തിരുവനന്തപുരം : കേരളത്തിലെ ക്ലാസിക്കൽ കലകൾ, നാടൻകലകൾ, ഗിരിവർഗ കലാരൂപങ്ങൾ എന്നിവയുടെ അവതരണത്തിനും വളർച്ചയ്ക്കുമായി സ്ഥാപിച്ച രംഗകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആട്ടവിളക്ക് തെളിച്ച് നിർവഹിച്ചു. പൊതുമേഖലയിൽ ആദ്യമായി നിർമിച്ചതാണ് വർക്കല രംഗകലാകേന്ദ്രം (സെന്റർ ഫോർ പെർഫോമിങ് ആർട്‌സ്).
നമ്മുടെ സംസ്കാരത്തെയും രാജ്യത്തെയും ഏകധാരയിലേക്ക് ചുരുക്കാൻ പ്രതിലോമശക്തികൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഘട്ടത്തിൽ സാംസ്കാരിക കേരളത്തിന് ഏറ്റെടുക്കാനുള്ള ചുമതല വളരെ വലുതാണ്. നമ്മുടെ സംസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ബഹുമുഖമായ ഇടപെടലാണ്. ഇന്ത്യക്കാർക്കൊപ്പം വിദേശവിനോദസഞ്ചാരികൾക്കും നമ്മുടെ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന ഇടമായി ഈ സ്ഥാപനം പ്രവർത്തിക്കണം. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏകരൂപമായ കലാമാതൃകകൾ ജനങ്ങളിലേക്ക് കൂടുതലായി എത്തുന്നു. അതോടെ പ്രാദേശിക കലാരൂപങ്ങൾ പിന്തള്ളപ്പെട്ടുപോകുന്നുവെന്ന വെല്ലുവിളിയുണ്ട്. എന്നാൽ ഒരു പ്രദേശത്തും ഒരു ജനവിഭാഗത്തിനിടയിലും മാത്രമായി ഒതുങ്ങിനിൽക്കുന്ന കലാരൂപങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിലെത്തിക്കാൻ സാങ്കേതികവിദ്യാവികാസം അവസരമൊരുക്കുന്നുണ്ട്. കേരള സാമൂഹിക സാംസ്കാരിക ചരിത്രത്തിലും ടൂറിസം മേഖലയിലും സുപ്രധാന സ്ഥാനമുള്ള വർക്കലയിൽ രംഗകലാകേന്ദ്രം ആരംഭിച്ചത് തീർത്തും ഉചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.ജോയി എം.എൽ.എ. അധ്യക്ഷനായി. രംഗകലാകേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, അടൂർ പ്രകാശ് എം.പി., ശിവഗിരി
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, രംഗകലാകേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടർ വി.രാമചന്ദ്രൻപോറ്റി തുടങ്ങിയവർ
സംസാരിച്ചു. കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണ, ഡോ. രാജശ്രീ വാര്യർ, ആർക്കിടെക്ട് സുധീർ, ചുമർചിത്രകാരൻ സുരേഷ് മുതുകുളം എന്നിവരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. തുർന്ന് ടി.എം.കൃഷ്ണയുടെ സംഗീതക്കച്ചേരി, ഡോ. രാജശ്രീവാര്യരുടെ നൃത്തം എന്നിവയും അരങ്ങേറി.