വാഹനാപകടക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മർദിച്ചെന്ന് ബന്ധുക്കൾ

കോഴിക്കോട്• വാഹനാപകടക്കേസിൽ വടകര പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവൻ (42) ആണ് മരിച്ചത്. സജീവനെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്റ്റേഷന്‍ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട സജീവനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.‌‌സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്നാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റ‍ഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലിക്കെ സജീവൻ കുഴഞ്ഞുവീണു. പുലർച്ചെ 2.30ന് സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ ആംബുലൻസ് വിളിച്ച് വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു.ഏറെ നേരമായി പൊലീസ് സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടന്ന സജീവനെ പൊലീസുകാർ തിരിഞ്ഞുനോക്കിയില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ ആരോപിച്ചു. എന്നാൽ, കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിലിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അതുകേൾക്കാതെ പൊലീസ് മർദിച്ചെന്നുമാണു ബന്ധുക്കളുടെ ആരോപണം. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.