◼️അതിതീവ്രമഴ. 12 ജില്ലകളില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുര, കൊല്ലം ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ 10 ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട്. പമ്പയടക്കം എട്ടു നദികളില്‍ പ്രളയ സാധ്യത. ഭാരതപ്പുഴയുടെ തീരത്ത് ജാഗ്രതനിര്‍ദേശം. ഇന്നലെ 23 വീടുകള്‍ തകര്‍ന്നു. 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,291 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന എത്തി.
◼️വിവിധ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. കാലിക്കറ്റ്, എംജി, കുസാറ്റ്, കേരള സര്‍വ്വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഇന്നും നാളേയും വെള്ളിയാഴ്ചയും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
◼️പ്രതിഷേധങ്ങളെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ തന്റെ വകുപ്പിനു കീഴിലുള്ള സപ്ളൈകോയുടെ ജനറല്‍ മാനേജരായി നിയമിച്ചതു തന്നോട് ആലോചിക്കാതെയെന്ന് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നിയമനം നടത്തിയ ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ മന്ത്രി അനില്‍ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചു.
◼️പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.
◼️ലിംഗസമത്വ യൂണിഫോം ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാരിന് നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകള്‍ക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്സഡ് സ്‌കൂളുകള്‍ നടപ്പിലാക്കൂവെന്നും മന്ത്രി പറഞ്ഞു.
◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണത്തിനു തെളിവില്ലെന്ന് കോടതി വിലയിരുത്തി.
◼️ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ നടപടി വേണമെന്ന് ഹൈക്കോടതി. പൊതുജനങ്ങള്‍ക്ക് ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം. ഫോണ്‍ ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ കമ്മീഷണര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
◼️കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് യുണിയനുകളോട് ഹൈക്കോടതി. സമരം തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസിക്കു പ്രവര്‍ത്തിക്കാനാവില്ല. ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോള്‍ സമരം എന്തിനാണ്?. കെ എസ് ആര്‍ ടി സി ഷെഡ്യള്‍ കൂട്ടണം. തൊഴിലാളികള്‍ സഹകരിക്കണം. സമരം തുടര്‍ന്നാല്‍ ഹര്‍ജിയില്‍ ഉത്തരവ് പറയില്ലെന്ന് കോടതി മുന്നറിയിപ്പു നല്‍കി.
◼️തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചവരാണ് സ്പെപഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്.
◼️ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച ഇന്നു പരിശോധിക്കും. നിറപുത്തിരിക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ തീരുമാനമായിട്ടില്ല.
◼️പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി സിബിഐ കോടതി തള്ളി. 11, 15, 17 പ്രതികളായ പ്രദീപ്, എ.സുരേന്ദ്രന്‍, റെജി വര്‍ഗീസ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും 2019 ല്‍ കൊലപ്പെടുത്തിയെന്ന കേസില്‍ 24 പ്രതികളാണുള്ളത്.
◼️സോളാര്‍ കേസില്‍ ദല്ലാള്‍ നന്ദകുമാറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. പരാതിക്കാരി എഴുതിയ കത്ത് പുറത്തു വന്നതുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയത്. കത്ത് പുറത്തുവരുന്ന വിവരം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനേയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും അറിയിച്ചതായി നന്ദകുമാര്‍ മൊഴി നല്‍കിയെന്നാണ് വിവരം.
◼️സിഎസ്ഐ സഭയുടെ കാരക്കോണം മെഡിക്കല്‍ കോളജ് കോഴ ഇടപാടില്‍ കോളജ് ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാമിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. സിഎസ്ഐ സഭാ ബിഷപ് ധര്‍മ്മരാജ് റസാലം ഉള്‍പ്പെട്ട കള്ളപ്പണ കേസിലാണ് നടപടി. തലവരി പണത്തിലൂടെ സമ്പാദിച്ച കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം.
