*പള്ളിക്കല്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.*

പള്ളിക്കല്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഓയൂര്‍ മീയന റോഡുവിള പുത്തന്‍വീട്ടില്‍ അല്‍അമീനാണ് (23) പിടിയിലായത്. മൂതല താഴെഭാഗം പള്ളിക്കപുഴ പാലത്തിനുസമീപം വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ബൈക്കിലെത്തി കഞ്ചാവ് വില്പന നടത്തിയ രണ്ട്‌ യുവാക്കളെ മൂന്നുകിലോ കഞ്ചാവുമായി കഴിഞ്ഞ ഫെബ്രുവരി 3ന് പള്ളിക്കല്‍ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. യുവാക്കള്‍ പിടിയിലായതോടെ ഇവരെ കഞ്ചാവ് വില്പനയ്‌ക്കായി നിയോഗിച്ച അല്‍ അമീന്‍ ഒളിവില്‍ പോകുകയായിരുന്നു.

പിന്തുടര്‍ന്നെങ്കിലും ബംഗളൂരു, കുമ്ബള, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മംഗലാപുരത്തേക്കുള്ള മാവേലി എക്‌സ്‌പ്രസില്‍ കഴിഞ്ഞ ദിവസം രാത്രി രക്ഷപ്പെടാന്‍ ശ്രമിച്ച അല്‍അമീനെ ആലപ്പുഴയില്‍വച്ച്‌ പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ സാഹില്‍ എം, എ.എസ്.ഐ സുനില്‍, സി.പി.ഒ മാരായ വിനീഷ്, സന്തോഷ്‌, ഷമീര്‍, അജീസ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്യുകയായിരുന്നു.

ആഡംബര ജീവിതം നയിക്കാനാണ് ഇയാള്‍ കഞ്ചാവ് കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചിരുന്നെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ടെന്നും സി.ഐ പറഞ്ഞു. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.