കൊല്ലം: സഹപാഠികൾ നോക്കിനിൽക്കേ നടുറോഡിൽ വിദ്യാർത്ഥിനി കൈത്തണ്ട മുറിച്ചു. സുഹൃത്തുമായുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം.കഴിഞ്ഞദിവസം വൈകീട്ട് നാലോടെ ശാസ്താംകോട്ട ജങ്ഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. കോളേജ് വിട്ട് വിദ്യാർത്ഥിനി വരുന്നതിനിടെ ബൈക്കിൽ കോളേജ് റോഡിൽ എത്തിയ സുഹൃത്തായ യുവാവുമായി വാക്കേറ്റമായി. യുവാവ് പെൺകുട്ടിയെ തല്ലി.തുടർന്ന് ജങ്ഷനിൽ എത്തിയപ്പോൾ വീണ്ടും തർക്കമായി. പെൺകുട്ടിയുടെ സഹപാഠികളിലൊരാളുമായി സുഹൃത്തിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു തർക്കം. ഇതിനിടെ പെൺകുട്ടി കൈയിൽ കരുതിയിരുന്ന ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിച്ചു. ചോരയൊഴുകുന്നതുകണ്ട് സഹപാഠികളും സുഹൃത്തും അങ്കലാപ്പിലായി.
സഹപാഠിയുടെ ഷാളെടുത്ത് മുറിവിൽ കെട്ടി. തുടർന്ന് യുവാവ് പെൺകുട്ടിയെയുംകൂട്ടി ആശുപത്രിഭാഗത്തേക്ക് പോയി. കൈത്തണ്ട മുറിച്ചവിവരം ഇരുവരും പോയശേഷമാണ് സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും അറിയുന്നത്. ഇവർ പോലീസിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്ന് ആരോപണം .