പലരും മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള താമസയിടങ്ങളിലേക്ക് മാറാനുള്ള നെട്ടോട്ടത്തിലാണ്. സ്റ്റേഷനിലേക്ക് അരമണിക്കൂർ നടക്കേണ്ടിവന്നാലും കുഴപ്പമില്ലെന്ന മട്ടിലാണ് അന്വേഷണം. ഇതോടെ വാടകനിരക്ക് ഉയർന്നു. ബ്രോക്കർമാർക്കും നല്ലകാലം വന്നെത്തി. ഒരു മാസത്തെ വാടകയാണ് ബെഡ് സ്പേസിനു പോലും ബ്രോക്കർമാർ ചോദിക്കുന്നതെന്നു പലരും പരാതിപ്പെടുന്നു. പൊരിവെയിലത്ത് കുടചൂടി മെട്രോ സ്റ്റേഷനുകളിലേക്ക് ഓടുന്നവരിൽ കോട്ടുധാരികളായ മലയാളികളുമുണ്ട്. ഫിലിപ്പീൻസ് സ്വദേശികളെ കടത്തിവെട്ടിയാണ് മലയാളികളുടെ കുടപ്രേമം.
വാഹനമുള്ളവർ പാർക്കിങ് കിട്ടാതെ ബുദ്ധിമുട്ടുന്നതും പതിവായി. പ്രവൃത്തിദിവസങ്ങളിലും പാർക്കിങ് നിറയെ വാഹനങ്ങൾ. മെട്രോയ്ക്കു പുറമേ ബസുകളിലും യാത്രക്കാർ കൂടി. മെട്രോയിൽ യാത്ര ചെയ്തു താമസയിടങ്ങളിലേക്ക് ഫീഡർ ബസുകളിൽ പോകുന്നത് പതിവാക്കി. ഷാർജയിലെ ബുത്തീന, റോള, അബുഷഗാര തുടങ്ങിയ മേഖലകളിൽ താമസിക്കുന്നവർ ദുബായ് അതിർത്തിയിലെ സഹാറ സെന്റർ വരെ ബസിൽ എത്തിയാൽ ദുബായിലെ ഫീഡർ ബസുകൾ റെഡി. നിമിഷങ്ങൾക്കകം മെട്രോ സ്റ്റേഷനിലെത്താനാകും. വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഇതര എമിറേറ്റുകളിലേക്കും പോകാം. അവധി ദിവസമായ ഞായറാഴ്ച രാവിലെ പോലും മെട്രോയിൽ തിരക്കാണ്.
റേഷനരിയും ഗൾഫിലേക്ക്!
പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതോടെ നാട്ടിൽ നിന്നു റേഷനരിയടക്കം കൊണ്ടുവന്നു തുടങ്ങി. പരമാവധി സാധനങ്ങൾ കൊണ്ടുവരുന്നത് ബാച്ചലേഴ്സ് ഉൾപ്പെടെ ശീലമാക്കി. ചക്ക, ചക്കക്കുരു, കറി മസാലകൾ, തൈര്, ഉണക്കമീൻ, ഉണക്കിയ മാങ്ങ എന്നിവയൊക്കെ ബാച്ചിലേഴ്്സ് പെട്ടികളിൽ നാട്ടിൽ നിന്നു പറന്നുതുടങ്ങി. വിലക്കയറ്റത്തെ തുടർന്നു കുടുംബബജറ്റിന്റെ താളംതെറ്റിയെന്നാണ് വീട്ടമ്മമാരുടെ പരാതി. പലയിനം മത്സ്യങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വില. ചൂടുകാലത്ത് ലഭ്യത കുറഞ്ഞതാണ് വിലകൂടാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു.