പുലിക്കായി ക്യാമറ വെച്ചു, കണ്ടത് കാട്ടുപൂച്ചയെയും മുള്ളൻപന്നിയെയും; പേടിമാറാതെ ഓട്ടുമലക്കാർ

കൊല്ലം ഓട്ടുമലയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ചെറുജീവികളുടെ ദൃശ്യങ്ങൾ പതിഞ്ഞു. പുലിപ്പേടിയെ തുടർന്നാണ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചത്. ഇതിലാണ് കാട്ടുപൂച്ച, മുള്ളൻപന്നി എന്നീ വന്യജീവികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
 

കാട്ടുപൂച്ച, ക്യാമറ, മുള്ളൻപന്നി.
ഹൈലൈറ്റ്:
ഓട്ടുമലയിലെ ക്യാമറയിൽ ചെറു വന്യജീവികളുടെ ദൃശ്യങ്ങൾ പതിഞ്ഞു.
പുലിപ്പേടിയെ തുടർന്ന് വനം വകുപ്പാണ് ക്യാമറകൾ സ്ഥാപിച്ചത്.
കാട്ടുപൂച്ച, മുള്ളൻപന്നി എന്നീ വന്യജീവികളുടെ ദൃശ്യങ്ങളാണ് പതിഞ്ഞത്.
ഓയൂർ (കൊല്ലം): ഓട്ടുമലയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ വന്യജീവികളുടെ ദൃശ്യങ്ങൾ പതിഞ്ഞു. പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമലയിലെ ക്രഷർ യൂണിറ്റിലെ സിസിടിവി ക്യാമറയിൽ പുലിയുടെ രൂപസാദൃശ്യമുള്ള വന്യജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. തുടർന്ന് ജി എസ് ജയലാൽ എംഎൽഎയുടെ നിർദേശപ്രകാരം അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി എസ് സജുവിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ഓട്ടുമല മേഖലയിൽ ക്യാമറ സ്ഥാപിക്കുകയുമായിരുന്നു. ഇതിലാണ് വന്യജീവികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

രണ്ടു ദിവസത്തിന് ശേഷം, രാത്രിയിൽ ക്യാമറയുടെ മെമ്മറി കാർഡുകൾ പരിശോധിച്ചപ്പോഴാണ് ചില ജീവികളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ജംഗിൾ ക്യാറ്റ് അഥവാ ഫെലിസ് ചവ്സ് ഇനത്തിൽ പെട്ട കാട്ടുപൂച്ചയുടെയും ഇന്ത്യൻ ക്രെസ്റ്റഡ് പോക്കുപൈൻ അഥവാ ഹൈസ്ട്രിക് ഇൻഡിക്ക ഇനത്തിൽ പെട്ട മുള്ളൻപന്നിയുടെയും ദൃശ്യങ്ങളാണ് രാത്രിയിൽ ക്യാമറയിൽ പതിഞ്ഞത്. ഈ രണ്ടു ജീവികളും വന്യജീവികളിൽ പെടുന്നതാണെന്നും വൻ അപകടകാരികൾ അല്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഫോറസ്റ്റ്റേഞ്ച് ഓഫീസർ ടി എസ് സജു പറഞ്ഞു. വീണ്ടും രണ്ടു ക്യാമറകൾ മറ്റ് രണ്ടു സ്ഥലങ്ങളിൽ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.ക്യാമറയിൽ പതിഞ്ഞ കാട്ടുപൂച്ചയും മുള്ളൻപന്നിയും
കഴിഞ്ഞ പതിമൂന്നാം തീയതി അർധരാത്രിയിലാണ് പുലിയുടെ രൂപസാദൃശ്യമുള്ള വന്യമൃഗത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതായി കണ്ടത്. തുടർന്ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും നടപടികൾ ഉടൻ തന്നെ സ്വീകരിക്കുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് പ്രദേശവാസികളിൽ ഉണ്ടായിരുന്ന ആശങ്ക ഒഴിവാക്കാൻ ഇടയായത്. മറ്റു രണ്ടു ക്യാമറകൾ അടുത്ത ദിവസം പരിശോധിക്കും.