുമാണ് എക്‌സ്‌ഷോറൂം വില. 5 വര്‍ഷ വാറന്റിയും ഉറപ്പുനല്‍കുന്നു.
◼️കാല്പനികഭാവത്തിന്റെ ചാരുത നിറഞ്ഞ കാവ്യസമാഹാരം.ആദ്ധ്യാത്മികചിന്തയും ജീവിതത്തിന്റെ പൊരുളും പ്രണയത്തിന്റെ വിസ്മയഭാവങ്ങളും നിറഞ്ഞ ഗൂഢസ്മിതങ്ങള്‍. ഒറ്റച്ചുവടിന്റെ ധ്യാനവും വസുന്ധരയുടെ തണലും ഗീതസന്ധ്യയും നിസ്വവും വിസ്മയവും ഉദയഗീതവുംസന്ദര്‍ശനവും ശലഭത്തിന്റെ കഥയും വരികളില്‍ നിറയുമ്പോള്‍ മലയാളത്തിന്റെ പ്രിയകവിതകളില്‍ ഒരു പൊന്‍തൂവല്‍ കൂടി വിടരുന്നു. 'മലയാളത്തിന്റെ പ്രിയകവിതകള്‍'. ഒ വി ഉഷ. ഗ്രീന്‍ ബുക്സ്. വില 104 രൂപ.
◼️കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ് അഥവാ സ്റ്റിയറ്റോസിസ്. ഒരു നിശ്ചിത തോതില്‍ കൊഴുപ്പ് കരളിന് ആവശ്യമാണെങ്കിലും ഇത് കരളിന്റെ ഭാരത്തിന്റെ 5-10 ശതമാനത്തിനും മുകളിലേക്ക് പോയാല്‍ അപകടകരമാണ്. അമിത മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ രണ്ട് തരത്തില്‍ ഫാറ്റി ലിവര്‍ രോഗമുണ്ടാകാം. ഇതിലെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന്റെ അത്ര പരിചിതമല്ലാത്ത ഒരു ലക്ഷണമാണ് ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍. പ്രധാനമായും കൈപ്പത്തിയിലും കാല്‍പ്പത്തിയിലുമാണ് ഈ ചൊറിച്ചില്‍ പ്രത്യക്ഷപ്പെടുന്നത്. രാത്രിയാകുമ്പോള്‍ ചൊറിച്ചില്‍ അസഹ്യമാകുന്നതായി തോന്നാമെന്ന് അമേരിക്കയിലെ ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നു. ബൈലിയറി സിറോസിസ്, പ്രൈമറി സ്‌ക്ളിറോസിങ് കൊളാന്‍ജിറ്റിസ്, ഇന്‍ട്രാഹെപാറ്റിക് കൊളെസ്റ്റാസിസ് തുടങ്ങിയ കരള്‍ രോഗങ്ങളുടെ ഭാഗമായും ഈ ചൊറിച്ചില്‍ കണ്ട് വരാറുണ്ട്. കരള്‍ രോഗമുള്ളവരില്‍ ഉയര്‍ന്നതോതില്‍ ബൈല്‍ സാള്‍ട്ട് തൊലിക്കടിയില്‍ അടിഞ്ഞു കൂടാറുണ്ടെന്നും ഇതാകാം ചൊറിച്ചിലിന് കാരണമെന്നും ആരോഗ്യവിദഗ്ധര്‍ കരുതുന്നു. കരള്‍ രോഗികളുടെ രക്തത്തില്‍ അമിതമായി കാണപ്പെടുന്ന സെറം ആല്‍ക്കലൈന്‍ ഫോസ്ഫറ്റേസ് മൂലവും ചൊറിച്ചില്‍ വരാം. രൂക്ഷമായ മണില്ലാത്ത മൈല്‍ഡ് സോപ്പുകള്‍ ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കുളിക്കാന്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ തിരഞ്ഞെടുക്കാം. ചൊറിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ ഐസ് ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. കഴിവതും വെയിലും ചൂട് അന്തരീക്ഷവും ഒഴിവാക്കുക. അയഞ്ഞ കാറ്റ് കയറുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു. വയര്‍ വീര്‍ക്കല്‍, തൊലിക്കടിയിലെ രക്തക്കുഴലുകള്‍ വീര്‍ക്കല്‍, കൈകള്‍ക്ക് ചുവപ്പ്, മഞ്ഞപിത്തം എന്നിവയെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. അമിതഭാരം നിയന്ത്രിച്ചും, നിത്യവും വ്യായാമം ചെയ്തും മദ്യപാനം നിയന്ത്രിച്ചും പുകവലി ഒഴിവാക്കിയുമെല്ലാം കരള്‍ രോഗങ്ങളുടെ സാധ്യത കുറയ്ക്കാവുന്നതാണ്. പഴങ്ങളും പച്ചക്കറികളും അധികമുള്ളതായ ഭക്ഷണക്രമം തിരഞ്ഞെടുക്കുകയും സംസ്‌കരിച്ചതും അമിതമായ എണ്ണ ചേര്‍ന്നതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
*ശുഭദിനം*
വളരെ പ്രസിദ്ധനായ ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അയാള്‍. ഒരിക്കല്‍ സൈന്യത്തിലേക്ക് ആളെ എടുക്കുന്നു എന്ന വിളംബരം കേട്ട് ശിഷ്യനും കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പിറ്റേന്ന് ശിഷ്യന്‍ മടങ്ങി വന്നപ്പോള്‍ അവന്റെ മുഖം മങ്ങിയിരിക്കുന്നത് ഗുരു ശ്രദ്ധിച്ചു. ഗുരു ശിഷ്യനെ സമാധാനിപ്പിച്ചു. അപ്പോള്‍ ശിഷ്യന്‍ പറഞ്ഞു: ഗുരോ , ആയുധപരീക്ഷയില്‍ ഞാന്‍ വിജയിച്ചു. എനിക്ക് സൈന്യത്തില്‍ ജോലിയും കിട്ടി. പിന്നെന്തിനാണ് നിന്റെ മുഖം വാടിയിരിക്കുന്നത്? ഗുരു ചോദിച്ചു. ശിഷ്യന്‍ പറഞ്ഞു: ആയുധപരിശീലനത്തിനുള്ള പരിശീലനത്തിനിടെ കഴിഞ്ഞ ആഴ്ച എന്റെ വാള്‍ത്തലപ്പ് ഒടിഞ്ഞില്ലേ, ആ ദുഃഖം ഇപ്പോഴും മനസ്സില്‍ നിന്നും പോകുന്നില്ല.. പട്ടണത്തില്‍ ഒരു പ്രദര്‍ശനം നടക്കുന്നുണ്ട്. നമുക്ക് അവിടേക്ക് പോകാം. മനസ്സിന് സന്തോഷം വരാന്‍ അത് നല്ലതാണ്. ഗുരു പറഞ്ഞു. അവര്‍ പ്രദര്‍ശനശാലയിലെത്തി. അവിടെ പലതരം ജീവികളുടെ അസ്ഥികൂടങ്ങളും പഴയ ആയുധങ്ങളും പാത്രങ്ങളുമൊക്കെയുണ്ട്. അകത്തേക്ക് കടന്നതും ഗുരു ഉറയില്‍ നിന്നും വാള് ഊരിപ്പിടിച്ചു. അത് കണ്ട് ശിഷ്യന്‍ ചോദിച്ചു: എന്തിനാണ് അങ്ങ് ആയുധമെടുത്തത്? ഗുരു പറഞ്ഞു: ആനയുടേയും കടുവയുടേയുമൊക്കെ അസ്ഥികൂടമല്ലേ.. നമ്മള്‍ സൂക്ഷിക്കണം. ശിഷ്യന്‍ ഇത് കേട്ട് ചിരിച്ചു. പണ്ടെങ്ങോ ചത്തുപോയ മൃഗങ്ങളുടെ അസ്ഥികൂടത്തെ ഭയക്കണമോ? അപ്പോള്‍ ഗുരു പറഞ്ഞു: മുന്‍പെപ്പോഴോ കഴിഞ്ഞ കാര്യത്തിന്റെ പേരില്‍ ഇപ്പോഴും ദുഃഖിക്കാമെങ്കില്‍ ഈ അസ്ഥികൂടങ്ങളേയും പേടിക്കണം. ശിഷ്യന് ഗുരു ഉദ്ദേശിച്ച കാര്യം മനസ്സിലായി. കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റി അനാവശ്യമായി വേവലാതിപ്പെടുന്നത് വിഢ്ഢിത്തമാണ്. നമുക്ക് ഇന്നില്‍ ജീവിക്കാം. ഈ നിമിഷത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കാം - *ശുഭദിനം.*
മീഡിയ16