തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോളേജ് വിദ്യാഭ്യാസ കാലത്തു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. പത്മശ്രീ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.നൂറ്റാണ്ട് തികഞ്ഞ കർമനിരത ജീവിതത്തിനാണ് അവസാനമായത്. 1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.ഗാന്ധിയൻ സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട് അദ്ദേഹം. പഞ്ചാബില്‍ സിഖ് – ഹിന്ദു സംഘര്‍ഷ സമയത്ത് ശാന്തി സന്ദേശവുമായി സന്ദർശിച്ചിരുന്നു. 1951ൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ രൂപം കൊണ്ട ഗാന്ധി സ്മാരക നിധിയിൽ സ്ഥാപക അംഗമായി. പിന്നീട് ഗാന്ധി സ്മാരക നിധിയുടെ അധ്യക്ഷ സ്ഥാനത്തത്തെി.ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബ ഭാവെയുടെ പദയാത്രയിൽ പങ്കെടുത്തിരുന്നു. ബംഗ്ളാദേശ് കലാപ കാലത്ത് ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാർഥികളുടെ ക്യാമ്പുകളിലെത്തി സന്നദ്ധ പ്രവർത്തനം നടത്തി. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ പ്രസിഡന്റായി പ്രവർത്തിച്ചു. അവസാന കാലത്തും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. മാറാട് കലാപ കാലത്ത് പ്രദേശത്ത് സമാധാന ശ്രമങ്ങൾക്ക് മുൻകൈ എടുത്തിരുന്നു. സമാധാന ദൂതൻ ആയ ഗാന്ധിയനായിരുന്നു ജീവിതാവസാനം വരെയും അദ്ദേഹം.