ബലിതര്‍പ്പണം ശിവഗിരിയില്‍ വന്‍തോതില്‍ വിശ്വാസികള്‍ എത്തി

ശിവഗിരി:  കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ശിവഗിരി  മഠത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികളായിരുന്നു ശിവഗിരിയിലെത്തിയത്.  

ഗുരുദേവ മന്ത്രധ്വനികളാല്‍  ശിവഗിരിയും പരിസര പ്രദേശങ്ങളും മുഖരിതമായിരുന്നു. ശാരദാമഠത്തിലും വൈദിക മഠത്തിലും മഹാസമാധി പീഠത്തിലും  ദര്‍ശനം നടത്തുന്നതിനെത്തിയവരും  ബലി തര്‍പ്പണത്തിനായി വന്നുചേര്‍ന്നവരുമായി വന്‍ജനാവലിയുടെ സാന്നിദ്ധ്യമാണ് അനുഭവപ്പെട്ടത്. ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും മറ്റ് വൈദികരും കാര്‍മ്മികത്വം വഹിച്ച ബലിതര്‍പ്പണത്തെത്തുടര്‍ന്ന് ബലിക്കടവില്‍ നിമഞ്ജനം ചെയ്താണ് ഭക്തര്‍ മടങ്ങിയത്. എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് ഗുരുപൂജാ പ്രസാദമായി അന്നദാനവും ഉണ്ടായിരുന്നു.

ഇതര കേന്ദ്രങ്ങളിലെ ബലിതര്‍പ്പണത്തില്‍ നിന്നും വേറിട്ടൊരനുഭൂതിയാണ്  ശിവഗിരി മഠത്തിലെ ചടങ്ങുകളില്‍ നിന്നും ലഭ്യമായതെന്നായി പങ്കെടുത്തവരുടെ സാക്ഷ്യം. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ,  സ്വാമി ഗുരുപ്രസാദ്, തുടങ്ങിയവര്‍ പുലര്‍ച്ചെ മുതല്‍ തന്നെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ബലി തര്‍പ്പണത്തിന് സ്വാമി ശിവനാരായണ തീര്‍ത്ഥയും മനോജ് ശാന്തിയും രമാനന്ദന്‍  ശാന്തിയും കാര്‍മ്മികത്വം വഹിച്ചു.