ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു, നാട്ടുകാർ കൂട്ടമായെത്തി മർദ്ദിച്ചുവെന്ന് പരാതി, അറസ്റ്റ്

പാലക്കാട്:മണ്ണാര്‍ക്കാട് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ഥികളെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാര്‍ കൂട്ടമായി എത്തി മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് കേസെടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. നേരത്തെയും നാട്ടുകാര്‍ പല വട്ടം ഉപദ്രവിച്ചിരുന്നെന്നും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അധിക്ഷേപിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മണ്ണാര്‍ക്കാട് കരിമ്പ എച്ച്‌ എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്കൂള്‍ വിട്ട ശേഷം അടുത്തുള്ള ബസ് സ്‌റ്റോപില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും. അവിടേക്ക് വന്ന ഒരാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇയാള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.