◼️പ്രകൃതി ചികിത്സയിലൂടെ പ്രസവിച്ച കുട്ടി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ പരാതിക്കാരിക്ക് ചികിത്സാ ചെലവ് ഉള്‍പ്പെടെ 6,24,937 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍. സിസേറിയനിലൂടെ മൂന്നു പ്രസവം കഴിഞ്ഞ സ്ത്രീക്ക് നാച്വറോപ്പതി യോഗായിലൂടെ സ്വാഭാവികപ്രസവം വാഗ്ദാനം ചെയ്ത കൊടിഞ്ഞി സ്വദേശിനി വാളക്കുളം പാറമ്മല്‍ സ്പ്രൗട്ട്‌സ് ഇന്റര്‍നാഷനല്‍ മെറ്റേര്‍ണിറ്റി സ്റ്റുഡിയോക്കെതിരേയാണ് ഉത്തരവ്.
◼️മണിചെയിന്‍ മാതൃകയില്‍ 50 കോടിയോളം രൂപ തട്ടിയ തൃശൂര്‍ സ്വദേശി മലപ്പുറത്ത് പിടിയില്‍. ഊട്ടോളി ബാബു എന്ന മീശ ബാബുവാണ് പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
◼️പാലക്കാട് മംഗലംഡാമിനു സമീപം ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം വനംവകുപ്പ് സാധാരണ ബൈക്ക് അപകടമാക്കിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച മംഗലംഡാം പറശ്ശേരി സ്വദേശി വേലായുധന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ സമരം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ വേലായുധനെ ആശുപത്രിയിലെത്തിക്കാന്‍ വനംവകുപ്പ് വാഹനം വിട്ടു നല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
◼️പിരിവു നല്‍കാത്തതിനു സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വടകരയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ അംഗപരിമിതനായ സംരംഭകന്റെ ആത്മഹത്യാ ശ്രമം. വടകര തട്ടോളിക്കരയില്‍ രാത്രി എട്ടോടെയാണ് യുവാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലേക്കു മാറ്റി.
◼️കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെ സ്‌കേറ്റിംഗ് ബോഡില്‍ യാത്രായജ്ഞം നടത്തുകയായിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അനസ് ഹജാസ് വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ കല്‍ക്കയില്‍ ട്രക്കിടിച്ചാണു മരിച്ചത്. മെയ് 23 ന് ആരംഭിച്ച യാത്ര 14 ദിവസത്തിനകം പൂര്‍ത്തിയാകാനിരിക്കേയാണ് അപകട മരണം.
◼️ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകള്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍നിന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പിന്‍മാറി. നഗരസഭ ആദ്യമായി രൂപീകരിക്കുന്ന ടീമില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ടീം ഉണ്ടാക്കുമെന്ന പ്രഖ്യാപനം വിവാദമായിരുന്നു.
◼️മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു. ഇടുക്കി അണക്കരക്കു സമീപം ചെല്ലാര്‍ കോവിലില്‍ ഒന്നാം മൈല്‍ സ്വദേശി ഇടപ്പാടിയില്‍ തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടന്‍മേട് പോലീസ് കസ്റ്റഡിയിലെടുത്തു.
◼️തൃത്താല കപ്പൂരില്‍ കടയില്‍ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ എറവക്കാട് സ്വദേശി മൊയ്തീന്‍കുട്ടിക്ക് നാലുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ.
◼️കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി പൊലീസിന്റ പിടിയിലായി. പാലക്കാട് മണ്ണാര്‍ക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദാണ് (31) അറസ്റ്റിലായത്.
◼️വിഴിഞ്ഞത്ത് പെണ്‍ സുഹൃത്തിനെ കാണാനെത്തിയ കിരണ്‍ ആഴിമലയില്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മൂന്നാം പ്രതി അരുണാണ് പിടിയിലായത്. മരിച്ച കിരണിനെ പിന്തുടര്‍ന്ന് കാര്‍ ഓടിച്ചയാളാണ് അരുണ്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
◼️കെഎസ്ആര്‍ടിസി തിരുവനന്തപുരത്തു നിരത്തിലിറക്കിയ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകളിലൊന്ന് പെരുവഴിയില്‍. എന്താണ് തകരാറെന്നു മനസ്സിലായില്ലെന്നു ജീവനക്കാര്‍. സര്‍വീസ് കാരവന്‍ എത്തി ബസ് കെട്ടിവലിച്ചു കൊണ്ടുപോയി.
◼️രാജ്യത്ത് കള്ളനോട്ടുകളില്‍ വന്‍ വര്‍ധന. 2016ല്‍ 15 കോടി രൂപയുടെ കള്ളനോട്ടാണു പിടിച്ചതെങ്കില്‍ 2020 ല്‍ 92 കോടി രൂപയുടെ നോട്ടാണ് പിടിച്ചെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2021-22 ല്‍ ബാങ്കുകളില്‍നിന്ന് 2,30,971 കള്ളനോട്ടുകള്‍ കണ്ടെത്തി.
◼️അഞ്ചു ലക്ഷം രൂപയോ കൂടുതലോ ഉള്ള ചെക്കുകള്‍ക്ക് പോസിറ്റീവ് പേ സിസ്റ്റം നിര്‍ബന്ധമാക്കി. ചെക്ക് ഇടപാടുകളിലെ തട്ടിപ്പുകള്‍ തടയാനാണ് ബാങ്കുകള്‍ പോസിറ്റീവ് പേ നിര്‍ബന്ധമാക്കുന്നത്. ബാങ്കുകള്‍ക്കു വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ ചെക്കുകള്‍ മടക്കും.
◼️പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും റേഷന്‍ കട വ്യാപാരിയുമായ പ്രഹ്ലാദ് മോദി ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തി. റേഷന്‍ വിതരണത്തിനു ന്യായമായ കമ്മീഷന്‍ തരണമെന്ന് ആവശ്യപ്പെട്ടാണു സമരം. ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായ പ്രഹ്ലാദ് മോദി, സംഘടന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തിലാണ് പങ്കെടുത്തത്.
◼️മംഗളൂൂരു സൂറത്കല്ലിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേര്‍ കൂടി അറസ്റ്റില്‍. സുഹാസ്, മോഹന്‍, ഗിരിധര്‍, അഭിഷേക്, ദീക്ഷിത്ത്, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്.
◼️ഇന്‍ഡിഗോ നവംബറോടെ പൈലറ്റുമാരുടെ ശമ്പളം പൂര്‍ണമായും പുനഃസ്ഥാപിക്കും. അടുത്ത രണ്ടു മാസങ്ങളിലായി ആറു ശതമാനം വര്‍ധിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്.
◼️വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് ജാമ്യം സ്ഥിരപ്പെടുത്തി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തിയത്.
◼️അധ്യാപക നിയമന അഴിമതി കേസില്‍ പിടിയിലായ പാര്‍ത്ഥ ചാറ്റര്‍ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് സ്ത്രീ. കേന്ദ്ര സര്‍ക്കാരിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ചാറ്റര്‍ജിക്കെതിരെ ചെരുപ്പെറിഞ്ഞത്. എസി കാറിലല്ല, കഴുത്തില്‍ കയര്‍ കെട്ടിയാണ് അയാളെ കൊണ്ടുപോകേണ്ടതെന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ചെരുപ്പേറ്.
◼️പേരക്കുട്ടികള്‍ക്കു പലഹാരം വാങ്ങാന്‍ പോയ വിമുക്തഭടനെ വാടകത്തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊന്നു. കേരള - തമിഴ്നാട് അതിര്‍ത്തിയിലെ ബോഡിനായ്ക്കന്നൂരില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. മാരിമുത്തു, മകന്‍ മനോജ്കുമാര്‍, സുരേഷ്, മദന്‍കുമാര്‍, യുവരാജ്, മനോഹരന്‍ തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്.
◼️വിശാഖപട്ടണത്ത് വസ്ത്രനിര്‍മ്മാണശാലയില്‍ വാതക ചോര്‍ച്ച. തളര്‍ന്നുവീണ അമ്പതോളം ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ജീവനക്കാരില്‍ അധികവും സ്ത്രീകളാണ്.
◼️15 ലക്ഷം രൂപയുടെ യുഎസ് ഡോളറുമായി ബാങ്കോക്കില്‍ നിന്നുള്ള ഇന്ത്യക്കാരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. പപ്പട പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡോളറുകള്‍ കണ്ടെടുത്തത്.
◼️അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍. ചൈനയുടെ ഭീഷണി തള്ളിയാണ് പെലോസി തായ്വാനിലെത്തിയത്. സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് ചൈനയുടെ യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ അതിര്‍ത്തി കടന്ന് പറന്നു. അമേരിക്കന്‍ പടക്കപ്പലുകള്‍ തായ്വാനിലേക്കു തിരിച്ചിട്ടുണ്ട്.
◼️ലഗേജില്‍ പ്രഭാത ഭക്ഷണത്തിനുള്ള സാന്‍ഡ് വിച്ചുകള്‍ കൊണ്ടുവന്ന യാത്രക്കാരനു ഭീമമായ പിഴ. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രക്കാരനാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ 2,664 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തിയത്. ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപയാണു പിഴയടച്ചത്. ഇന്തോനേഷ്യയിലെ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് ബാലിയിലേക്കും വ്യാപിച്ചതോടെയാണ് ഓസ്‌ട്രേലിയ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്നലെ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും. പുരുഷ ടേബിള്‍ ടെന്നീസിലും വനിതാ ലോണ്‍ ബൗള്‍സിലുമാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചത്. സിംഗപ്പൂരിനെ 3-1ന് തോല്‍പ്പിച്ചാണ് അചന്തര ശരത് കമാല്‍ നയിക്കുന്ന ഇന്ത്യ കഴിഞ്ഞ ഗെയിംസില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്തിയത്. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്‌കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിര്‍ക്കി, ലവ്ലി ചൗബേ, പിങ്കി, നയന്‍മോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്. ഭാരോദ്വഹനത്തില്‍ 96 കിലോ വിഭാഗത്തില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 191 കിലോ ഉയര്‍ത്തിയ വികാസ് താക്കൂറാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. മലേഷ്യയെ തോല്‍പിച്ച ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമാണ് ഇന്ത്യക്കായി മറ്റൊരു വെള്ളി കൂടി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി.
◼️ട്വന്റ്ി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം . ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 5 പന്ത് ബാക്കി നില്‍ക്കെ വിജയം നേടി. ഇന്ത്യയ്ക്കായി ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 76 റണ്‍സ് നേടി. ഈ മത്സരം വിജയിച്ചതോടെ പരമ്പരയില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി.
◼️ജൂണില്‍ 22 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 632 പരാതികള്‍ ലഭിച്ചതായും മാസംതോറും വാട്‌സ്ആപ്പ് പുറത്തിറക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് 22 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതെന്ന് വാട്‌സ്ആപ്പ് പറയുന്നു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുക അടക്കം ഉപയോക്താവിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ തടയണമെന്ന പുതിയ ഐടി നിയമത്തിന്റെ ചുവടുപിടിച്ചാണ് നടപടി. ജൂണ്‍ ഒന്നുമുതല്‍ 30 വരെയുള്ള കാലയളവില്‍ 22,10,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അക്കൗണ്ടുകള്‍ നിരോധിക്കണമെന്ന് കാണിച്ച് 426 അപേക്ഷകളാണ് ഇക്കാലയളവില്‍ ലഭിച്ചത്. സുരക്ഷയുമായി ബന്ധപ്പെട്ട് 16 പരാതികളും ലഭിച്ചു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് 64 അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
◼️പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്നുനില്‍ക്കുന്ന രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ തന്നെ കുറഞ്ഞേക്കും. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടു. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായാണ് കരാറില്‍ ഒപ്പുവെച്ചത്. കരാറില്‍ ഒപ്പുവെച്ചതോടെ, വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സാധിക്കും. മെട്രോ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് അനുമതി . ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അവിടെ തന്നെ തിരിച്ചിറങ്ങുന്ന തരത്തിലുള്ള പോയിന്റ് ഓഫ് കോള്‍ അനുവദിച്ചിട്ടുള്ള വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്നതിനാണ് അനുമതി നല്‍കുക.
◼️ആലിയ ഭട്ട് നായികയാകുന്ന സിനിമയാണ് 'ഡാര്‍ലിംഗ്സ്'. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഡാര്‍ലിംഗ്സ്' എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. അമ്മ- മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്'. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ഓഗസ്റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
◼️ദുല്‍ഖറിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സീതാ രാമം'. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ദുല്‍ഖര്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യുക ഓഗസ്റ്റ് അഞ്ചിനാണ്. തെലുങ്കിനു പുറമേ തമിഴിലും മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീന്‍' എന്ന കഥാപാത്രമായി രശ്മിക മന്ദാനയും അഭിനയിക്കുന്നു.
◼️ഫോഴ്‌സ് മോട്ടോഴ്‌സ് അതിന്റെ ജനപ്രിയ ഗൂര്‍ഖ ഓഫ്-റോഡ് എസ്യുവിയുടെ അഞ്ച് ഡോര്‍ പതിപ്പ് ഇന്ത്യയ്ക്കായി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന്-ഡോര്‍ പതിപ്പിനെ അപേക്ഷിച്ച്, എല്‍ഡബ്ളിയുബി ഗൂര്‍ഖയ്ക്ക് അധിക മൂന്നാം നിര സീറ്റ് ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ വീല്‍ബേസ് ഉണ്ടായിരിക്കും. ഇതിന് നിലവില്‍ ഉള്ളതിനേക്കാള്‍ 400 മില്ലിമീറ്റര്‍ നീളമുണ്ടാകും. വീതി കൂട്ടാം, 18 ഇഞ്ച് അലോയ് വീലുകളില്‍ ഘടിപ്പിച്ച വലിയ 255/60ആര്‍18 ടയറുകളില്‍ എസ്യുവി സഞ്ചരിക്കും. ചെറിയ സ്റ്റീല്‍ വീലുകള്‍ താഴ്ന്ന ട്രിമ്മുകളില്‍ നല്‍കാം. വിലയുടെ കാര്യത്തില്‍, ഫോഴ്‌സ് ഗൂര്‍ഖ 5-ഡോറിന് അതിന്റെ ചെറിയ മോഡലിനെക്കാള്‍ ഏകദേശം ഒരു ലക്ഷം പ്രീമിയം വിലയുണ്ടാകും. രണ്ടാമത്തേത് നിലവില്‍ 14.49 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് (എക്സ്-ഷോറൂം, ഡല്‍ഹി).
◼️എഴുതപ്പെട്ട കാലം മുതല്‍ കേരളക്കരയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകമാണ് രാമായണം കിളിപ്പാട്ട്. ഓരോ പ്രാവശ്യം വായിക്കുമ്പോഴും പുതിയ അറിവുകളും ആശയങ്ങളും സാംഗത്യങ്ങളും അത് സമ്മാനിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നിവര്‍ത്തിനോക്കിയാലും അന്നത്തെ കാലത്തിനു വെളിച്ചമേകുന്ന പുതുമകള്‍ നല്‍കുന്നുവെന്നതാണ് ഈ കൃതിയുടെ നിത്യയൗവനത്തിനു കാരണം. ആവര്‍ത്തിച്ചുള്ള രാമായണപാരായണത്തില്‍നിന്നു കിട്ടിയ ആശയങ്ങള്‍ പ്രതിഫലിക്കുന്ന പുസ്തകം. 'രാമായണ പ്രസാദം'. സി രാധാകൃഷ്ണന്‍. മാതൃഭൂമി ബുക്സ്. വില. വില 133 രൂപ.
◼️കണ്ണിലെ ചൊറിച്ചില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അലര്‍ജി മൂലമാണ് ഈ അസ്വസ്ഥത അനുഭവപ്പെടുന്നത്. ഒക്കുലാര്‍ അലര്‍ജി എന്ന ഈ അവസ്ഥ ഡ്രൈ ഐ സിന്‍ഡ്രോം എന്നാണ് അറിയപ്പെടുന്നത്. പൂമ്പൊടി, മൃഗങ്ങളുടെ രോമങ്ങള്‍, പൂപ്പല്‍, പൊടിപടലങ്ങള്‍, മേക്കപ്പ് എന്നിവയുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ഹിസ്റ്റമിന്‍ പുറത്തുവിടുന്നതിലൂടെ ശരീരം ഇതിനോട് പ്രതികരിക്കും. കണ്ണിലെ അല്ലെങ്കില്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും നാഡികളുടെ അറ്റത്ത് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഇതുമൂലം കണ്ണുകള്‍ നിറഞ്ഞൊഴുകും. മറ്റ് തരത്തിലുള്ള അലര്‍ജികളും കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകാന്‍ കാരണമാകും. ഒരു പ്രത്യേക പദാര്‍ത്ഥത്തോടുള്ള അലര്‍ജി കാരണം കണ്ണിന്റെ ഉപരിതലത്തില്‍ വീക്കം ഉണ്ടാക്കുകയും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. കണ്ണിന്റെ ഉപരിതലത്തിലെ മെംബ്രെയ്നില്‍ വീക്കം ഉണ്ടാക്കും. ഇത് കൂടുതലും മുതിര്‍ന്നവരിലാണ് കണ്ടുവരുന്നത്. നേരിയ അലര്‍ജി ഉണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ തണുത്ത വെള്ളം നല്ലതാണ്. കണ്ണില്‍ എന്തെങ്കിലും പോയതുകൊണ്ടാണ് ചൊറിച്ചിലെങ്കില്‍ അത് നീക്കം ചെയ്യാന്‍ ശ്രമിക്കുക. ഇതിനായി ചെറു ചൂടുവെള്ളം ഉപയോഗിക്കാം. കാറിലെയും വീട്ടിലെയും ജനലുകള്‍ അടച്ചിട്ട് പൊടി തടയുക. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ശീലമാക്കുക. കണ്ണ് തിരുമുന്നത് ഒഴിവാക്കണം. ഇത് കണ്ണിന്റെ ഏറ്റവും മുകളിലെ പാളിയില്‍ കോട്ടമുണ്ടാക്കുകയും വേദനയും ഇന്‍ഫെക്ഷനും ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും. അടിഞ്ഞുകൂടിയ അഴുക്ക് കളയാന്‍ ഉറങ്ങുന്നതിന് മുമ്പ് കുളിക്കണം. മൃഗങ്ങളെയോ മറ്റോ തൊട്ടതിന് ശേഷം കൈ സോപ്പിട്ട് കഴുകിയെന്ന് ഉറപ്പുവരുത്തുക. കോണ്‍ടാക്റ്റ് ലെന്‍സ് ഇടയ്ക്കിടെ മാറ്റി വൃത്തിയായി ഉപയോഗിക്കുക. കൃത്രിമ കണ്ണുനീര്‍ വരുത്തി കണ്ണുകള്‍ ഇടയ്ക്കിടെ ലൂബ്രിക്കേറ്റ് ചെയ്യുക. ധാരാളം വെള്ളം കുടിക്കുക.
