ഓപ്പറേഷൻ മ്യാവൂ!: നാലു ദിവസമായി തെങ്ങിൽ കുടുങ്ങി പൂച്ച; മന്ത്രിയുടെ ശ്രദ്ധയിലും പൂച്ച വിഷയം, രക്ഷപ്പെടുത്തി

ചാത്തന്നൂർ• തെരുവുനായ്ക്കളെ ഭയന്ന് ഓടി കയറിയ തെങ്ങിൽ പൂച്ച കുടുങ്ങിയതു നാലു ദിവസം! താഴെ ഇറങ്ങാനാകാതെ ഇരുന്ന പൂച്ചയെ ഒടുവിൽ അഗ്നിശമന സേന രക്ഷപ്പെടുത്തി. ചാത്തന്നൂർ തിരുമുക്ക് സെന്റ് ജോർജ് യുപി സ്കൂൾ വളപ്പിൽ, ക്ലാസ് മുറികൾക്ക് സമീപം 40 അടിയിലേറെ ഉയരം ഉള്ള തെങ്ങിന് മുകളിലാണു പൂച്ച ഇരിപ്പുറപ്പിച്ചത്. പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട വിദ്യാർഥികളാണ് തെങ്ങിനു മുകളിൽ കുടുങ്ങിയ പൂച്ചയെ കണ്ടെത്തിയത്. കനത്ത മഴയിൽ തണുത്ത് വിറച്ചു കരയുന്ന പൂച്ചയെ കണ്ട വിദ്യാർഥികൾ പ്രഥമാധ്യാപകൻ ബിനിൽ മാത്യുവിനെ വിവരം അറിയിച്ചു.പ്രദേശത്തെ ചിലരെ കയറ്റി പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മഴ തടസ്സമായി. ഇതിനിടെ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ശ്രദ്ധയിലും പൂച്ച വിഷയം എത്തി. ഇന്നലെ ഉച്ചയ്ക്കാണ് പരവൂർ അഗ്നിരക്ഷാനിലയത്തിലെ നിന്ന് സ്റ്റേഷൻ ഓഫിസർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പൂച്ചയെ കുത്തി താഴെ ഇറക്കാനായി ഫയർമാൻമാരായ അജിത്, ഡൊമനിക് എന്നിവർ ഏണി ഉപയോഗിച്ചു തെങ്ങിനു മുകളിൽ കയറി. ഇതിനിടെ നിലത്തെ പുൽപ്പടർപ്പിൽ ചാടി പൂച്ച രക്ഷപ്പെട്ടു.