ഡ്യൂട്ടിക്ക് കയറാതെ നഷ്ടംവരുത്തി;111 KSRTC ജീവനക്കാരിൽനിന്ന് 9.49ലക്ഷം തിരിച്ചുപിടിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സർവീസ് പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സർവീസ് മുടക്കിയത് കാരണം കോർപ്പറേഷന് നഷ്ടമുണ്ടാക്കിയ ജീവനക്കാരിൽ നിന്നും നഷ്ടത്തിന് ഇടയാക്കിയ തുക തിരിച്ച് പിടിക്കാൻ ഉത്തരവിറക്കി. നഷ്ടമുണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം ഉത്തരവ് ഇറക്കിയത്.2022 ജൂൺ 26-ന് സർവീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. പാപ്പനംകോട് ഡിപ്പോയിൽനിന്നും സർവീസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടായ 1,35,000 രൂപ എട്ട് കണ്ടക്ടർമാരിൽനിന്ന് ഈടാക്കും. വികാസ് ഭവനിലെ സർവീസ് മുടക്കിയതുമൂലം ഉണ്ടായ നഷ്ടമായ 2,10,382 രൂപ പതിമൂന്ന് ഡ്രൈവർമാരും, 12 കണ്ടക്ടർമാരിൽ നിന്നും ഈടാക്കും. സിറ്റി യൂണിറ്റിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നുമായി 2,74,050 രൂപയും പേരൂർക്കട ഡിപ്പോയിലെ 25 കണ്ടക്ടർമാരിൽ നിന്നും 25 ഡ്രൈവർമാരിൽ നിന്നുമായി 3,30,075 രൂപയും തിരിച്ചു പിടിക്കാനുമാണ് ഉത്തരവായത്.
ഇതുകൂടാതെ 2021 ജൂലൈ 12ന് ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവീസ് റദ്ദാക്കിയതിനെ തുടർന്നുണ്ടായ നഷ്ടമായ 40,277 രൂപ എട്ട് ജീവനക്കാരിൽ നിന്നും തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവിട്ടു.