*ശുഭദിനം*
കുന്നിന്‍മുകളിലേക്കുള്ള പാതവൃത്തിയാക്കുകയായിരുന്നു അവരിരുവരും. അവിടെ വിരിച്ചിരിക്കുന്ന കല്ലുകളില്‍ കേടുവന്നവയെല്ലാം ഇളക്കിമാറ്റി പകരം പുതിയത് വിരിക്കണം. അതായിരുന്നു അവരെ ഏല്‍പ്പിച്ചിരുന്ന ജോലി. ജോലിക്കിടയില്‍ നോക്കിയപ്പോള്‍ അവരില്‍ ഒരാള്‍ കല്ലുകള്‍ തട്ടിനോക്കി കേടുണ്ടെന്ന് മനസ്സിലായിട്ടും അവ മാറ്റാതെ മുന്നോട്ട് പോകുന്നതാണ് കണ്ടത്. ഇത് കണ്ട് രണ്ടാമനോട് കാര്യം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഇതിലൊന്നും നമ്മള്‍ അത്രയ്ക്ക ആത്മാര്‍ത്ഥത കാണിക്കേണ്ട കാര്യമൊന്നുമില്ല. ചെറിയ കേടൊക്കെ ആരറിയാനാണ്.. അതിന്റെ മുന്നിലും പിന്നിലുമുള്ള കല്ലുകള്‍ ഉറപ്പുളളതാണെങ്കില്‍ ഇതൊന്നും ആരും ശ്രദ്ധിക്കുകയില്ല. കേടുപാടുള്ള കല്ലുകള്‍ മാറ്റിയില്ലെങ്കില്‍ അത് അപകടമാണ് ഒന്നാമന്‍ പറഞ്ഞു. പക്ഷേ, മറ്റേയാള്‍ അതൊന്നും കേട്ടതേയില്ല. മുകളിലേക്ക് ചെല്ലുന്തോറും കുത്തനെയുള്ള കയറ്റം കൂടിവന്നു. അപ്പോള്‍ രണ്ടാമന്‍ ഒന്നാമനോട് പറഞ്ഞു. മുകളിലേക്ക് കയറുമ്പോള്‍ ഒരു വടി കുത്തിപ്പിടിച്ചാല്‍ എളുപ്പമാണ്. നീ ഒരു വടി കൊണ്ടുവരാമോ? ഒന്നമന്‍ സമ്മതിച്ചു. കൊണ്ടുവന്ന വടികണ്ടപ്പോള്‍ രണ്ടാമന്‍ ചിരിച്ചുപോയി. വടിയുടെ നടുവില്‍ മുറിഞ്ഞിരിക്കുകയാണ് മുറിഞ്ഞ ഭാഗം ഒരു വള്ളികൊണ്ട് പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്. രണ്ടാമന്‍ ചോദിച്ചു: ഈ വടികുത്തി എങ്ങിനെ നടക്കും? വടിയുടെ താഴത്തെ ഭാഗം തൂങ്ങിയാടുകയാണല്ലോ? അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: അത് സാരമില്ല. വടിയുടെ മുന്നിലും പിന്നിലുമുളള ഭാഗങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്. രണ്ടാമന് ആ മറുപടിയുടെ അര്‍ത്ഥം വേഗം മനസ്സിലായി. അയാള്‍ താന്‍ അവഗണിച്ചുവിട്ട കേടുപാടുള്ള കല്ലുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ തുടങ്ങി. എന്തു കാര്യവും ചെയ്യുമ്പോള്‍ ഇങ്ങനെതന്നെയാണ് വേണ്ടത്. അത് പൂര്‍ണ്ണമായിരിക്കണം. ഏതു കാര്യത്തിന്റെയും ഓരോ ചെറിയ അംശവും ഒരുപോലെ പ്രാധാനമാണ്. അത് പൂര്‍ണ്ണതയിലേക്കുള്ള യാത്രയാണ് - *ശുഭദിനം.*
മീഡിയ16