ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിൻ്റെ 14-ാമത് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധന്‍കറെ തിരഞ്ഞെടുത്തു. 528 വോട്ടുകള്‍ നേടിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ധന്‍കര്‍ വന്‍വിജയവുമായി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്.പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 200 വോട്ടുകള്‍ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് അത്രയും നേടാനായില്ല. 780 എം.പിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്‌തത്.

അസുഖബാധിതരായിരുന്ന ബി.ജെ.പിയുടെ സഞ്ജയ് ദോത്രെ,​ സണ്ണി ദിയോള്‍ എന്നിവര്‍ വോട്ടുചെയ്തില്ല. 15 വോട്ടുകള്‍ അസാധുവായി. തിരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 36 എം.പിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പിമാരില്‍ രണ്ടുപേര്‍ മാത്രമാണ് വോട്ടുചെയ്തത്. സിസിര്‍ അധികാരി,​ ദിബേന്ദു അധികാരി എന്നിവരാണ് വോട്ടു ചെയ്തത്.

അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.നിലവില്‍ പശ്ചിമ ബംഗാള്‍ ഗവ‌ര്‍ണറാണ് ജഗ്‌ദീപ് ധന്‍കര്‍. അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ്. . ഫിസിക്സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു