കെഎസ്‌ആര്‍ടിസിക്ക് 103 കോടി ഉടൻ നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി:കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി ഉത്തരവ്.ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കണം. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ പത്തുദിവസം സാവാകാശം തേടിയെങ്കിലും പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പളവിതരണത്തിന് മുന്‍ഗണന നല്‍കണമെന്ന ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ശമ്പളവിതരണത്തിനായി 103 കോടി രൂപ നല്‍കാനാണ് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിന് 50 കോടി വീതവും മൂന്ന് കോടി രൂപ ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുന്നതിനും വേണ്ടിയാണ്. ശമ്പളം നല്‍കാന്‍ പത്തുദിവസത്തെ സാവാകാശം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒരുനിലയ്ക്കും തൊഴിലാളികളെ പട്ടിണിക്കിടാന്‍ പാടില്ല. ശമ്പളം അനുവദിക്കാന്‍ ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടിരൂപ അടിയന്തരമായി അനുവദിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

കേസില്‍ സെപ്റ്റംബര്‍ ഒന്നിന് അടുത്ത വാദം കേള്‍ക്കും. അതിന് മുന്‍പായി പണം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്‌.