തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചക്കിടെ ജീവനൊടുക്കിയത് നാല് പെണ്‍കുട്ടികള്‍

ശിവകാശി: തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്. വൈകിട്ടാണ് സംഭവം. പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളില്‍ മരിച്ചത്.

മാതാപിതാക്കള്‍ ജോലിക്കായും മുത്തശ്ശി കടയിലേക്കും പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് മൃതദേഹം ശിവകാശി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് അതികഠിനമായ വയറുവേദന ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂന്ന് ദിവസത്തിനിടെ തമിഴ് നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പെണ്‍കുട്ടിയാണ് ശിവകാശിയിലേത്.ഇതില്‍ മൂന്ന് കേസുകളും കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് എന്നത് ആശങ്കാവഹമാണ്.

കൂടല്ലൂര്‍ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ശിവകാശിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടല്ലൂരിലെ സംഭവത്തില്‍ കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ തനിക്ക് മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ഐഎഎസ് വിജയിക്കാന്‍ കഴിയില്ലെന്ന പരാമര്‍ശിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

ആവര്‍ത്തിച്ചുള്ള മരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആത്മഹത്യാ ചിന്തകള്‍ ഒഴിവാക്കണമെന്ന് പെണ്‍കുട്ടികളോട് അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികളെ ഒരിക്കലും ആത്മഹത്യാ ചിന്തയിലേക്ക് തള്ളിവിടരുതെന്നും സ്റ്റാലിന്‍ അറിയിച്ചു.