10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 900 കുപ്പി റം, മദ്യലോറി ഒടുവിൽ കൊണ്ടു പോയി; കാലടി പൊലീസിന് ആശ്വാസം

കാലടി : ഒരു വർഷമായി കുഴക്കിയ മദ്യലോറി പോയതോടെ കാലടി പൊലീസിന് ആശ്വാസത്തിന്റെ നെടുവീർപ്പ്. നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുടുങ്ങി കിടന്നിരുന്ന മദ്യലോറി ഒടുവിൽ എക്സൈസ് വകുപ്പ് കൊണ്ടു പോയി. ലോറിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 900 കുപ്പി റം ആയിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മർഗോവയിലെ നിർമ്മാണ യൂണിറ്റിൽ നിന്നു തൃപ്പൂണിത്തുറ, കൊല്ലം എന്നിവിടങ്ങളിലെ എക്സൈസ് ഗോഡൗണിലേക്കു കൊണ്ടു പോവുകയായിരുന്ന മദ്യം മറ്റൂരിൽ വച്ച് ഏതാനും കുപ്പികൾ മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കേസിലെ തുടർനടപടികൾ സ്വീകരിക്കേണ്ടത് എക്സൈസ് ആയിരുന്നതിനാൽ അതു നീണ്ടുപോയതാണ് പൊലീസിനു പൊല്ലാപ്പായത്. അതോടെ ലോറിക്ക് കാവൽ‍ ഏർപ്പെടുത്തേണ്ട അവസ്ഥയിലായി. സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടത്തിനു സമീപം നിർത്തിയിട്ടിരുന്ന ലോറി സ്റ്റേഷനിൽ വരുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.ഇപ്പോൾ എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ ലോറി കാലടി പൊലീസ് സ്റ്റേഷനിൽ നിന്നു കൊണ്ടുപോയി. മദ്യക്കുപ്പികൾ തൃപ്പൂണിത്തുറ, കൊല്ലം എക്സൈസ് ഗോഡൗണുകളിൽ ഇറക്കും. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിനു ശേഷം മാത്രമേ വിൽപന നടത്തുകയുള്ളൂ. ലോറിയിൽ നിന്നു 16 കുപ്പി മദ്യം കൂടാലപ്പാട് സ്വദേശിക്കു മറിച്ചു വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.