പതിമൂന്ന് വർഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ ബഹ്​റൈനിൽ കണ്ടെത്തി.

പതിമൂന്ന് വർഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ  ബഹ്​റൈനിൽ കണ്ടെത്തി. പിതാവിനെ കണ്ടെത്താൻ മകൾ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥന ​ബഹ്‌റൈനിലെ പ്രവാസി മലയാളികൾ ഏറ്റെടുത്തിരുന്നു.

തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ​ സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ കണ്ടെത്തിയത്​. അംവാജിൽ നിർമാണത്തൊഴിലാളിയായ ചന്ദ്രൻ മുഹറഖിലാണ്​ താമസിച്ചിരുന്നത്​. വീട്ടുകാരുമായി ഫോണിൽ സംസാരിച്ച ചന്ദ്രൻ നാട്ടിലേക്ക്​ തിരിച്ചുപോകാനുള്ള സന്നദ്ധതയും അറിയിച്ചു. പിതാവിനെ കണ്ടെത്തിയതിൽ ഏറെ സന്തോഷത്തിലാണ്​ മകൾ അഞ്ജുവും മറ്റ്​ കുടുംബാംഗങ്ങളും.

2009 ആഗസ്റ്റ്​ 18നാണ്​ ചന്ദ്രൻ ബഹ്​റൈനിൽ എത്തിയത്​. 2011ൽ വിസയുടെ കാലാവധി തീർന്നു. പിന്നീട്​ വിസ പുതുക്കിയിട്ടില്ല. ഇതിനിടെ പാസ്​പോർട്ടി​ന്റെ കാലാവധിയും അവസാനിച്ചു. ചെറിയ ജോലികൾ ചെയ്ത്​ ജീവിച്ച ഇദ്ദേഹം പിന്നീട്​ നാട്ടിലേക്ക്​ തിരിച്ചുപോയില്ല.

ഇതിനിടെയാണ്​, കഴിഞ്ഞ ദിവസം അച്​ഛനെത്തേടി മകൾ അഞ്ജു ഫേസ്​ബുക്കിൽ കുറിപ്പിട്ടത്​. അഞ്ജുവിന്​ ആറ്​ വയസുള്ളപ്പോഴാണ്​ ചന്ദ്രൻ ബഹ്​റൈനിലേക്ക്​ വന്നത്​. ഏറെക്കാലം വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന്​ കണ്ടെത്താൻ വീട്ടുകാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

​വീട്ടിൽ അമ്മക്ക്​ ​ജോലിയൊന്നും ഇ​ല്ലെന്നും തനിക്ക്​ കോളജിൽ ഫീസ്​ അടക്കാൻ കഴിഞ്ഞിട്ടില്ലെന്നും അച്​ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുതരണമെന്നും അഞ്ജു വേദനയോടെ ഫേസ്​ബുക്കിൽ കുറിച്ചത്​ ഏറ്റെടുത്ത പ്രവാസികൾ പലവഴിക്കും ചന്ദ്രനായി അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരുടെ ആത്​മാർഥമായ പരിശ്രമമാണ്​ ഒടുവിൽ ലക്ഷ്യം കണ്ടത്​. നാട്ടിൽ വളരെ പ്രയാസം അനുഭവിച്ചാണ്​ കുടുംബം കഴിയുന്നത്​. ചെറിയൊരു കൂര മാത്രമാണ്​ ഇവർക്ക്​ സ്വന്തമായുള്ളത്​. അഞ്ജുവി​ന്റെ തുടർപഠനം കുടുംബത്തിന്​ മുന്നിൽ ഒരു വെല്ലുവിളിയായുണ്ട്​.

ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ അറിയിച്ചിട്ടുണ്ട്​. രേഖകൾ ശരിയാക്കി ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണെന്ന്​ സുധീർ തിരുനിലത്ത്​ പറഞ്ഞു